Sorry, you need to enable JavaScript to visit this website.

കണ്ണൂരിലെ കരാറുകാരന്റെ മരണം: പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂർ- ചെറുപുഴയിലെ കരാറുകാരൻ മുതുപ്പാറക്കുന്നേൽ ജോസഫിന്റെ മരണം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കും. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവമുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ഡിവൈ.എസ്.പി രത്‌നകുമാറിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി. ചെറുപുഴയിലെ കെ.കരുണാകരൻ സ്മാരക ആശുപത്രിയുടെ മുകളിലെ നിലയിലാണ് കഴിഞ്ഞ ദിവസം ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ഈ ആശുപത്രി നിർമാണവുമായി ബന്ധപ്പെട്ട് ജോസഫിന് ഒരു കോടിയിലേറെ രൂപ ലഭിക്കാനുണ്ടായിരുന്നതായി പറയുന്നു. സാമ്പത്തിക വിഷയം സംസാരിക്കാനെന്ന് പറഞ്ഞാണ് ജോസഫ് വീടുവിട്ടിറങ്ങിയത്. ആശുപത്രി കെട്ടിടം നിർമിച്ച വകയിൽ 1.34 കോടി രൂപ ജോസഫിന് നൽകാനുണ്ടായിരുന്നുവെന്നും പണം നൽകാതെ വഞ്ചിച്ചതാണ് മരണത്തിന് കാരണമെന്നുമാണ് ബന്ധുക്കൾ പോലീസിൽ നൽകിയ മൊഴി. 
കണ്ണൂർ, കാസർകോട് ജില്ലകളിലായി നിരവധി സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും മറ്റും നിർമിച്ചയാളാണ് ജോസഫ്. ഇതുവരെ ഇദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ല.
ആശുപത്രി നിർമാണത്തിന്റെ  പണം ലഭിക്കുന്നതിനായി പലതവണ കരുണാകരൻ സ്മാരക ട്രസ്റ്റ് ഭാരവാഹികളായ കുഞ്ഞികൃഷ്ണൻ നായർ, റോഷി ജോസഫ് തുടങ്ങിയ കോൺഗ്രസ് നേതാക്കളെ സമീപിച്ചിരുന്നു. എങ്കിലും പണം നൽകിയില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. 
എന്നാൽ മരണത്തിൽ ട്രസ്റ്റിനോ കോൺഗ്രസ്സിനോ പങ്കില്ലെന്നും വൻകിട പണമിടപാടിലൂടെ ഉണ്ടായ നഷ്ടമാണ് ജോസഫിന്റെ മരണത്തിനു കാരണമെന്ന് കരുണാകരൻ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ആശുപത്രി പണിത വകയിലുള്ള 80 ശതമാനം പണവും നൽകിയിട്ടുണ്ടെന്നും റോഷി ജോസഫ് പറഞ്ഞു.
സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സി.പി.എം, സി.പി.ഐ, ഡി.വൈ.എഫ്.ഐ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്. ചൂരപ്പടവിലെ മുതുപാറക്കുന്നേൽ ദേവസ്യയുടെയും പരേതയായ മറിയാമ്മയുടെയും മകനാണ് ജോസഫ്. ഭാര്യ: മിനി. ഡെവിൻ, മെലീസ, ഡെൻസ് എന്നിവർ മക്കളാണ്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പേസ്റ്റുമോർട്ടത്തിന് ശേഷം ചൂരപ്പടവ് ഹോളി ക്രോസ് പള്ളിയിൽ സംസ്‌കരിച്ചു.

അതിനിടെ, ചെറുപുഴ ചൂരപ്പടവിലെ കരാറുകാരൻ ജോസഫിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. ജോസഫിന്റെ മരണം സംബന്ധിച്ച് ജനങ്ങളുടെ മനസ്സിൽ ഉണ്ടായിട്ടുള്ള സംശയങ്ങളും ആശങ്കകളും ദുരീകരിക്കാൻ സത്യസന്ധമായ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. കുടുംബാംഗങ്ങളുടെയും ബന്ധുക്കളു
ടെയും സഹപ്രവർത്തകരുടെയും പൊതു സമൂഹത്തിന്റെയും മനസ്സിലുണ്ടാക്കിയ കടുത്ത ദുഃഖത്തിന് ഒരു ചെറിയ ആശ്വാസമെങ്കിലും ലഭിക്കാൻ ഇതു സംബന്ധിച്ചുള്ള യഥാർത്ഥ വസ്തുതകൾ പുറത്ത് വരണം.
ചെറുപുഴയിൽ പ്രവർത്തിക്കുന്ന ലീഡർ കെ.കരുണാകരൻ സ്മാരക ട്രസ്റ്റുമായോ മറ്റ് സ്വകാര്യ സംരംഭങ്ങളുമായോ കോൺഗ്രസിന് യാതൊരു ബന്ധവുമില്ല. കോൺഗ്രസ് ഭാരവാഹികൾ ഇതുപോലുള്ള സംരംഭങ്ങളിൽ പങ്കാളികളാകുന്നത് പാർട്ടി ഫോറത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടല്ല. കോൺഗ്രസ് നേതാക്കളും ഭാരവാഹികളും വ്യക്തിഗതമായി ചാരിറ്റബിൾ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ കൂടുതൽ സാമൂഹ്യ പ്രതിബന്ധതയോടെ ജന വിശ്വാസമാർജിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. കരുണാകരൻ സ്മാരക ട്രസ്റ്റിന് കരാറുകാരൻ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് വീഴ്ചകളൊന്നും ഇല്ലെന്നാണ് ഭാരവാഹികൾ തന്നെ വ്യക്തമാക്കിയിട്ടുള്ളത്.
പാർട്ടിയുമായി ബന്ധപ്പെട്ടതല്ലെങ്കിലും പാർട്ടി നേതാക്കൾ അംഗങ്ങളായ ചെറുപുഴയിലെ പ്രസ്തുത ട്രസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നല്കുന്നതിന് കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. സോണി സെബാസ്റ്റ്യനെയും അഡ്വ. മാർട്ടിൻ ജോർജ്ജിനെയും ചുമതലപ്പെടുത്തിയതായി സതീശൻ പാച്ചേനി അറിയിച്ചു.
 

Latest News