ന്യൂദല്‍ഹി- മധ്യപ്രദേശില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളിലെ നേതാക്കള്‍ തമ്മിലുള്ള പോര് മുറുകിയതോടെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ഇടപെട്ടു. അച്ചടക്കം ലംഘിക്കുകയോ അനാവശ്യ പ്രസ്താവനകള്‍ നടത്തുകയോ ചെയ്യുന്ന നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സോണിയ മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രി കമല്‍ നാഥുമായും സോണിയ കൂടിക്കാഴ്ച നടത്തും. എത്ര ഉയര്‍ന്ന നേതാവായാലും അച്ചടക്ക ലംഘനം നടത്തിയാല്‍ ശിക്ഷിക്കണമെന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ദിഗ്‌വിജയ സിങിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി മന്ത്രി ഉമാങ് സിന്‍ഘാര്‍ രംഗത്തു വന്നിരുന്നുന്നു. ഇതോടെയാണ് വാക്‌പോര് ശക്തമായതിനു പിന്നാലെയാണ് വിഷയത്തില്‍ സോണിയ ഇടപെട്ടത്.
മധ്യപ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദീപക് ബാബാരിയയില്‍ നിന്നും സോണിയ റിപോര്‍ട്ട് തേടിയിരുന്നു. സിന്‍ഘാറിന്റെ രൂക്ഷപ്രതികരണം അനാവശ്യമായിരുന്നെന്നാണ് ബാബരിയയുടെ റിപോര്‍ട്ടില്‍ പറയുന്നത്. വെള്ളിയാഴ്ച സോണിയ കണ്ട ശേഷം ബാബരിയ അച്ചടക്ക ലംഘനം നടത്തുന്ന നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.
ഹരിയാനയിലെ കോണ്‍ഗ്രസിനെ പുതിയ നേതൃത്വത്തിന്റെ കൈകളിലേല്‍പ്പിച്ച സോണിയയുടെ ശ്രദ്ധ ഇപ്പോള്‍ മധ്യപ്രദേശിലാണ്. പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഇവിടെ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍. ഇത് കൈവിട്ട് ഒടുവില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള കമല്‍നാഥ് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് ഉയരാതിരിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം.