Sorry, you need to enable JavaScript to visit this website.

പിണറായി സി.ബി.ഐയെ വിളിക്കുമ്പോൾ

സ്വയം വിൽക്കാനും നട്ടെല്ല് വളയ്ക്കാനും തയാറില്ലാത്ത കോൺഗ്രസിന്റെ ശക്തരായ വക്താക്കളെ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റും എങ്ങനെ വേട്ടയാടി പിടിക്കും എന്നതിന്റെ തുടക്കം മുൻ ആഭ്യന്തര -ധനമന്ത്രി ചിദംബരത്തിൽനിന്നു തുടങ്ങി. തമിഴ്‌നാട്ടിൽനിന്ന് കർണാടകയിലേക്കു കടന്ന സി.ബി.ഐ മുൻമന്ത്രി ശിവകുമാറെ ദൽഹിയിലേക്കു പൊക്കി പണി തുടരുകയാണ്. ഈ സംഭവത്തോടെ കേരളത്തിലെ ഇടതു സർക്കാർ തന്നെ കോൺഗ്രസിന്റെ ഉന്നത നേതാക്കളെ ബി.ജെ.പിക്കും സി.ബി.ഐക്കും പിടിച്ചുകൊടുക്കാൻ തയാറായിരിക്കുന്നു. അതാണ് ഇതിലെ രാഷ്ട്രീയ സന്ദേശം.

ടൈറ്റാനിയം കേസ് സി.ബി.ഐ അന്വേഷണത്തിനു വിടാനുള്ള കേരള സർക്കാരിന്റെ തീരുമാനം മുഖ്യമന്ത്രിയുടെയും സി.പി.എം പോളിറ്റ് ബ്യൂറോയുടെയും നിലപാടുകൾക്ക് വിരുദ്ധമാണ്. കേന്ദ്ര സർക്കാരിന്റെ കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ. പകപോക്കാനും പാർട്ടിയെ തകർക്കാനുമാണ് സി.ബി.ഐയെ ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് വരുമ്പോൾ- സി.ബി.ഐയ്‌ക്കെതിരെ സി.പി.എം സംസ്ഥാന - കേന്ദ്ര നേതൃത്വങ്ങൾ ഏതാനും വർഷങ്ങളായി തുടർച്ചയായി കേരളത്തിൽ എടുത്തുവരുന്ന നിലപാടാണത്. 
തീർന്നില്ല, കേരള പോലീസും വിജിലൻസും രാജ്യത്തെ കഴിവു തെളിയിച്ച കുറ്റാന്വേഷണ ഏജൻസിയാണെന്ന് വാദിക്കുന്ന സി.പി.എമ്മും സർക്കാരും അവരെ തള്ളിയാണ് ടൈറ്റാനിയം കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സി.ബി.ഐയുടെ മഹത്തായ സേവനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.  
സി.ബി.ഐ വരുന്നെന്ന ഭീഷണി തെരഞ്ഞെടുപ്പു വരുമ്പോഴാണ് എന്ന് കുറ്റപ്പെടുത്താറുള്ളവരാണ് ഈ മാസം പാലായിലും നവംബറിൽ അഞ്ചു മണ്ഡലങ്ങളിലും അതിനിർണായക ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിറകെ പതിമൂന്നു വർഷം പഴക്കമുള്ള ടൈറ്റാനിയം അഴിമതിക്കേസ് പെട്ടെന്ന് കുത്തിപ്പൊക്കുന്നത്. അധികാരത്തിലിരുന്ന് അഴിമതി നടത്തിയവർ ആരായാലും അവരെ കയ്യോടെ പിടിച്ച് ശിക്ഷിക്കണമെന്നത് ശരിവെക്കുമ്പോൾ തന്നെ ഈ രാഷ്ട്രീയ ചൂതാട്ടം എങ്ങനെ മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള ഒരാൾക്കും ഇടതുപക്ഷ സർക്കാരിനും സ്വീകരിക്കാനാകും. 13 വർഷങ്ങൾക്കു മുമ്പ് വി.എസിന്റെ ഭരണ കാലത്താണ് ടൈറ്റാനിയത്തിലെ മാനേജ്‌മെന്റ് ഉന്നതർക്കെതിരെ വിജിലൻസ് ഈ കേസ് തുടങ്ങിവെച്ചത്. 2016 ൽ പിണറായി ഗവണ്മെന്റ് അധികാരത്തിൽ വന്ന് മൂന്നു വർഷത്തിലേറെ അന്വേഷിച്ചിട്ടും ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നീ ഉന്നത രാഷ്ട്രീയ നേതാക്കളെ കേസിൽ പ്രതി ചേർക്കാൻ തെളിവ് കണ്ടെത്താനായില്ല. പൊടുന്നനെ മുമ്പു പറഞ്ഞതെല്ലാം വിഴുങ്ങി സി.ബി.ഐയുടെ കാര്യശേഷിക്കും പ്രാപ്തിക്കും മഹാമനസ്‌കതയ്ക്കും ഈ കേസ് സമർപ്പിച്ചിരിക്കുകയാണ്. എന്തൊരു വിരോധാഭാസം!
അതിന് സംസ്ഥാന സർക്കാർ പറയുന്ന കാരണവും കൗതുകകരമാണ്. ആരോപണത്തിൽ വിദേശ കമ്പനി ഉൾപ്പെട്ടതിനാലാണ് അന്വേഷണം സി.ബി.ഐക്കു വിടാൻ സർക്കാർ തീരുമാനിച്ചതെന്ന്. എത്ര വൈകിവന്ന വിവേകം. എന്നാൽ വിജിലൻസ് ഇന്റർപോളിന്റെ സഹായം കൂടി തേടിയായിരുന്നു ഇത്ര കാലവും അന്വേഷിച്ചിരുന്നത്.  
തിരുവനന്തപുരത്തെ ടൈറ്റാനിയം ഫാക്ടറിയിലെ മാലിന്യ പ്ലാന്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടതാണ് ഈ വിജിലൻസ് കേസ്. ഇതും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായിരുന്ന ലാവ്‌ലിൻ കേസും തമ്മിൽ ഒരുപാട് സമാനതകളുണ്ട്. ടൈറ്റാനിയം കേസിൽ പൊതു ഖജനാവിൽനിന്നുണ്ടായ നഷ്ടം 127 കോടി രൂപയെന്ന് ആരോപിച്ചായിരുന്നു ഒരു ജീവനക്കാരന്റെ പരാതി. വിജിലൻസ് അന്വേഷിച്ച നഷ്ടം 82 കോടി രൂപയെന്ന് കോടതിക്കു റിപ്പോർട്ട് നൽകി. രാഷ്ട്രീയ നേതാക്കളെയല്ല ടൈറ്റാനിയം എം.ഡിയെയും ഡയറക്ടർമാരെയുമാണ് വിജിലൻസ് ആദ്യം പ്രതി ചേർത്തിരുന്നത്. 2005-2006 ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, വ്യവസായ മന്ത്രി ഇബ്രാഹിം കുഞ്ഞ്, കെ.പി.സി.സി അധ്യക്ഷൻ രമേശ് ചെന്നിത്തല എന്നീ രാഷ്ട്രീയ നേതാക്കളെ പിന്നീട് വിജിലൻസ് എഫ്.ഐ.ആറിൽ പ്രതി ചേർത്തു. 
കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തലിൽ നിന്നാണ് ലാവ്‌ലിൻ അഴിമതി തലനീട്ടിയത്. ലാവ്‌ലിനുമായി വൈദ്യുതി ബോർഡ് ഉണ്ടാക്കിയ കരാറിലും ഉപകരണ ഇറക്കുമതിയിലും പുനർനിർമാണത്തിലും മൊത്തം 374.50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്. തലശ്ശേരി കാൻസർ സെന്ററിന് ധാരണാപത്രമനുസരിച്ച് നൽകേണ്ടിയിരുന്ന 90 കോടി രൂപ ലാവ്‌ലിൻ നൽകിയില്ലെന്നും. ലാവ്‌ലിൻ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെയൻഡ്രലിനെയും വൈദ്യുതി ബോർഡിലെ മുൻ ചെയർമാൻമാരടക്കം എട്ട് ഉന്നത ഉദ്യോഗസ്ഥരെയും പ്രതികളാക്കി വിജിലൻസ് ആദ്യം കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു. 1996 ഫെബ്രുവരിയിൽ ലാവ്‌ലിനുമായി കൺസൾട്ടൻസി കരാറുണ്ടാക്കിയ യു.ഡി.എഫ് മന്ത്രി കാർത്തികേയനെതിരെയും ഒരു വർഷം കഴിഞ്ഞ് കൺസൾട്ടൻസി കരാർ സപ്ലൈ കരാറാക്കി കാര്യങ്ങൾ നടത്തിച്ച എൽ.ഡി.എഫ് ഊർജ മന്ത്രി പിണറായി വിജയനെതിരെയും അഴിമതിയുടെ ഉത്തരവാദിത്തം സംബന്ധിച്ച ആരോപണം ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി ഗവണ്മെന്റാണ് 2006 മാർച്ച് 1 ന് വിശദമായ അന്വേഷണത്തിന് ലാവ്‌ലിൻ കേസ് സി.ബി.ഐയെ ഏൽപിക്കാൻ തീരുമാനിച്ചത്. 
തുടർന്ന് പൊതുതാൽപര്യ ഹരജിയിലാണ് പൊതു ഖജനാവിനു വന്ന ഭീമമായ നഷ്ടത്തിന് ചെറിയ മീനുകൾക്കു പകരം വൻ സ്രാവുകളെ തന്നെ പിടികൂടേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ബാലി ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടപെടലിന്റെ പിൻബലത്തിൽ ലാവ്‌ലിൻ കേസ് അന്വേഷണം സി.ബി.ഐ   ഏറ്റെടുത്തു. എസ്.എൻ.സി ലാവ്‌ലിൻ വൈസ് ചെയർമാൻ ക്ലോസ് ട്രെയൻഡ്രലിനെയും പിണറായി വിജയനെയും മറ്റുള്ളവർക്കൊപ്പം സി.ബി.ഐ കേസിൽ പ്രതി ചേർത്തു. വൈദ്യുത പദ്ധതികളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് 86.25 കോടി രൂപ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്ന കണ്ടെത്തലോടെ. മുഖ്യമന്ത്രി വി.എസ് ഒരു വശത്തും പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി മറുവശത്തുമായിരുന്നു ഈ പ്രശ്‌നത്തിൽ. അസാധാരണമായി സി.പി.എം പോളിറ്റ് ബ്യൂറോ പാർട്ടി സെക്രട്ടറിയെ കേസിൽ പൂർണമായി പിന്തുണച്ചു.
കാനഡയിലുള്ള  ട്രെയൻഡ്രലിന് സമൻസ് എത്തിക്കാൻ സി.ബി.ഐ പരാജയപ്പെടുകയും സി.ബി.ഐ കേസ് നീണ്ടുപോകുകയും ചെയ്തു. രാഷ്ട്രീയക്കാരനായ തന്റെ ഭാവിക്ക് ഈ കേസ് പ്രതിബന്ധം സൃഷ്ടിക്കുകയാണെന്നു പറഞ്ഞ് പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. ട്രെയൻഡ്രലിനെ  ഒഴിവാക്കി കേസ് വേർപെടുത്തി വിചാരണ നടത്താൻ വിധി സമ്പാദിച്ചു. തനിക്കെതിരെ തെളിവില്ലെന്നും വിചാരണ കൂടാതെ തന്നെ കേസിൽനിന്ന് ഒഴിവാക്കണമെന്നും സി.ബി.ഐ പ്രത്യേക കോടതിയിൽ വാദിച്ചു. 2013 ൽ അനുകൂല വിധി നേടി.
പിണറായിയും വിട്ടയക്കപ്പെട്ട ഇലക്ട്രിസിറ്റി ബോർഡിലെ നാല് ഉന്നത ഉദ്യോഗസ്ഥരും വിചാരണ നേരിടണമെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പക്ഷേ, സി.ബി.ഐ കോടതി വിധി ഹൈക്കോടതിയും ശരിവെച്ചു. 
ഇതിനെതിരെ 2017 ഓഗസ്റ്റിൽ സുപ്രീം കോടതിയിൽ സി.ബി.ഐ നൽകിയ അപ്പീൽ രണ്ടു വർഷത്തിലേറെയായി ഇഴഞ്ഞുനീങ്ങുകയാണ്. വാദം കേൾക്കാൻ തയാറായിട്ടും കേസ് നീട്ടിക്കൊണ്ടു പോവുകയാണോയെന്ന് ക്ഷമകെട്ട് സുപ്രീം കോടതിക്ക് സി.ബി.ഐയോട് ചോദിക്കേണ്ടിവന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം വാദം കേൾക്കാൻ തീരുമാനിച്ചെങ്കിലും ഇനിയും കേസ് പരിഗണിച്ചിട്ടില്ല. 
ലാവ്‌ലിന്റെ മുൻ വൈസ് പ്രസിഡന്റിന് സമൻസ് നൽകാനോ അദ്ദേഹത്തെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ ഇതിനിടെ സുപ്രീം കോടതിയെ അറിയിക്കുകയുണ്ടായി. വാർധക്യവും അനാരോഗ്യവും കൊണ്ട് കിടപ്പിലായ ഒരു മുൻ ചീഫ് എൻജിനീയറടക്കം രണ്ട് ബോർഡ് ഉദ്യോഗസ്ഥർ ഈ കേസിൽ പ്രതികളായി തുടരുകയുമാണ്. 
ഈ സി.ബി.ഐയെയാണ് പിണറായി സർക്കാർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായി ഇപ്പോൾ നിയോഗിക്കുന്നത്. സി.പി.എം നേരിട്ടുകൊണ്ടിരിക്കുന്ന നയപരവും രാഷ്ട്രീയവുമായ വൈരുധ്യങ്ങളുടെ മറ്റൊരു മകുടോദാഹരണമാണിത്. 
2016 ൽ അധികാരത്തിൽ വന്നതിന് തൊട്ടുപിറകെ ഈ സർക്കാർ ഉമ്മൻ ചാണ്ടി ഗവണ്മെന്റുമായി ബന്ധപ്പെട്ട് ഇതുപോലെ ഒട്ടേറെ കേസുകൾക്ക് തുടക്കമിട്ടു. ഒരു മന്ത്രിസഭാ കമ്മിറ്റിയെ പോലും നിയോഗിച്ചു. വിഴിഞ്ഞം കരാർ അടക്കമുള്ള കേസുകൾ. സോളാർ അഴിമതി കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രഥമ വിവര റിപ്പോർട്ട് രേഖപ്പെടുത്തിയതല്ലാതെ ഈ കേസുകളിലൊന്നും ചോദ്യം ചെയ്യലോ തെളിവെടുപ്പോ ഒന്നും നടന്നിട്ടില്ല. എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിനെതിരെയുള്ള കേസും എവിടെയോ കുരുങ്ങിക്കിടക്കുന്നു. 
ഇതിനൊക്കെ പുറമേയാണ് 13 വർഷം മുമ്പ് ഉയർന്ന ഒരു ആരോപണത്തിന്റെ പേരിൽ ഉമ്മൻ ചാണ്ടിക്കും മറ്റുമെതിരെ ഇപ്പോൾ സി.ബി.ഐയെ വിളിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സർക്കാരിന്റെയും വിശ്വാസ്യതയുടെ ഗ്രാഫ് എവിടെ ചെന്നു പതിക്കുമെന്ന് മുഖ്യമന്ത്രിയെങ്കിലും ചിന്തിക്കാതിരിക്കില്ല.  പക്ഷേ, അതിന് അദ്ദേഹത്തെ നിർബന്ധിക്കുന്ന ഗൗരവമായ രാഷ്ട്രീയ സമ്മർദവും സാഹചര്യങ്ങളും ഉണ്ട്. 
ലോക്‌സഭയിൽ അതിദുർബലമായി കഴിഞ്ഞിരിക്കുന്ന പ്രതിപക്ഷത്തിന് വിശേഷിച്ച്, കോൺഗ്രസിന് ഏറ്റവും വലിയ പ്രാതിനിധ്യം നൽകുന്നത് കേരളത്തിൽനിന്നുള്ള യു.ഡി.എഫ് എം.പിമാരാണ്. സ്വയം വിൽക്കാനും നട്ടെല്ല് വളയ്ക്കാനും തയാറില്ലാത്ത കോൺഗ്രസിന്റെ ശക്തരായ വക്താക്കളെ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റും എങ്ങനെ വേട്ടയാടി പിടിക്കും എന്നതിന്റെ തുടക്കം മുൻ ആഭ്യന്തര -ധനമന്ത്രി ചിദംബരത്തിൽനിന്നു തുടങ്ങി. തമിഴ്‌നാട്ടിൽനിന്ന് കർണാടകയിലേക്കു കടന്ന സി.ബി.ഐ മുൻമന്ത്രി ശിവകുമാറിനെ ദൽഹിയിലേക്കു പൊക്കി പണി തുടരുകയാണ്. 
ഈ സംഭവത്തോടെ കേരളത്തിലെ ഇടതു സർക്കാർ തന്നെ കോൺഗ്രസിന്റെ ഉന്നത നേതാക്കളെ ബി.ജെ.പിക്കും സി.ബി.ഐക്കും പിടിച്ചുകൊടുക്കാൻ തയാറായിരിക്കുന്നു. അതാണ് ഇതിലെ രാഷ്ട്രീയ സന്ദേശം. 

Latest News