അടുത്ത വമ്പന്‍ ചന്ദ്ര പര്യവേക്ഷണത്തിന് ഇന്ത്യ ജപാനുമായി കൈകോര്‍ക്കുന്നു

ബംഗളുരു- ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഇതിലും വലിയ അടുത്ത ചന്ദ്ര ദൗത്യത്തിനുള്ള അണിയറ നീക്കങ്ങള്‍ സജീവം. ചന്ദ്രനിലിറങ്ങി ധ്രുവത്തില്‍ നിന്ന് സാംപിളും ശേഖരിച്ച് ഭൂമിയില്‍ തിരിച്ചെത്തിക്കുന്ന വലിയ പദ്ധതിക്കായി ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒ (ഇസ്‌റോ)യും ജപാന്റെ ജപാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയും (ജക്‌സ) കൈകോര്‍ക്കാന്‍ ഒരുങ്ങുന്നതായാണ് റിപോര്‍ട്ട്. ഇരു ഏജന്‍സികളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞര്‍ ഈ വന്‍ സംയുക്ത ബഹിരാകാശ പദ്ധതിയുടെ സാധ്യതകള്‍ പഠിച്ചു വരികയാണെന്ന് ഇസ്‌റോ അറിയിച്ചു.

2008ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അനുമതി നല്‍കിയ ചന്ദ്രയാന്‍-2 പദ്ധതി നേരത്തെ റഷ്യയുടെ റോസ്‌കോമോസ് ബഹിരാകാശ ഏജന്‍സിയുമായി ചേര്‍ന്ന് നടപ്പിലാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇതു നടന്നില്ല. 2012ലാണ് ചന്ദ്രയാന്‍-2 ദൗത്യം ഇസ്‌റോ ഒറ്റയ്ക്ക് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഏറെ മുന്നേറ്റം നടത്തിയ ജപാന്റെ ജക്‌സയുടെ ബഹിരാകാശ പേടകമായ ഹയാബുസ-2 ഇക്കഴിഞ്ഞ ജൂലൈയില്‍ ഒരു ഛിന്നഗ്രഹത്തില്‍ ദുര്‍ഘടം പിടിച്ച സാഹചര്യങ്ങളെ അതിജീവിച്ച് സുരക്ഷിതമായി ലാന്‍ഡ് ചെയ്തിരുന്നു. ഇത് ജപാന്റെ സാങ്കേതിക വിദ്യാ മികവ് തെളിയിക്കുന്നതായിരുന്നു. ചര്‍ച്ചകള്‍ വിജയം കണ്ടാല്‍ ഇസ്‌റോ-ജക്‌സാ സംയുക്ത ദൗത്യം 2024ല്‍ നടപ്പിലാക്കിയേക്കും.
 

Latest News