Sorry, you need to enable JavaScript to visit this website.

മക്കയിൽ ചേരി വികസന പദ്ധതി; 80 കെട്ടിടങ്ങളില്‍ വൈദ്യുതി വിഛേദിക്കുന്നു

അൽനികാസ ചേരിവികസന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ കെട്ടിടങ്ങളിലെ വൈദ്യുതി കണക്ഷനുകൾ സൗദി ഇലക്ട്രിസിറ്റി കമ്പനി ജീവനക്കാർ വിഛേദിക്കുന്നു.

മക്ക- അൽനികാസ ഡിസ്ട്രിക്ടിൽ ചേരിവികസന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 80 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിയും ജല പൈപ്പ് ലൈൻ കണക്ഷനുകളും അധികൃതർ വിഛേദിക്കാൻ തുടങ്ങി. അൽനികാസ ചേരിവികസന പദ്ധതി നടപ്പാക്കുന്നതിന് അഞ്ചാം ഘട്ടമായാണ് 80 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിയും ജല പൈപ്പ് ലൈൻ കണക്ഷനുകളും വിഛേദിക്കുന്നത്. കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനു മുന്നോടിയായാണ് മക്ക പ്രവിശ്യ വികസന അതോറിറ്റിയും മക്ക നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് വൈദ്യുതിയും ജല കണക്ഷനും വിഛേദിക്കുന്നത്. 
അൽനികാസ ഡിസ്ട്രിക്ടിൽ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിയും ജല കണക്ഷനും വിഛേദിക്കുന്ന ജോലികൾ ഹജ് സീസണിൽ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നെന്ന് മക്ക പ്രവിശ്യ വികസന അതോറിറ്റി വക്താവ് എൻജിനീയർ ജലാൽ കഅ്കി പറഞ്ഞു. ഹജ് സീസൺ പൂർത്തിയായതോടെ ചേരിവികസന പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിയും ജല കണക്ഷനും വിഛേദിക്കുന്ന ജോലികൾ പുനരാരംഭിക്കുകയായിരുന്നു. പതിനാലു ഘട്ടങ്ങളായാണ് അൽനികാസയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത്. ഇതിനകം പൂർത്തിയായ നാലു ഘട്ടങ്ങളിൽ ആകെ 420 കെട്ടിടങ്ങളാണ് വൈദ്യുതിയും ജല കണക്ഷനും വിഛേദിച്ച് പൊളിച്ചുനീക്കിയത്. വികസന പദ്ധതി പ്രകാരം പ്രത്യേകം നിശ്ചയിച്ച സമയക്രമം അനുസരിച്ച് ഓരോ ഘട്ടങ്ങളും പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പരസ്പര ഏകോപനത്തോടെ പ്രവർത്തിച്ചുവരികയാണ്. എല്ലാവിധ ആധുനിക പശ്ചാത്തല സൗകര്യങ്ങളോടെയുമാണ് അൽനികാസ ചേരിവികസന പദ്ധതി നടപ്പാക്കുന്നതെന്നും എൻജിനീയർ ജലാൽ കഅ്കി പറഞ്ഞു. 
 

Latest News