പൊട്ടിക്കരഞ്ഞ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍; ചേര്‍ത്തുപിടിച്ച് മോഡി-video

ബംഗളൂരു- ചന്ദ്രയാന്‍ രണ്ട് ദൗത്യം സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി  മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു.
ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്തതിനെ തുടര്‍ന്നുള്ള നിരാശ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്റെ മുഖത്ത് രാത്രി മുതല്‍ തന്നെ പ്രകടമായിരുന്നു. പുലര്‍ച്ചെ ദൗത്യം ലക്ഷ്യം കാണാത്ത വേളയിലും പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ ആശ്വസിപ്പിച്ചിരുന്നു. മറ്റു ശാസ്ത്രജ്ഞരും നിരാശയിലായിരുന്നു.
രാജ്യം മുഴുവനും ഐ.എസ്.ആര്‍.ഒയ്‌ക്കൊപ്പമുണ്ടെന്നും ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നുവെന്നും പറഞ്ഞായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
ഐ.എസ്.ആര്‍.ഒ യുടെ നേട്ടങ്ങളെ രാജ്യം വിലമതിക്കുന്നുണ്ടെന്നും കൂടുതല്‍ കരുത്തരായി മുന്നോട്ട് പോകണമെന്നുമാണ് പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ഉപദേശിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ട ശേഷം  ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ പ്രധാനമന്ത്രിയുടെ അരികിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

 

Latest News