Sorry, you need to enable JavaScript to visit this website.

യെമനിൽ അസ്ഥിരതയുണ്ടാക്കുന്നതിനുള്ള ശ്രമം ചെറുക്കും -സൗദി അറേബ്യ

റിയാദ് - യെമനിൽ അസ്ഥിരതയുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമായി ചെറുക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. യെമനിൽ അസ്ഥിരതയുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ സൗദി അറേബ്യയുടെ സുരക്ഷക്ക് ഭീഷണിയാണ്. ഏദനിലും ദക്ഷിണ യെമൻ പ്രവിശ്യകളിലും അടുത്തിടെയുണ്ടായ സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ദക്ഷിണ യെമനിൽ സംഘർഷം രൂക്ഷമാക്കുന്നത് അംഗീകരിക്കില്ല. 


സംഘർഷം ലഘൂകരിക്കണമെന്നും പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സൗദി അറേബ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂലമായി പ്രതികരിക്കാതിരുന്നതും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ദക്ഷിണ യെമൻ വിഘടനവാദികൾ സൈനിക താവളങ്ങളും സിവിൽ, മിലിട്ടറി ആസ്ഥാനങ്ങളും നിയമാനുസൃത ഗവൺമെന്റിന് കൈമാറണം. യെമനിലെ നിയമാനുസൃത ഗവൺമെന്റും ദക്ഷിണ യെമൻ വിഘടനവാദികളും  ജിദ്ദയിൽ ചർച്ച ആരംഭിക്കണം. യെമനിലെ സഹോദരങ്ങൾക്കിടയിൽ കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെട്ടത് ഖേദകരമാണ്. നിരുപാധികവും ഉടനടിയും ഏറ്റുമുട്ടൽ അവസാനിപ്പിക്കുകയും വെടിനിർത്തൽ നടപ്പാക്കുകയും വേണം. ദക്ഷിണ യെമനിലെ വിവിധ കക്ഷികൾ പരസ്പരം ഏറ്റുമുട്ടുന്നതും സംഘർഷം രൂക്ഷമാക്കുന്നതും പുതിയ പോരാട്ട മുഖം തുറക്കുന്നതും ഇറാൻ പിന്തുണയുള്ള ഹൂത്തികൾക്കും ഐ.എസും അൽഖാഇദയും പോലുള്ള ഭീകര സംഘടനകൾക്കും മാത്രമാണ് ഗുണം ചെയ്യുക. 


യെമന്റെ സുരക്ഷാ ഭദ്രത തകർക്കുന്നതിനുള്ള ഏതു ശ്രമവും സൗദി അറേബ്യയുടെയും മേഖലയുടെയും സുരക്ഷക്കും ഭദ്രതക്കുമുള്ള ഭീഷണിയാണ്. ഇത്തരം ശ്രമങ്ങളെ കർക്കശമായി നേരിടുന്നതിന് മടിച്ചുനിൽക്കില്ല. യെമനിൽ നിയമാനുസൃത ഗവൺമെന്റിന് ബദലില്ല. 
ദക്ഷിണ യെമനിലുണ്ടായ സംഘർഷംമൂലം പ്രശ്‌നങ്ങൾ നേരിട്ടവർക്ക് സഹായങ്ങൾ നൽകുന്നതിനും പരിക്കേറ്റവർക്ക് ചികിത്സകൾ നൽകുന്നതിനും സൗദി അറേബ്യ ഒരുക്കമാണ്. പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിനുള്ള പിന്തുണ തുടരുമെന്നും സൗദി അറേബ്യ പ്രസ്താവനയിൽ പറഞ്ഞു. 

 

Latest News