Sorry, you need to enable JavaScript to visit this website.

പരിസ്ഥിതി ശോഷണത്തിനു കാരണം തെറ്റായ വികസന നയം -പ്രൊഫ. ഗാഡ്ഗിൽ

മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട്ട് ഉരുൾപൊട്ടി മണ്ണിനടിയിലായ പുത്തുമലയിൽ പ്രൊഫ. മാധവ് ഗാഡ്ഗിൽ സന്ദർശനം നടത്തുന്നു. 

കൽപറ്റ-പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ശോഷണത്തിനു കാരണം തെറ്റായ വികസന നയങ്ങളാണെന്നു  പ്രൊഫ.മാധവ് ഗാഡ്ഗിൽ. ലളിത്മഹൽ ഓഡിറ്റോറിയിൽ പശ്ചിമഘട്ട വികസനവും വയനാടിന്റെ ഭാവിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി അധ്യക്ഷനായിരുന്ന അദ്ദേഹം. വയനാട്ടിലെ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.  
പ്രകൃതിവിഭവങ്ങൾ കനത്ത ലഭേഛയോടെ വ്യാവസായിക ആവശ്യങ്ങൾക്കായി ചൂഷണം ചെയ്തതാണ് പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയിൽ കനത്ത ആഘാതം ഏൽപിച്ചതെന്നു പ്രൊഫ.ഗാഡ്ഗിൽ പറഞ്ഞു. 
ശാസ്ത്രജ്ഞൻ എന്ന നിലയിൽ 1971 മുതൽ പശ്ചിമഘട്ടം തന്റെ പഠന-ഗവേഷണ വിഷയമാണ്. പ്രകൃതി വിഭവങ്ങളെ ഉപജീവനത്തിനു നേരിട്ടു ആശ്രയിക്കുന്ന സമൂഹം യഥാർഥത്തിൽ പരിസ്ഥിതിയെ ദുർബലപ്പെടുത്തുന്നില്ല. പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണ് സാധാരണ ജനവിഭാഗം. 
വികസന പദ്ധതികളും  നയവും മുകളിൽനിന്നു താഴേക്കു അടിച്ചേൽപിക്കുകയാണ്. വികസന വിഷയങ്ങളിൽ പഞ്ചായത്തുതല ആസൂത്രണത്തിനു  പ്രാധാന്യം ലഭിക്കുന്നില്ല. നയരൂപീകരണത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കു പങ്കാളിത്തം ഉണ്ടാകുന്നില്ല. മേൽത്തട്ടിൽ ആസൂത്രണം ചെയ്തു ഉദ്യോഗസ്ഥർ മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ ജനവിരുദ്ധമായി ഭവിക്കുന്നു.
പശ്ചിമഘട്ട സംരക്ഷണത്തിനു താൻ അധ്യക്ഷനായ സമിതി സമർപ്പിച്ച ശുപാർശകളെ ശരിയായ രീതിയിൽ കാണാത്തവർ നിരവധിയാണ്. പഞ്ചായത്തുതലത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങൾ അടയാളപ്പെടുത്തുന്നത് കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം സാധ്യമായിരുന്നില്ല. ഈ ജോലി  അതത് പ്രദേശത്തെ ജനങ്ങൾക്കു വിട്ടുകൊടുക്കുകയാണുണ്ടായത്. പരിസ്ഥിതി ലോല പ്രദേശ നിർണയത്തിൽ വിശാല വീക്ഷണത്തോടെ ചില നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുെവച്ചത്. ഈ നിർദേശങ്ങൾ ശരിയാണെന്ന നിലപാടും കമ്മിറ്റിക്കു ഉണ്ടായിരുന്നില്ല. ഏതെങ്കിലും നിർദേശം നടപ്പിലാക്കണമെന്നു ശക്തമായി ശുപാർശ ചെയ്തിട്ടുമില്ല. റിപ്പോർട്ട് പ്രദേശിക ഭാഷകളിൽ തർജമ ചെയ്ത് ജനങ്ങൾക്കു ലഭ്യമാക്കി ഗ്രാമസഭകളിലും വാർഡുതലങ്ങളിലും ചർച്ച ചെയ്തു ആവശ്യമായ തീരുമാനങ്ങളെടുക്കണമെന്നു കമ്മിറ്റി നിർദേശിച്ചെങ്കിലും ദൗർഭാഗ്യവശാൽ അങ്ങനെ ഉണ്ടായില്ല.  പരിസ്ഥിതി സംരക്ഷണത്തിനു പുതിയ നിയമങ്ങൾ നടപ്പിലാക്കണമെന്നു കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിക്കുന്നില്ല. 
പരിസ്ഥിതി സംരക്ഷണ പരിപാടികൾ മുകളിൽനിന്നു താഴേക്കു അടിച്ചേൽപിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ കേരളത്തിലുമുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഇ.എഫ്.എൽ(ഇക്കോളജിക്കലി ഫ്രൈജൽ ലാൻഡ്) നിയമം. ചെറുകിട കർഷകരുടേതിനു പുറമെ  ഭരണഘടന പ്രത്യേക പരിരക്ഷ നൽകുന്ന ആദിവാസികളുടെ ഭൂമി പോലും ഇ.എഫ്.എൽ നിയമപ്രകാരം ഏറ്റെടുക്കുകയുണ്ടായി.
ഇക്കോളജിക്കലി ഫ്രജൈൽ ലാൻഡിനും  ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയയ്ക്കും(ഇ.എസ്.എ) മലയാളത്തിൽ ഒരേ അർത്ഥമാണ്. ഇതും തെറ്റിദ്ധാരണയ്ക്കു കാരണമായി.  ഇ.എഫ്.എൽ നിയമത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചവർ ഒരു പ്രദേശം പരിസ്ഥിതി സംവേദക മേഖലയായി പ്രഖ്യാപിക്കുന്നതിനെയും ഭയന്നു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ശാസ്ത്രീയമാണോ എന്നു സംശയിച്ചവർ തുടർച്ചായി ഉണ്ടായ  പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മാറി ചിന്തിക്കുന്നുണ്ട്. റിപ്പോർട്ടിൽ പരിസ്ഥിതി സംവേദക മേഖലകളായി ചൂണ്ടിക്കാണിച്ച പ്രദേശങ്ങളിലാണ് പ്രകൃതി ദുരന്തം കൂടുതൽ ആഘാതം ഏൽപിച്ചത്. 
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്കു വേണ്ടിയല്ല വികസനവും പരിസ്ഥിതി സംരക്ഷണവും നടത്തുന്നത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഏതു നിയമങ്ങൾ നടപ്പിലാക്കുന്നതു നോക്കിയാലും ഇതു മനസ്സിലാകും. പലപ്പോഴും നിക്ഷിപ്ത താൽപര്യങ്ങൾക്കു അടിപ്പെട്ടാണ് സർക്കാരുകളുടെ പ്രവർത്തനം. ജനവിരുദ്ധ നയങ്ങളും നിലപാടുകളും ഭരണകർത്താക്കൾ അവസാനിപ്പിക്കണെന്നു പറയാൻ സമയമായെന്നും പ്രൊഫ.ഗാഡ്ഗിൽ പറഞ്ഞു. 
അഡ്വ.പി.ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകരായ പി.കെ. ഉത്തമൻ, ഹരീഷ് വാസുദേവൻ, വർഗീസ് വട്ടേക്കാട്ടിൽ, വിനോദ് പയ്യട എന്നിവർ പ്രസംഗിച്ചു. എൻ.ബാദുഷ സ്വാഗതം പറഞ്ഞു.
മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട് ഉരുൾപൊട്ടി മണ്ണിൽ പുതഞ്ഞ പുത്തുമല പ്രദേശം പരിസ്ഥിതി പ്രവർത്തകർക്കൊപ്പം സന്ദർശിച്ച ശേഷമാണ് പ്രൊഫ.ഗാഡ്ഗിൽ പ്രഭാഷണത്തിനു എത്തിയത്. 

 

 

Latest News