Sorry, you need to enable JavaScript to visit this website.

ഖത്തരികളുടെ കീഴിലെ തൊഴിലാളികളുടെ വിസ പുതുക്കുന്നുണ്ട്; ഖത്തർ പറയുന്നത് കള്ളം-സൗദി

റിയാദ് -ഖത്തർ എക്കാലവും കള്ളം പ്രചരിപ്പിക്കുകയാണെന്ന് സൗദി അറേബ്യ പ്രസ്താവനയിൽ പറഞ്ഞു. ഖത്തരികൾക്കു കീഴിൽ സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ഇഖാമകൾ പുതുക്കി നൽകുന്നില്ലെന്നും ഇതിന്റെ ഫലമായി വിദേശ തൊഴിലാളികൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുകയുമാണെന്നുമുള്ള വാദം ശരിയല്ല. ഇഖാമ കാലാവധി അവസാനിച്ചതിന്റെ പേരിൽ ഖത്തരികൾക്കു കീഴിലുള്ള വിദേശ തൊഴിലാളികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടില്ല. 
ബഹിഷ്‌കരണ തീരുമാനം കൈക്കൊണ്ട ശേഷവും ഖത്തരികൾക്കു കീഴിൽ ജോലി ചെയ്യുന്നതിന് വിദേശികൾക്ക് പുതിയ ഇഖാമകൾ അനുവദിച്ചിട്ടുണ്ട്. 2019 മാർച്ച് അഞ്ചിലെ കണക്കുകൾ പ്രകാരം ഖത്തരി തൊഴിലുടമകൾക്കു കീഴിൽ 191 വിദേശ തൊഴിലാളികളാണ് സൗദിയിലുള്ളത്. ഇക്കൂട്ടത്തിൽ 171 പേർ  സൗദി അറേബ്യക്കകത്താണ്. ഇതിൽ 47 പേർ ഇന്ത്യക്കാരാണ്. ഇന്ത്യക്കാരിൽ 39 പേരുടെ ഇഖാമക്ക് കാലാവധിയുണ്ട്. എട്ടു പേരുടെ ഇഖാമ കാലാവധി അവസാനിച്ചു. ഖത്തരി തൊഴിലുടമകൾക്കു കീഴിൽ സൗദിയിൽ 45 സുഡാനി തൊഴിലാളികളുണ്ട്. ഇക്കൂട്ടത്തിൽ 34 പേരുടെ ഇഖാമ കാലാവധിയുള്ളതും 11 പേരുടെ ഇഖാമ കാലാവധി അവസാനിച്ചതുമാണ്. 39 പാക്കിസ്ഥാനികളിൽ 32 പേരുടെ ഇഖാമ കാലാവധിയുള്ളതും ഏഴു പേരുടെ ഇഖാമ കാലാവധി അവസാനിച്ചതുമാണ്. പതിനൊന്നു ഈജിപ്തുകാർ സൗദിയിൽ ഖത്തരികൾക്കു കീഴിൽ ജോലി ചെയ്യുന്നു. ഇതിൽ പത്തു പേരുടെ ഇഖാമക്ക് കാലാവധിയുണ്ട്. ഒരാളുടെ ഇഖാമ കാലാവധി അവസാനിച്ചു. എട്ടു ബംഗ്ലാദേശുകാരിൽ ഏഴു പേരുടെ ഇഖാമ കാലാവധിയുള്ളതും ഒരാളുടെ ഇഖാമ കാലാവധി അവസാനിച്ചതുമാണ്. ഏഴു യെമനികളിൽ ആറു പേരുടെ ഇഖാമക്ക് കാലാവധിയുണ്ട്. ഒരാളുടെ ഇഖാമ കാലാവധി അവസാനിച്ചിരിക്കുന്നു. 
മൗറിത്താനിയയിൽ നിന്നുള്ള നാലു പേരിൽ രണ്ടു പേരുടെ ഇഖാമക്ക് കാലാവധിയുണ്ട്. രണ്ടു പേരുടെ ഇഖാമ കാലാവധി തീർന്നിരിക്കുന്നു. എത്യോപ്യയിൽ നിന്നുള്ള മൂന്നു പേരുടെയും ഇഖാമക്ക് കാലാവധിയുണ്ട്. നേപ്പാളിൽ നിന്നുള്ള രണ്ടു തൊഴിലാളികളുടെ ഇഖാമകൾക്ക് കാലാവധിയുണ്ട്. ഒരാളുടെ ഇഖാമ കാലാവധി അവസാനിച്ചിരിക്കുന്നു. ഫിലിപ്പൈൻസിൽ നിന്നുള്ള രണ്ടു പേരും എരിത്രിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഖത്തരികൾക്കു കീഴിൽ സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ഇഖാമകൾക്ക് കാലാവധിയുണ്ട്. 
മാർച്ച് അഞ്ചിലെ കണക്കുകൾ പ്രകാരം സൗദിയിൽ ഖത്തരികൾക്കു കീഴിൽ ജോലി ചെയ്യുന്ന വിദേശികളിൽ ഇരുപതു പേർ വിദേശങ്ങളിലാണ്. ഇക്കൂട്ടത്തിൽ ആറു ഇന്ത്യക്കാരുടെയും അഞ്ചു പാക്കിസ്ഥാനികളുടെയും രണ്ടു സുഡാനികളുടെയും രണ്ടു യെമനികളുടെയും ജോർദാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വനിതാ തൊഴിലാളികളുടെയും നേപ്പാളിയുടെയും ഇഖാമകൾക്ക് കാലാവധിയുണ്ട്. ഖത്തറിൽ നിന്ന് വന്ന രണ്ടു വിദേശ വനിതകളുടെ ഇഖാമ കാലാവധി അവസാനിച്ചിട്ടുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി.
 

Latest News