ബംഗളൂരു- രാഷ്ട്രപതിയാകുക എന്ന ലക്ഷ്യം കൈവരിക്കാന്‍ എന്തു ചെയ്യണമെന്ന് ചോദിച്ച വിദ്യാര്‍ഥിയോട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറു ചോദ്യം. എന്തു കൊണ്ട് രാഷ്ട്രപതി? എന്തു കൊണ്ട് പ്രധാനമന്ത്രിയാകുന്നില്ല?
ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗ് കാണാന്‍ ബംഗളൂരുവില്‍ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലെത്തിയ ഒരു സംഘം വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു മോഡി.
എന്റെ ലക്ഷ്യം ഇന്ത്യയുടെ പ്രസിഡന്റാവുകയാണ്. അതിനായി എന്തൊക്കെ നടപടികള്‍ കൈക്കൊള്ളണം- ഇതായിരുന്നു വിദ്യാര്‍ഥിയുടെ ചോദ്യം.
മറുചോദ്യത്തിലൂടെ വിദ്യര്‍ഥിയെ നേരിട്ട പ്രധാനമന്ത്രി ജീവിതത്തില്‍ വലിയ ലക്ഷ്യം മുന്നിലുണ്ടാകണമെന്നും എന്നാല്‍ അവയെ ചെറിയ ഭാഗങ്ങളാക്കി തിരിക്കാമെന്നും വിദ്യാര്‍ഥികളെ ഉണര്‍ത്തി. നഷ്ടപ്പെട്ട കാര്യങ്ങളെ കുറിച്ച് ചിന്തിക്കരുതെന്നും നിരാശരാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം ഐ.എസ്.ആര്‍.ഒ നടത്തിയ ഓണ്‍ലൈന്‍ ക്വിസ് പരിപാടിയിലൂടെ തെരഞ്ഞെടുത്ത 60 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ചാന്ദ്രദൗത്യത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്.
ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങാന്‍ 2.1 കിലോ മീറ്റര്‍ ബാക്കി നില്‍ക്കെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ സ്ഥിരീകരിച്ചു.