Sorry, you need to enable JavaScript to visit this website.

പോലീസ് സ്‌റ്റേഷനില്‍നിന്ന് ഗുണ്ടാ സംഘം പ്രതിയെ മോചിപ്പിച്ചു

ജയ്പുര്‍- പോലീസ് സ്‌റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘം കൊടും കുറ്റവാളിയെ രക്ഷപ്പെടുത്തി കൊണ്ടു പോയി. അഞ്ച് കൊലക്കേസുകളിലെ പ്രതിയെ ഇറക്കാന്‍ ഏകെ 47 അടക്കമുള്ള ആയുധങ്ങളുമായാണ് സംഘം എത്തിയത്. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം.
ബെഹ്‌റോര്‍ പോലീസ് സ്‌റ്റേഷനിലേക്കാണ് 20 അംഗ ഗുണ്ടാ സംഘം വാഹനത്തില്‍ എത്തിയത്. സ്‌റ്റേഷന്‍ പരിസരത്ത് എകെ 47 ഉപയോഗിച്ച് 40 റൗണ്ട് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘം കൊലക്കേസ് പ്രതിയെ ലോക്കപ്പില്‍ നിന്നിറക്കി. ഹരിയാനയിലെ കൊടും ക്രിമിനലായ വിക്രം ഗുര്‍ജര്‍ എന്നയാളെയാണ് സംഘം രക്ഷിച്ചത്.
കുറ്റവാളിയുമായി കടന്ന സംഘത്തിന്റെ വാഹനം ഇടയ്ക്ക് വെച്ച് കേടായപ്പോള്‍ അതുവഴിയെത്തിയ സ്‌കോര്‍പിയോ തോക്കുചൂണ്ടി തടഞ്ഞു നിര്‍ത്തി  തട്ടിയെടുത്ത് രക്ഷപ്പെട്ടു.
പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ലെന്ന് ബെഹ്‌റോര്‍ എസ്പി അമന്‍ദീപ് കപൂര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി അശോക് ഗെഹേ്‌ലോട്ട് റിപ്പോര്‍ട്ട് തേടി.
 സംഘത്തെ പിടികൂടാന്‍ രാജസ്ഥാന്‍ ഡി.ജി.പി ഭൂപേന്ദ്ര യാദവ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹരിയാനയിലെ ഡോ. കുല്‍ദീപിന്റെ സംഘാംഗമാണ് വിക്രം ഗുര്‍ജര്‍. പോലീസ്  കോണ്‍സ്റ്റബിളടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഹരിയാന സര്‍ക്കാര്‍ അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച വിക്രമിനെ ചൊവ്വാഴ്ചയാണ് ബെഹ്‌റോര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  

 

Latest News