Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വനിതാ റിസപ്ഷനിസ്റ്റിനെ മര്‍ദനത്തില്‍നിന്ന് രക്ഷിച്ചത് ഇന്ത്യന്‍ യുവാവ്

ജിസാന്‍ - സ്വബ്‌യയിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റായ സൗദി വനിതയെ യുവാവിന്റെ മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഇന്ത്യന്‍ യുവാവ്. ഇതേ ഹോട്ടല്‍ കമ്പനിക്കു കീഴില്‍ മറ്റൊരു ശാഖയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ യുവാവ് ഫൈസല്‍ ഖമറുദ്ദീനാണ് യുവതിയെ  രക്ഷപ്പെടുത്തിയത്. ഹോട്ടല്‍ ജനറല്‍ മാനേജര്‍ വിദേശ യാത്രയിലായതിനാല്‍ കമ്പനിക്കു കീഴിലെ ഹോട്ടല്‍ ശാഖകളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സ്വബ്‌യയില്‍ വനിതാ റിസപ്ഷനിസ്റ്റ് മര്‍ദനത്തിരയായ ഹോട്ടലിലും താന്‍ എത്തിയതെന്ന് മുപ്പതുകാരനായ ഫൈസല്‍ ഖമറുദ്ദീന്‍ പറഞ്ഞു.
മറ്റൊരു ശാഖയിലാണ് താന്‍ ജോലി ചെയ്യുന്നത്. ശുചീകരണ നിലവാരവും ഹോട്ടലിന്റെ പ്രവര്‍ത്തനം ഭംഗിയായും വ്യവസ്ഥാപിതമായും നടക്കുന്നുണ്ടെന്നും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനാണ് ഹോട്ടല്‍ ഡെപ്യൂട്ടി മാനേജറായ താന്‍ ഈ ഹോട്ടലില്‍ എത്തിയത്. ഹോട്ടലില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ വഴിയാണ് ലോബിയില്‍ വനിതാ റിസപ്ഷനിസ്റ്റിനെ ഉപയോക്താവായ യുവാവ് ആക്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. യുവാവ് ശക്തിയായി ആഞ്ഞടിക്കുന്നത് കണ്ട് ജീവനക്കാരിയെ രക്ഷിക്കുന്നതിന് താന്‍ ഓടിയെത്തുകയായിരുന്നു. യുവാവിനെ തിരിച്ചടിക്കാന്‍ തുടക്കത്തില്‍ തോന്നിയെങ്കിലും സംയമനം പാലിക്കുകയായിരുന്നെന്നും ഫൈസല്‍ ഖമറുദ്ദീന്‍ പറഞ്ഞു.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയുടെയും യുവതിയുടെയും മൊഴികള്‍ സുരക്ഷാ വകുപ്പുകള്‍ രേഖപ്പെടുത്തി. ഹോട്ടലിലെ നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങളുടെ കോപ്പി സുരക്ഷാ വകുപ്പുകള്‍ ശേഖരിച്ചിട്ടുണ്ട്. വിവാഹിതയും ഒരു കുഞ്ഞിന്റെ മാതാവുമായ ജീവനക്കാരിയെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും മേലധികാരികള്‍ക്കും വളരെ നല്ല അഭിപ്രായമാണ്.
സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് ജിസാന്‍ ആക്ടിംഗ് ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥരും ടൂറിസം, ദേശീയ പൈതൃക വകുപ്പ് അധികൃതരും മര്‍ദനത്തിരയായ സൗദി യുവതിയുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ അന്വേഷിച്ചറിയുകയും നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിലെ തുടര്‍ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിരീക്ഷിച്ചുവരികയാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടന പറഞ്ഞു. അനുയോജ്യവും സുരക്ഷിതവുമായ തൊഴില്‍ സാഹചര്യം ഒരുക്കിയും മികച്ച പരിശീലനം നല്‍കിയും മാത്രമേ സ്ത്രീപുരുഷന്മാരുടെ മാനം സംരക്ഷിക്കുന്നതിന് സാധിക്കുകയുള്ളൂവെന്ന് ജിസാന്‍ പ്രവിശ്യ ദേശീയ മനുഷ്യാവകാശ സംഘടനാ ശാഖാ സൂപ്പര്‍വൈസര്‍ ജനറല്‍ അഹ്മദ് അല്‍ബഹ്‌ലകി പറഞ്ഞു.
ഹോട്ടലിലെ മസാജ് സെന്ററിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷിച്ചാണ് യുവാവ് റിസപ്ഷനില്‍ എത്തിയത്. മസാജ് സെന്റര്‍ അടഞ്ഞുകിടക്കുകയാണെന്ന് റിസപ്ഷനിസ്റ്റ് മറുപടി പറഞ്ഞു. ഇത് തൃപ്തികരമാകാതിരുന്ന യുവാവ് ചോദ്യം ആവര്‍ത്തിക്കുകയും റിസപ്ഷനിസ്റ്റ് അതേ മറുപടി ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടെ യുവാവ് ജീവനക്കാരിയെ അസഭ്യം പറയുകയും യുവതി കാപ്പി കപ്പ് യുവാവിനു മേല്‍ ഒഴിക്കുകയുമായിരുന്നു. ഇതോടെയാണ് റിസപ്ഷന്‍ കൗണ്ടറിനകത്തു കയറി യുവാവ് റിസപ്ഷ്‌നിസ്റ്റിനെ മര്‍ദിച്ചത്. മറ്റുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ഇത്.

 

Latest News