Sorry, you need to enable JavaScript to visit this website.

അഭയ കേസ്: ഇൻക്വസ്റ്റ് റിപ്പോർട്ടിലെ  ഒപ്പും വ്യാജമെന്ന് മൊഴി

തിരുവനന്തപുരം- സിസ്റ്റർ അഭയയുടെ യഥാർഥ ഇൻക്വസ്റ്റ് റിപ്പോർട്ട് നശിപ്പിച്ച ശേഷം കോട്ടയം വെസ്റ്റ് പോലീസ്  സ്‌റ്റേഷനിൽവെച്ച് അഡീഷണൽ എസ്.ഐ വി.വി.അഗസ്റ്റിൻ തയ്യാറാക്കിയ വ്യാജ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ ഒപ്പ് തന്റേതല്ലെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ  സാക്ഷിമൊഴി. കേസിലെ മുപ്പതാം സാക്ഷിയായ ജോൺ സ്‌ക്കറിയ ആണ് തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ സാക്ഷിമൊഴി നൽകിയത്. 
സിസ്റ്റർ അഭയ മരിച്ച 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽനിന്നും അഭയയുടെ മൃതദേഹം കരക്കെടുത്ത ശേഷം അവിടെവച്ച് തയ്യാറാക്കിയതെന്ന രീതിയിൽ പോലീസ് സ്‌റ്റേഷനിൽവെച്ച് ഉണ്ടാക്കിയ വ്യാജ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് സാക്ഷിയായി ജോൺ സ്‌ക്കറിയയുടെ ഒപ്പ് വ്യാജമായി ചമച്ച് കോട്ടയം ആർ.ഡി.ഒ കോടതിയിൽ ഹാജരാക്കിയത്. അസ്വാഭാവിക മരണത്തിന് എടുത്ത കേസിന്റെ എഫ്.ഐ.ആറിനൊപ്പമാണ് കൊലപാതക സംഗതികൾ മാറ്റിമറിച്ച വ്യാജ ഇൻക്വസ്റ്റ് റിപ്പോർട്ട് ഹാജരാക്കിയത്. 
ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സാക്ഷിയായി വ്യാജ ഒപ്പിട്ട രേഖ ആർ.ഡി.ഒ കോടതിയിൽ നിന്നും ശേഖരിച്ച് സി.ബി.ഐ ഹാജരാക്കിയത് സാക്ഷി തിരിച്ചറിഞ്ഞു. ഇതു സംബന്ധിച്ച് താൻ മുമ്പ് സി.ബി.ഐയ്ക്ക് മൊഴി നൽകിയിട്ടുണ്ടെന്നും സാക്ഷി ജോൺ സ്‌കറിയ സി.ബി.ഐ കോടതിയിൽ മൊഴി നൽകി.  
ലോക്കൽ പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യാജമാണെന്ന് തെളിയിക്കുന്ന വിധത്തിലുള്ള മൊഴികളാണ് എട്ടാം സാക്ഷി ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയ സംഘത്തിലുണ്ടായിരുന്ന പോലീസ് ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന എം.എം.തോമസും പതിനാലാം സാക്ഷി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥനായിരുന്ന വാമദേവനും കോടതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയത്.  
ഇൻക്വസ്റ്റ് റിപ്പോർട്ട് കൃത്രിമമായി തയ്യാറാക്കിയ കുറ്റത്തിന് കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ അന്നത്തെ അഡിഷണൽ എസ്.ഐ.അഗസ്റ്റിനെ സി.ബി.ഐ അഭയ കൊലക്കേസിൽ തെളിവ് നശിപ്പിച്ചതിന് പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു. എന്നാൽ അഗസ്റ്റിൻ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. സിസ്റ്റർ അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള വിചാരണയാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ നടക്കുന്നത്.
 

Latest News