കൊച്ചി- തന്റെ പുതിയ സിനിമയുടെ കാസ്റ്റിംഗ് നടക്കുന്നു എന്നും അവസരം തരാമെന്നും പറഞ്ഞ് ദുബായ് നമ്പറിൽനിന്നും പലർക്കായി വാട്സ്ആപ് സന്ദേശങ്ങളും ഫോൺവിളികളും വരുന്നതായി 'പട്ടാഭിരാമൻ' സിനിമയുടെ സംവിധായകൻ കണ്ണൻ താമരക്കുളം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പല സ്ത്രീകൾക്കും ആദ്യം വാട്സ്ആപ് സന്ദേശങ്ങളും പിന്നീട് തന്റെ കൺട്രോളറാണെന്ന് പറഞ്ഞ് ഫോൺവിളിയും ചെല്ലുന്നതായി വിവരം ലഭിച്ചു. ചാണക്യതന്ത്രം-2 എന്ന സിനിമയിലേക്കുള്ള കാസ്റ്റിംഗ് നടക്കുന്നു എന്ന് പറഞ്ഞ് ഫോട്ടോ അയച്ച് കൊടുക്കാനും ഫഌറ്റിൽ വന്ന് കാണാനും ആവശ്യപ്പെട്ടുമാണ് പലരേയും ബന്ധപ്പെട്ടിരിക്കുന്നത്. ഉണ്ണിമുകുന്ദൻ നായകനും എബ്രഹാംമാത്യു നിർമാണവും വഹിക്കുന്നതാണ് പുതിയ ചിത്രം എന്നാണ് ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 'ചാണക്യ തന്ത്രം' റിലീസ് ചെയ്തപ്പോഴും ഇത്തരം സംഭവം ഉണ്ടായതായി അദ്ദേഹം പറഞ്ഞു. തുടർച്ചയായി സിനിമകൾ റിലീസ് ചെയ്യുന്ന സമയങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ശ്രദ്ധേയമാണ്. ഇത് സംബന്ധിച്ച് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കൂടാതെ ദുബായ് പോലീസിൽ പരാതി നൽകാനുള്ള ശ്രമത്തിലാണ്. ഇതേസമയം ഇതുവരെ സംവിധാനം ചെയ്ത ഒരു സിനിമയുടെയും രണ്ടാം ഭാഗം ഇറക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. ഒന്നുകിൽ ഗൾഫിൽ നിന്നും ആരോ അല്ലെങ്കിൽ നാട്ടിലുള്ള ആരോ ഗൾഫ് നമ്പർ എടുത്ത് ഇങ്ങനെ ചെയ്യുന്നതാവാനാണ് സാധ്യത. തനിക്ക് ഒരു ഫോൺ നമ്പറെ ഉള്ളു. മറ്റൊരു നമ്പറിൽ നിന്നും താനാരേയും വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യാറില്ല. മാത്രമല്ല താനിപ്പോൾ ദുബായിലാണ് എന്നാണ് പറയുന്നത്. താൻ ദുബായിലല്ല, കേരളത്തിൽ എറണാകുളത്താണുള്ളത്. തന്റെ ഒഫിഷ്യൽ ഫെയ്സ് ബുക്ക് പേജിലൂടെയും അക്കൗണ്ടിലൂടെയും മാത്രമേ താൻ കാസ്റ്റിംഗ് ഡീറ്റെയിൽസ് ഇടാറുള്ളു. തന്റെ എല്ലാ കാര്യങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കുന്ന ആളാണ് താനെന്നും കണ്ണൻ താമരക്കുളം പറഞ്ഞു.