Sorry, you need to enable JavaScript to visit this website.

ഇറാന്‍ നീക്കത്തില്‍ ആശങ്ക അറിയിച്ച് യൂറോപ്യന്‍ യൂനിയന്‍; കരാറിലേക്ക് മടങ്ങണം

ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫും ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി റെറ്റ്‌നോ മര്‍സൂദിയും ജക്കാര്‍ത്തയില്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍.

ജക്കാര്‍ത്ത- ആണവ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന ഇറാന്റെ പ്രഖ്യാപനത്തില്‍ ആശങ്ക അറിയിച്ച് യൂറോപ്യന്‍ യൂനിയന്‍. കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കാനുള്ള നിക്കത്തില്‍നിന്ന് പിന്മാറണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ഇറാനോട് അഭ്യര്‍ഥിച്ചു.  ഇറാന്‍ നടത്തിയ പ്രഖ്യാപനം ഗൗരവമേറിയതും ആശങ്കാജനകവുമാണെന്നും യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് മജാ കൊസിജാന്‍സിക് പറഞ്ഞു.
നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കരുതെന്നും ആണവ കരാര്‍ നിലനിര്‍ത്തുന്നതിനും  പൂര്‍ണമായി നടപ്പിലാക്കുന്നതിനും തുരങ്കം വെക്കുന്ന എല്ലാ തുടര്‍നടപടികളില്‍നിന്നും വിട്ടുനില്‍ക്കണമെന്നും ഇറാനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്-അദ്ദേഹം പറഞ്ഞു.
ഇറാന്‍ നടത്തിയ പ്രഖ്യാപനം ശരിയായ ദിശയിലുള്ളതല്ലെന്നും സ്ഥിതി കൂടുതല്‍ വഷളാക്കരുതെന്ന്  ജര്‍മന്‍ വിദേശ മന്ത്രാലയ വക്താവ് റെയ്‌നര്‍ ബ്രൂളും ആവശ്യപ്പെട്ടു.  
ഇറാന്‍ കൈക്കൊള്ളുന്ന നടപടികള്‍ സൂക്ഷ്മായി നിരീക്ഷിക്കുമെന്നും ശരിയായ നിലപാട് സ്വീകരിക്കാന്‍ ഇറാനു മുന്നില്‍ ഇനിയും സമയമുണ്ടെന്നും ജര്‍മന്‍ വക്താവ് പറഞ്ഞു.
2015 ല്‍ ഒപ്പുവെച്ച കരാര്‍ പൂര്‍ണമായി ഉപേക്ഷിക്കാനും ആണവ പദ്ധതികളുമായി മുന്നോട്ടു പോകാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ന്യായീകരിച്ചു. ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ വെള്ളിയാഴ്ച വരെയാണ് യൂറോപ്യന്‍ യൂനിയന് ഇറാന്‍ സമയം നല്‍കിയിരുന്നത്.  
യുറേനിയം സമ്പഷ്ടീകരണം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന ഇറാന്‍ അധികൃതരുടെ പ്രസ്താവനക്കു പിന്നാലെയാണ് യൂറോപ്യന്‍ യൂനിയന്റെ പ്രതികരണം. വന്‍ ശക്തി രാഷ്ട്രങ്ങള്‍ 2015 ല്‍ ഒപ്പുവെച്ച കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതാണ് പ്രതിസന്ധിക്ക് കാരണം. കരാറില്‍നിന്ന് പിന്മാറിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത് ഇറാന്‍ വരുമാനത്തിന്റെ നിര്‍ണായക സ്രോതസ്സായ ക്രൂഡ് ഓയില്‍ വില്‍പനയെ കാര്യമായി ബാധിച്ചു.
ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി കൂടിക്കാഴ്ചയ്ക്ക് സന്നദ്ധമാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇറാന്റെ പ്രഖ്യാപനങ്ങള്‍. ഇറാന്‍ ചര്‍ച്ചയിലേക്ക് വരികയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു.
ജി 7  ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഇറാനികള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ചര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് നല്‍കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

 

 

Latest News