Sorry, you need to enable JavaScript to visit this website.

സക്കീര്‍ ഹുസൈനും എസ്.ഐയുമായുള്ള പ്രശ്‌നം: കോടതി വിശദീകരണം തേടി

കൊച്ചി- സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറിയും സബ് ഇന്‍സ്‌പെക്ടറും തമ്മില്‍ മൊബൈല്‍ ഫോണ്‍ വഴിയുണ്ടായ തര്‍ക്കത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഹൈക്കോടതി. അഡ്വക്കറ്റ് ജനറലിനോടായിരുന്നു കോടതിയുടെ ചോദ്യം. സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ഹുസൈനും സബ് ഇന്‍സ്‌പെക്ടര്‍ അമൃത് രംഗനും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറിയും സബ് ഇന്‍സ്‌പെക്ടറും തമ്മില്‍ എന്താണ് സംഭാഷണം നടന്നതെന്ന് അഡ്വക്കറ്റ് ജനറലിനോട് കോടതി ആരാഞ്ഞത്. പോലീസുദ്യോഗസ്ഥന്റെ കൃത്യ നിര്‍വഹണത്തില്‍ ഇടപെട്ടതായാണ് മാധ്യമ വാര്‍ത്തകളില്‍ കാണുന്നതെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടയ സംഘര്‍ഷത്തില്‍ പോലീസ് ഇടപെട്ട് എസ്.എഫ്.ഐ നേതാവിനെ പോലീസ് ജീപ്പില്‍ കയറ്റിയതിനെ ചോദ്യം ചെയ്ത് സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി കളമശ്ശേരി എസ്.ഐയെ ഫോണില്‍ വിളിച്ച് തട്ടിക്കയറിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.

എസ്.ഐക്കെതിരെ പരാതി നല്‍കുമെന്ന് സക്കീര്‍ ഹുസൈന്‍

കൊച്ചി- ഫോണ്‍ സംഭാഷണം ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയ കളമശ്ശേരി എസ്.ഐക്കെതിരെ പരാതി നല്‍കുമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. എസ്.ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എസ്.ഐയെ വിളിച്ചത്.
ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് എസ്.ഐയുടെ സ്ഥിരം പരിപാടിയാണ്. മേലുദ്യോഗസ്ഥരുടെ അടക്കം ഫോണ്‍ സംഭാഷണം എസ്.ഐ റെക്കോര്‍ഡ് ചെയ്യാറുണ്ടെന്നും സക്കീര്‍ ഹുസൈന്‍ ആരോപിച്ചു. എസ്.ഐയുടെ രാഷ്ട്രീയ നിലപാടുകളും തന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തു പുറത്തു വിടാന്‍ കാരണമാണെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

 

 

 

 

Latest News