സൈന്യത്തേയും ജുഡീഷ്യറിയേയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല-ജസ്റ്റിസ് ദീപക് ഗുപ്ത

അഹമ്മദാബാദ്- ഭരിക്കുന്നത് ഏതു സര്‍ക്കാരായാലും ഇന്ത്യന്‍ പൗരന്‍മാരെന്ന നിലയില്‍ തങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും അതിനെ രാജ്യദ്രോഹമായി കാണാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത.
ന്യൂനപക്ഷത്തിനും അവരുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ഭൂരിപക്ഷവാദം നിയമമാക്കാന്‍ പറ്റില്ല.  ആവിഷ്‌കാരസ്വാതന്ത്ര്യവും രാജ്യദ്രോഹവും എന്ന വിഷയത്തില്‍ അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എക്‌സിക്യൂട്ടീവിനും ജുഡീഷ്യറിക്കും ബ്യൂറോക്രസിക്കും സായുധസേനയ്ക്കുമെതിരായ വിമര്‍ശനങ്ങള്‍ ഒരിക്കലും രാജ്യദ്രോഹമായി കാണാന്‍ സാധിക്കില്ല. ഇത്തരം സ്ഥാപനങ്ങളെ വിമര്‍ശിക്കുമ്പോള്‍  അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ജനാധിപത്യരാജ്യത്തിനു പകരം പോലീസ് രാജായി മാറും.

ഭരണഘടനയില്‍ അധികം പറഞ്ഞിട്ടില്ലാത്ത ഒരു അവകാശം കൂടിയുണ്ട്. അത് വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. ജുഡീഷ്യറിയും വിമര്‍ശനത്തിന് അതീതമല്ലെന്നും താന്‍ സുപ്രീം കോടതി ജഡ്ജിയെന്ന നിലയിലല്ല ഈ അഭിപ്രായങ്ങള്‍ പറയുന്നതെന്നും അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ സമൂഹത്തിനും അവരുടേതായ നിയമങ്ങളുണ്ട്. ജനം കാലപ്പഴക്കമുള്ള നിയമങ്ങളിലും സമ്പ്രദായങ്ങളിലും കടിച്ചുതൂങ്ങുമ്പോള്‍ സമൂഹം ക്ഷയിക്കുകയാണ്. അത് പിന്നെ വികസിക്കുന്നില്ല. എല്ലാവരും നടക്കുന്ന വഴിയാണ് നാം പിന്തുടരുന്നതെങ്കില്‍ പുതിയ പാതകള്‍ ഒരിക്കലും സൃഷ്ടിക്കപ്പെടില്ല. മനസ്സിന്റെ വാതായനങ്ങള്‍ വികസിക്കുകയുമില്ല. പുതിയ ചിന്തകളും മതാചാരങ്ങളുമെല്ലാം വികസിക്കുന്നത് പഴയതിനെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ്. എന്തു കൊണ്ട് പുതിയതൊന്നും ഉണ്ടാവുന്നില്ല എന്ന് എല്ലായ്‌പ്പോഴും ചോദിച്ചുകൊണ്ടിരിക്കണം. അപ്പോഴേ സമൂഹം വികസിക്കൂവെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

 

 

Latest News