Sorry, you need to enable JavaScript to visit this website.

പണിയെടുക്കാന്‍ നിര്‍മിത ബുദ്ധിയുണ്ട്; സൊമാറ്റോ 541 ജീവനക്കാരെ പിരിച്ചു വിട്ടു

ന്യൂദല്‍ഹി- ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ 541 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ മൊത്തം ജീവനക്കാരുടെ 10 ശതമാനം വരുമിത്. കസ്റ്റമര്‍ സര്‍വീസ്, മെര്‍ചന്റ്, ഡെലിവറി പാര്‍ട്ണര്‍ വിഭാഗങ്ങളിലായി ജോലി ചെയ്തിരുന്നവരാണ് പിരിച്ചുവിടപ്പെട്ടത്. സൊമാറ്റോയുടെ നവീന സാങ്കേതിക വിദ്യാ മെച്ചപ്പെട്ട പ്രകടനം നടത്തിയതാണ് ജോലി നഷ്ടമായ ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും വിനയായത്. നിര്‍മിത ബുദ്ധി (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട്‌സുകള്‍ ഉപഭോക്താക്കളുടെ അന്വേഷണങ്ങളും ആവശ്യങ്ങളും പരിഹരിക്കുന്നതില്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് കമ്പനി അറിയിച്ചു. ഓട്ടോമേഷന്‍ സംവിധാനം ഈ ജോലികളൊക്കെ ഏറ്റെടുത്തതോടെ ജീവനക്കാരെ കമ്പനിക്ക് ആവശ്യമില്ലാതെ വരികയായിരുന്നു.

ഈ ഒരു മാറ്റം സാധ്യമാക്കാന്‍ വേദനിപ്പിക്കുന്ന തീരുമാനമാണ് എടുത്തത്. ജോലി നഷ്ടമായ ജീവനക്കാര്‍ക്ക് ആശ്വാസമായി രണ്ടു മാസത്തെ ശമ്പളം നഷ്ടപരിഹാരമായും 2020 ജനുവരെ കുടുംബ ആരോഗ്യ ഇന്‍ഷൂറന്‍സും ജോലി കണ്ടെത്താനുള്ള സഹായവും നല്‍കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. വലിയ വിലക്കുറവില്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന ഗോള്‍ഡ് ഓഫറുമായി ബന്ധപ്പെട്ട് നാഷണല്‍ റെസ്ട്രന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി കൊമ്പു കോര്‍ക്കുന്ന സൊമാറ്റോ ഏതാനും മാസത്തിനിടെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തനം ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്.
 

Latest News