Sorry, you need to enable JavaScript to visit this website.

വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തരൂരിന്റെ വിഡിയോയുമായി കോണ്‍ഗ്രസ്-video

ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ തുടരുന്ന ഭരണഘടനാ വിരുദ്ധ നടപടികളുടെ പേരില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിക്കുന്ന മുതിര്‍ന്ന നേതാവ് ശശി തരൂരിന്റെ വീഡിയോ കോണ്‍ഗ്രസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 നീക്കി ഒരുമാസമായിട്ടും കശ്മീരില്‍ രാഷ്ടീയ നേതാക്കളെ തടവിലിട്ടും വിദ്യാലയങ്ങള്‍ അടച്ചും ആശയവിനിമയ സ്വാതന്ത്ര്യം നിഷേധിച്ചും കേന്ദ്ര സര്‍ക്കാര്‍ ഭരണഘനാ വിരുദ്ധ നടപടികള്‍ തുടരുകയാണ്. ഇന്ന് കശ്മീരില്‍ സംഭവിക്കുന്നത് നാലെ ഇന്ത്യയുടെ ഏതു ഭാഗത്തും സംഭവിക്കാമെന്നും ശശി തരൂര്‍ എം.പി മുന്നറയിപ്പ് നല്‍കുന്നു.
ആശങ്കകളില്ലാതെ മക്കളെ സ്‌കൂളുകളില്‍ വിട്ട് മടങ്ങാന്‍ എപ്പോഴാണ് കശ്മീരി മാതാപിതാക്കള്‍ക്ക് സാധിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു. സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധ നടപടികള്‍ സ്വീകരിച്ച് ഒരു മാസമായിട്ടും സ്ഥിതിഗതികളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് അവിടെനിന്ന് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരമമെന്ന് തരുര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പദവി മാറ്റിയത് നിയമസഭ സസ്‌പെന്‍ഡ് ചെയ്ത വേളയിലാണ്. കേന്ദ്രത്തിന് ആവശ്യമായത് നടപ്പിലാക്കാന്‍ കേന്ദ്രം നിയോഗിച്ച ഗവര്‍ണര്‍ തീരുമാനിച്ചു. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റിലേക്ക് പ്രശ്‌നം കൊണ്ടുവരുമ്പോള്‍ നാല് കശ്മീര്‍ എം.പിമാരില്‍ ഒരാള്‍ ശ്രീനഗറില്‍ വീട്ടുതടങ്കലിലായിരുന്നു-തരൂര്‍ വിശദീകരിച്ചു.
കശ്മീര്‍, അയോധ്യ വിഷയങ്ങളില്‍ താന്‍ ബി.ജെ.പി നിലപാടിനെ പിന്തുണച്ചുവെന്ന് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നുവെന്ന് ശശി തരൂര്‍ നേരത്തെ പറഞ്ഞിരുന്നു.  ഇക്കാര്യത്തില്‍ തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും ഒരിക്കലും മാറില്ലെന്നും തരൂര്‍ വ്യക്തമാക്കി. ഞാനെന്താണ് പറഞ്ഞതെന്ന് വായിക്കണമെന്നും മറ്റുള്ളവരുടെ കണ്ടെത്തലുകള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര നിലപാട് ശരിയാണെന്നുമുള്ള തരത്തില്‍ ശശി തരൂര്‍ പ്രതികരിച്ചുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.

 

Latest News