ന്യൂദൽഹി- കണ്ടനാട് പള്ളിത്തർക്കകേസിൽ ഹൈക്കോടതി ജഡ്ജി ഹരിപ്രസാദിനെയും കേരള സർക്കാറിനെയും ചീഫ് സെക്രട്ടറിയെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സുപ്രീം കോടതി വിധി മറികടക്കാൻ എന്ത് അധികാരമാണ് ഹൈക്കോടതി ജഡ്ജി ഹരിപ്രസാദിനുള്ളതെന്ന് സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ 2017ലെ വിധി നിലനിൽക്കേ തന്നെ ഈ വർഷം മാർച്ചിൽ കണ്ടനാട് പള്ളിയിൽ യാക്കോബായ സഭയ്ക്കും ആരാധനയ്ക്ക് അനുമതി നൽകി ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ഇടക്കാല ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ഓർത്തഡോക്സ് സഭ നൽകിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് അരുൺമിശ്രയുടെ പരാമർശം. ഏതു തരത്തിലുള്ള ജുഡീഷ്യൽ ഉത്തരവാദിത്തമാണ് ജസ്റ്റിസ് ഹരിപ്രസാദ് നിർവഹിക്കുന്നതെന്ന് ചോദിച്ച കോടതി ഈ സ്ഥിതി തുടരുകയാണെങ്കിൽ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി.
സുപ്രീംകോടതി വിധി നിരന്തരം കേരളത്തിൽ ലംഘിക്കപ്പെടുന്നുവെന്നും ഇതാവർത്തിച്ചാൽ ചീഫ് സെക്രട്ടറിക്കും ഹൈക്കോടതി ജഡ്ജിക്കുമെതിരെ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.






