ഉപാധികൾ ഖത്തർ അംഗീകരിച്ചാൽ ഗൾഫ് പ്രതിസന്ധി തീരും- സൗദി 

ഖത്തർ ഇപ്പോഴും ഗൂഢാലോചന തുടരുന്നു 

റിയാദ് - തങ്ങൾക്കെതിരെ ഖത്തർ ഇപ്പോഴും ഗൂഢാലോചനകൾ തുടരുകയാണെന്ന് സൗദി അറേബ്യ പറഞ്ഞു. ഖത്തറിന്റെ ഗൂഢാലോചനകളും ശത്രുതാപരമായ പ്രവർത്തനങ്ങളും കരാർ ലംഘനങ്ങളും ഖത്തർ ജനതയുടെ താൽപര്യം മുൻനിർത്തി ദീർഘകാലം സൗദി അറേബ്യ ക്ഷമിച്ചു. സൗദി സഹോദരങ്ങളുടെ ഭാഗമാണ് ഖത്തർ ജനത. ഖത്തരികൾക്കുള്ള പിന്തുണ സൗദി അറേബ്യ തുടരും. സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കുകയും ഭീകരതക്കുള്ള പിന്തുണയും തീവ്രവാദികൾക്ക് അഭയം നൽകുന്നതും അവസാനിപ്പിക്കുകയും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ നടത്തുന്ന ഇടപെടലുകൾ നിർത്തിവെക്കുകയും ചെയ്യാതെ ഖത്തർ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ല. കുവൈത്തിന്റെ മധ്യസ്ഥതയിലും ഗൾഫ് സഹകരണ കൗൺസിൽ സംവിധാനത്തിലൂടെയുമല്ലാതെ ഖത്തർ പ്രതിസന്ധി ഒരിക്കലും പരിഹരിക്കപ്പെടില്ല.
ഗൾഫ് പ്രതിസന്ധി ഉടലെടുത്തതു മുതൽ ഗൾഫ് സഹകരണ കൗൺസിലിന്റെ ഭദ്രത കാത്തുസൂക്ഷിക്കാൻ സൗദി അറേബ്യ ശ്രമിച്ചിട്ടുണ്ട്. ഖത്തർ പ്രശ്‌നവുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ തീരുമാനങ്ങൾ ജി.സി.സിയിലെ ഖത്തർ പ്രതിനിധികളെ ബാധിച്ചിട്ടില്ല. ഗൾഫ് സഹകരണ കൗൺസിൽ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. ഗൾഫ് സഹകരണ കൗൺസിലിൽ ജോലി ചെയ്യുന്ന ഖത്തരികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എളുപ്പമാക്കുന്നതിനും നടപടികളെടുത്തിട്ടുണ്ട്. 
ഗൾഫ് സഹകരണ കൗൺസിൽ ജനറൽ സെക്രട്ടറിയേറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നതിന് ഖത്തർ സംഘങ്ങൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുത്തു. ഖത്തർ പ്രതിനിധികളുടെ വിമാനങ്ങൾക്ക് സൗദിയിൽ ഇറങ്ങുന്നതിന് ലൈസൻസുകൾ അനുവദിച്ചു. കഴിഞ്ഞ കൊല്ലം (ഹിജ്‌റ 1440) ആദ്യത്തെ ആറു മാസത്തിനിടെ ജി.സി.സി ജനറൽ സെക്രട്ടറിേയറ്റിന്റെ 50 ലേറെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് 150 ലേറെ ഖത്തർ പ്രതിനിധികൾക്ക് അനുമതി നൽകി. കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിന് റിയാദിൽ ചേർന്ന മുപ്പത്തിയൊമ്പതാമത് ഗൾഫ് ഉച്ചകോടിയിൽ എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള സംഘങ്ങൾ പങ്കെടുത്തു. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ അൽമരീഖിയാണ് ഉച്ചകോടിയിൽ ഖത്തറിനെ പ്രതിനിധീകരിച്ചത്. 
ഗൾഫ് രാജ്യങ്ങൾ ഒപ്പുവെച്ച സാമ്പത്തിക കരാർ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ഉച്ചകോടി ഗൾഫ് സംയുക്ത സേനാ ഏകീകൃത കമാണ്ടന്റ് ആസ്ഥാനം വേഗത്തിൽ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. വിഭാഗീയത പ്രചരിപ്പിക്കുന്ന മാധ്യമ കാമ്പയിനുകൾ നിർത്തിവെക്കണമെന്ന് ഉച്ചകോടിയിൽ കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് ആവശ്യപ്പെട്ടതായും സൗദി അറേബ്യ പറഞ്ഞു. 

Latest News