Sorry, you need to enable JavaScript to visit this website.

ബാങ്കുവിളി പെന്‍ഡ്രൈവിൽ; ബിഹാറില്‍ ഹിന്ദു വിശ്വാസികൾ മുസ്ലിം പള്ളി സംരക്ഷിക്കുന്നത് ഇങ്ങനെ

പട്‌ന- വിദ്വേഷ പ്രചാരണവും മതത്തിന്റെ പേരിലുള്ള സംഘര്‍ഷളും നിറഞ്ഞ സമീപകാല വാര്‍ത്തകള്‍ക്കിടെ ആശ്വാസത്തിന്റെ, മത സാഹോദര്യത്തിന്റെ വേറിട്ട കാഴ്ചയായി ബിഹാറില്‍ ഒരു മുസ്ലിം പള്ളിയും അതു പരിപാലിക്കുന്ന ഗ്രാമീണരായ ഹിന്ദു വിശ്വാസികളും. നളന്ദ ജില്ലയിലെ മാധി ഗ്രാമത്തിലാണ് ഈ പള്ളി. ഇവിടെ മുസ്ലിംകളായി ആരുമില്ല. എന്നാല്‍ രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഇവിടുത്തെ മുസ്ലിം പള്ളി നാട്ടുകാരായ അമുസ്ലിംകള്‍ കൃത്യമായി പരിപാലിച്ചു പോരുന്നു. 'ഞങ്ങൾക്ക് ബാങ്കു വിളിക്കാന്‍ അറിയില്ല. ഒരു പെന്‍ഡ്രൈവ് ഉപയോഗിച്ച് ബാങ്ക് പ്ലേ ചെയ്യും. ദിവസവും അഞ്ചു നേരവും ഈ പതിവ് മുടക്കാറില്ല,' ഗ്രാമ അധ്യക്ഷനായ ഹന്‍സ് കുമാര്‍ പറയുന്നു.

ഈ ഗ്രാമത്തില്‍ ഏറെ മുസ്ലിംകളുണ്ടായിരുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നു. എന്നാല്‍ പതിയെ എല്ലാവരും മറ്റിടങ്ങളിലേക്ക് കുടിയേറി പോകുകയായിരുന്നു. ഒടുവില്‍ പള്ളി നോക്കാന്‍ ആരുമില്ലാതായി. അങ്ങനെയാണ് ഹിന്ദുവിശ്വാസികള്‍ ഈ ദൗത്യം ഏറ്റെടുത്തത്, പള്ളി പരിപാലിക്കുന്ന ഗൗതം പറയുന്നു. ഈ പള്ളി ആരു നിര്‍മ്മിച്ചതാണെന്നോ എന്നാണ് പണികഴിച്ചതെന്നോ ഞങ്ങള്‍ക്കറിയില്ലെങ്കിലും ഹിന്ദു വിശ്വാസികള്‍ ഇവിടെ പതിവായി സന്ദര്‍ശനം നടത്താറുണ്ട്- ഗൗതം പറഞ്ഞു. പള്ളി വൃത്തിയാക്കുകയും എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും പ്രാര്‍ത്ഥനയും നടത്തുകയും ചെയ്യും. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ആളുകള്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നത് പതിവാണ്- ഗ്രാമത്തിലെ പൂജാരിയായ ജന്‍കി പണ്ഡിറ്റ് പറയുന്നു.
 

Latest News