Sorry, you need to enable JavaScript to visit this website.

ദേശീയത എന്ന ആയുധം

അതിർത്തിക്കപ്പുറവും ഇപ്പുറവും നിന്ന് ഉയരുന്ന ദേശീയതയുടെ ആർപ്പുവിളികൾ, ഇരുപക്ഷത്തേയും അധികാര രാഷ്ട്രീയക്കാർക്ക് നിലനിൽപിന്റെ മന്ത്രമാണ്. ഇന്ത്യയിലാകട്ടെ, ഭരണ വിമർശകരുടെ വായടപ്പിക്കാനുള്ള ഒറ്റമൂലിയായി തീവ്ര ദേശീയതയെ ഉപയോഗിക്കുന്നു. ഭരണ പരാജയങ്ങളുടെ മുഖം മറയ്ക്കാൻ യുദ്ധവായാടിത്തങ്ങൾ നിർലോപം ഉപയോഗിക്കപ്പെടുമ്പോൾ അപകടപ്പെടുന്നത് രാജ്യത്തിന്റെ തന്നെ നിലനിൽപാണ്.

സർവ ലോകത്തിനും സുഖം ഭവിക്കട്ടെ എന്നതാണ് ആർഷ ഭാരത മന്ത്രമെങ്കിലും ആധുനിക ഭാരതത്തിന്റെ മന്ത്രം സങ്കുചിത ദേശീയതയിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുന്നു. ദേശീയത വികാരം ജ്വലിപ്പിച്ച്, അധികാര സിംഹാസനങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പിക്കാമെന്ന് കണ്ടെത്തിയതോടെ ഇനി, അത്തരം മുദ്രാവാക്യങ്ങളുടെ ശക്തിയേറാനാണ് സാധ്യത. മറുവശത്ത്, അയൽരാജ്യത്തുനിന്ന് യുദ്ധവായാടിത്തങ്ങൾ നിരന്തരമായി കേൾക്കാൻ തുടങ്ങിയിരിക്കുന്നു. അതും ദേശീയത വികാരം ജ്വലിപ്പിക്കാൻ തന്നെ. ഇന്ത്യ-പാക് സംഘർഷം പതിവുപോലെ ഇരുരാജ്യങ്ങളിലേയും അധികാര രാഷ്ട്രീയക്കാരുടെ നിലനിൽപിന്റെ ആധാരമായി മാറുകയാണ്. 
ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് വരെ പാക്കിസ്ഥാൻ സംസാരിക്കുന്നു. അത് ആദ്യമുപയോഗിക്കണമോ രണ്ടാമതുപയോഗിക്കണമോ എന്നതിലേയുള്ളൂ തർക്കം. പ്രധാനമന്ത്രി ഒന്നു പറയുമ്പോൾ സൈന്യം മറ്റൊന്ന് പറയുന്നു. സമാന ഭീഷണി സ്വരങ്ങൾ ഇന്ത്യയിലും ഉയരുന്നുണ്ട്. ആക്രമിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച നിരന്തര ഉദ്‌ബോധനങ്ങൾ പലരും പുറപ്പെടുവിക്കുന്നു. രണ്ടിന്റേയും ലക്ഷ്യം ഒന്നു തന്നെ. അതത് രാജ്യങ്ങളിലെ ദേശീയത വികാരം ജ്വലിപ്പിച്ചുനിർത്തി മറ്റു വിഷയങ്ങളിലേക്ക് ജനശ്രദ്ധ കടന്നു ചെല്ലാതിരിക്കാൻ ശ്രദ്ധിക്കുക.
കശ്മീരിലെ പുതിയ സംഭവ വികാസങ്ങളെ കരുത്തോടെ നേരിടാൻ പ്രധാനമന്ത്രി ഇംറാൻ ഖാന് കഴിഞ്ഞില്ലെന്ന ആരോപണം അവിടെ ശക്തമായി നിലനിൽക്കുന്നുണ്ട്. ഇന്ത്യയുമായുള്ള സമീപനങ്ങളിൽ ആദ്യം മുതലേ ഇംറാൻ മൃദുവാണെന്ന് രാഷ്ട്രീയ എതിരാളികൾ ആരോപണം ഉന്നയിക്കുന്നു. ഇത് മറികടക്കാൻ അദ്ദേഹത്തിന് ഇത്തരം കനമുള്ള പ്രസ്താവനകളും ഭീഷണികളും ഇറക്കിയേ മതിയാകൂ. കശ്മീരിനെ ആഗോള വിഷയമാക്കി അവതരിപ്പിക്കാനും ഇതര രാജ്യങ്ങളുടെ ഇടപെടൽ അനിവാര്യമാക്കാനുമുള്ള ശ്രമങ്ങളാണ് പാക്കിസ്ഥാൻ നടത്തുന്നത്. ഉപഭൂഖണ്ഡം യുദ്ധസംഘർഷങ്ങളുടെ പിടിയിലമരുന്നുവെന്ന പ്രതീതി ജനിപ്പിക്കേണ്ടത് അതിനാൽ തന്നെ പാക്കിസ്ഥാന്റെ ആവശ്യമാണ്. അതിലപ്പുറം ഈ യുദ്ധ പ്രഖ്യാപനങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് രാജ്യാന്തര വിദഗ്ധരോ നയതന്ത്ര ലോകമോ കരുതുന്നില്ല. ഒരർഥത്തിൽ അത് ഇന്ത്യൻ ഭരണകൂടത്തെ സഹായിക്കൽ കൂടിയാണ്. കാരണം, ഇത്തരം തീവ്രദേശീയ പ്രസ്താവനകൾ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായാലേ, ഇന്ത്യയിലും സമാന മനസ്‌കരെ തൃപ്തിപ്പെടുത്തും വിധമുള്ള ഗംഭീരമായ പ്രസ്താവനകൾ നമുക്കും ഇറക്കാനാവൂ.
ബി.ജെ.പിയെ സംബന്ധിച്ച് ഇത് മറ്റൊരു സൗകര്യം കൂടി നൽകുന്നുണ്ട്. അത് തീവ്രമായ ദേശീയ വികാരത്തെ ഉദ്ദീപിച്ചാലാണ് തങ്ങളുടെ ഉദ്ദിഷ്ട കാര്യം നടക്കുക എന്ന ബോധ്യമാണ്. മതാത്മക ദേശീയതയെ ഉണർത്തുകയാണ് ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പ്രധാന ചവിട്ടുപടി. എല്ലാ പരാതികളും പരിഭവങ്ങളും തീർക്കാനുള്ള ഒറ്റമൂലിയാണ് മതാത്മക ദേശീയത. ഇക്കാര്യം ആർ.എസ്.എസ് മുമ്പേ മനസ്സിലാക്കിയിട്ടുണ്ട്. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ഭരണ പരാജയങ്ങളും മറക്കാൻ ജനങ്ങൾക്ക് തീവ്രദേശീയതയെന്ന മയക്കുമരുന്ന് കൊടുത്താൽ മതി. രാജ്യം അഭിമുഖീകരിക്കുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയും അപകടത്തിലേക്കുള്ള യാത്രയും ആർക്കും അറിയാഞ്ഞിട്ടല്ല. അത്തരം കാര്യങ്ങൾക്ക് മറയിടാൻ ദേശീയ വികാരത്തെ ഫലപ്രദമായി ഉപയോഗിക്കാൻ ഭരണകൂടത്തിനറിയാം.
കശ്മീർ സംബന്ധിച്ച കോൺഗ്രസിന്റെ ഏതു പ്രസ്താവനക്കും തടയിടാൻ ബി.ജെ.പി ഉപയോഗിക്കുന്നത് ഈ വില കുറഞ്ഞ തന്ത്രമാണ്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ കുറ്റാരോപണവും ഇതിലേക്ക് വിരൽ ചൂണ്ടുന്നു. രാഹുൽ പ്രസ്താവനയിറക്കുമ്പോൾ അതിർത്തിക്കപ്പുറം ആർപ്പുവിളി ഉയരുന്നു എന്നാണ് അമിത് ഷാ പറഞ്ഞത്. ഇതിനു മുമ്പും സമാന പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ പ്രസ്താവന ഉദ്ധരിച്ചാണ് പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭക്ക് കത്തു കൊടുത്തത് എന്നതായിരുന്നു ഒന്ന്. ദേശീയതയുടെ കാര്യം വരുമ്പോൾ കോൺഗ്രസ് സ്വാഭാവികമായും പരുങ്ങലിലാകും. അതോടെ അവർ മൗനവത്മീകങ്ങളിലേക്ക് ഉൾവലിയും. ബി.ജെ.പിയേക്കാൾ കനപ്പിച്ച് പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകാൻ നിർബന്ധിതരാകും. 
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ തന്ത്രം ബി.ജെ.പി വിജയകരമായി പരീക്ഷിച്ചതാണ്. തെരഞ്ഞെടുപ്പ് രംഗത്ത് അപ്രതിരോധ്യമാം വിധം മുന്നേറുകയായിരുന്ന കോൺഗ്രസിനെ ബി.ജെ.പി പിടിച്ചുകെട്ടിയത് കശ്മീരിലെ ഭീകരാക്രമണവും ബാലാകോട്ട് വ്യോമാക്രമണവും മുൻനിർത്തിയാണ്. പാക്കിസ്ഥാനെ അവരുടെ ഭൂമിയിൽ കയറി ആക്രമിക്കുന്ന കരുത്തനായ പ്രധാനമന്ത്രിയെന്ന പ്രതിഛായ നരേന്ദ്ര മോഡി അതോടെ നേടിയെടുത്തു. പ്രചാരണ രംഗത്ത് കുതിക്കുകയായിരുന്ന കോൺഗ്രസിന് അതോടെ അടിപതറി. സർക്കാരിനെ പിന്തുണക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന പ്രസ്താവനകളാൽ സ്വയം ദുർബലരാകേണ്ടിവന്നു. രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടുവന്ന റഫാൽ അഴിമതിയും മറ്റും അതോടെ അപ്രസക്തമായിത്തീരുകയായിരുന്നു. അഴിമതി നടത്തിയാലും വേണ്ടില്ല, രണ്ടു റഫാൽ വിമാനം കൊണ്ടുവന്നിട്ടു വേണം പാക്കിസ്ഥാന്റെ കഥ കഴിക്കാൻ എന്ന നിലയിലേക്കായി ജനങ്ങളുടെ ചിന്താഗതി. 
വാസ്തവത്തിൽ നമ്മുടെ ദേശത്തെക്കുറിച്ച അഭിമാനം എന്ന അർഥത്തിലുള്ള സിവിക് ദേശീയതയെ പൂർണമായും അപകടപ്പെടുത്തുകയാണ് ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന മതാത്മക ദേശീയത. ബി.ജെ.പി പറയുന്ന ദേശീയത ഹിന്ദു ദേശീയതയാണ്, സിവിക് ദേശീയതയല്ല എന്നതാണ് യാഥാർഥ്യം. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാരിനെതിരെ സംസാരിക്കുന്നവരെല്ലാം ദേശദ്രോഹികളാണെന്ന കാഴ്ചപ്പാട് വളർത്തിയെടുക്കുന്നത് ഈ മതാത്മക ദേശീയതയാണ്. ആർ.എസ്.എസിന്റെ ഹിന്ദുത്വ ദേശീയതക്കെതിരെ സംസാരിക്കുന്നവരെല്ലാം രാജ്യത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കപ്പെടുന്നു.
കഴിഞ്ഞ ഒരു ദശാബ്ദമായി ഈ മതാത്മക ദേശീയത രാജ്യത്ത് ശക്തിപ്പെട്ടുവരികയായിരുന്നു. അതിന്റെ ഫലമായാണ് നരേന്ദ്ര മോഡിയുടെ ഒന്നാം സർക്കാർ അധികാരത്തിൽവന്നത്. സമീപ കാലത്ത്, ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭമടക്കമുള്ള കാര്യങ്ങളെ ദേശദ്രോഹ നടപടിയായി ചിത്രീകരിക്കാൻ ശ്രമം നടന്നത് ഓർക്കുക. സിനിമ തിയേറ്ററുകളിൽ ദേശീയഗാനം ആലപിക്കണമെന്നും അത് കേൾക്കുമ്പോൾ എഴുന്നേറ്റു നിൽക്കണമെന്നും വിധിച്ചത് സുപ്രീം കോടതിയിലെ ഒരു ജഡ്ജിയാണ്. ഇതിന്റെ പേരിലുണ്ടായ കോലാഹലങ്ങളും ഓർക്കുക. ഒടുവിൽ കോടതിക്ക് തന്നെ അതിന്റെ പരിഹാസ്യത ബോധ്യം വന്നു. 
ആർ.എസ്.എസും സംഘ്പരിവാറും കൈക്കൊള്ളുന്ന നിലപാടുകളെ ദേശത്തിന്റെ നിലപാടുകളായി വ്യാഖ്യാനിക്കാനുള്ള പ്രവണത ഇന്ന് ശക്തമാണ്. ഒരു പ്രത്യേക മതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ പോലും ദേശത്തിന്റെ മൊത്തം സംസ്‌കാരത്തിന്റെ ഭാഗമായി കാണാൻ നിർബന്ധിക്കപ്പെടുകയാണ്. യോഗയും സൂര്യനമസ്‌കാരവുമടക്കമുള്ള കാര്യങ്ങൾക്ക് ഇപ്രകാരം പ്രാധാന്യം നൽകപ്പെടുന്നു. അപകട രഹിതമായ ഇന്ത്യൻ സിവിക് ദേശീയത, സാവധാനം ഹിന്ദുത്വ ദേശീയതയിലേക്ക് വഴിമാറുന്നതിന്റെ ചിത്രങ്ങളാണ് ഇവിടെ തെളിയുന്നത്.
ഇന്ത്യൻ ദേശീയതയെക്കുറിച്ച അക്കാദമിക് വ്യാഖ്യാനങ്ങൾ വാസ്തവത്തിൽ ഇത്തരമൊരു ദേശീയതയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇന്ത്യൻ ദേശീയത എന്നൊന്നില്ല എന്ന് പറയുന്നത് പ്രമുഖ ചരിത്രകാരനായ എം.ജി.എസ് ആണ്. ഇന്ത്യ ഒരു സിവിലൈസേഷൻ ആണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യയുടെ ദേശീയത സങ്കൽപം ബ്രിട്ടീഷ് വിരുദ്ധ സമീപനത്തിൽനിന്നുണ്ടായതാണെന്നും ബ്രിട്ടനെ എതിർക്കാൻ വേണ്ടി നമുക്ക് ഒന്നിച്ചുനിൽക്കേണ്ടി വന്നു എന്നും അദ്ദേഹം പറയുന്നു. അതിനപ്പുറം നാമെല്ലാം പലതരം ദേശീയതയുടെ വക്താക്കളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നാം മലയാളിയും തമിഴനും തെലുങ്കനും ബംഗാളിയും ഒക്കെയാണ്. പലതരം ദേശീയതകളുടെ ഫെഡറേഷനാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം പ്രാദേശിക സ്വത്വങ്ങളെയെല്ലാം ഇല്ലാതാക്കി സവിശേഷമായ ഒരൊറ്റ ദേശീയതയിലേക്ക് ജനങ്ങളെ ആനയിക്കുകയും അത് ഹിന്ദുത്വ ദേശീയതയാണെന്ന് വരുത്തുകയും ചെയ്യുക എന്നതാണ് ആർ.എസ്.എസിന്റേയും അതുവഴി കേന്ദ്ര സർക്കാരിന്റേയും സമീപനം. അതിനാലാണ് യുദ്ധവായാടിത്തങ്ങളിൽനിന്ന് നമുക്കും ഒഴിഞ്ഞുനിൽക്കാനാവാത്തത്. ഇന്ത്യ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടാൽ അതോടെ യുദ്ധമുണ്ടാകും എന്ന് പല നിരീക്ഷകരും മുന്നറിയിപ്പ് നൽകുന്നതും വെറുതെയല്ല. ജനങ്ങളിൽനിന്ന് ഒളിച്ചോടാനുള്ള ഏറ്റവും നല്ല ആയുധമാണ് ദേശീയത.
സച്ചിദാനന്ദനിൽ അവസാനിപ്പിക്കാം:
അതിർത്തികളിൽ വിശ്വസിക്കുന്നവരോട് 
ഉറവകളും നക്ഷത്രങ്ങളും സംസാരിക്കുകയില്ല.
മണൽതരികൾക്കറിയുമോ അവർ കിടക്കുന്നത് ഏത് നാട്ടിലാണെന്ന്.
ആപ്പിൾ മരങ്ങളുടെ വേരുകൾ മനുഷ്യരുണ്ടാക്കിയ മതിലുകൾക്കിടയിലൂടെ അന്യോന്യം കൈകോർക്കുന്നു.
കാറ്റും ജലവും വേരുകളും മതിലുകൾക്കെതിരെ പ്രവർത്തിക്കുന്നു.
കിളികൾ കൂർത്ത ചിറകുകൾ കൊണ്ട് അതിരുകൾ മുറിച്ചുകളയുന്നു.
ഭൂപടത്തിലെ വരകൾ കരിയിലയെപ്പോലും തടുത്തുനിർത്തുന്നില്ല. നമുക്ക് പുഴകളാവുക.
 

Latest News