Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്‌ലിം ലീഗ് നേതൃയോഗത്തിലെ തർക്കം: വാർത്ത ഭാവനാസൃഷ്ടിയെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് - മുസ്‌ലിം ലീഗ് നേതൃയോഗത്തെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഭാവനാസൃഷ്ടി മാത്രമാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സൃഷ്ടിച്ചെടുക്കുന്ന വാർത്തകൾക്ക് യാതൊരു പ്രസക്തിയുമില്ല. അതു മറുപടി അർഹിക്കുന്നുമില്ല. കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഏതു വിഷയത്തെ കുറിച്ചും പത്രക്കാർക്ക് എഴുതാം. കാര്യങ്ങളെ വഴുതനങ്ങയായും കുമ്പളങ്ങയായും വിശേഷിപ്പിക്കാം. എന്നാൽ അതിനു മറുപടി താനല്ല പറയേണ്ടത്. വാർത്തകൾ ലീഗിൽനിന്ന് തന്നെ ചോർന്നതാണെങ്കിൽ പ്രതികരണമെന്തെന്ന ചോദ്യത്തിന് അതു കഴിഞ്ഞ വിഷയമാണെന്നും നിങ്ങൾ എങ്ങനെ തിരിച്ചും മറിച്ചും ചോദിച്ചാലും ഇതിൽ കൂടുതൽ മറുപടി ലഭിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  
രാജ്യം വലിയ വെല്ലുവിളി നേരിടുമ്പോൾ മതേതര ചേരിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടതെന്നും മാധ്യമപ്രവർത്തകരും ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടു കൂടി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ മതേതര ചേരിയിലെ ചെറിയ ചെറിയ പ്രശ്‌നങ്ങളെ വലുതാക്കി അവതരിപ്പിച്ച് പലപ്പോഴും ഇത്തരം നീക്കങ്ങളെ നീക്കങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചിലരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
പൗരത്വ ബിൽ, മുത്തലാഖ് പോലുള്ള വിഷയങ്ങളിൽ മുസ്‌ലിം ലീഗ് എടുത്ത നിലപാട് മറ്റു രാഷ്ട്രീയ കക്ഷികളുൾപ്പെടെ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്തതാണ്. പാർട്ടിയുടെ എം.പിമാർ ഇക്കാര്യത്തിൽ പാർലമെന്റിനകത്തു നടത്തിയ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സി.പി.എമ്മിനെ പോലെ ലോക്‌സഭയിൽ ഒന്നും രാജ്യസഭയിൽ മറ്റൊരു നിലപാടും സ്വീകരിക്കേണ്ട അവസ്ഥ പാർട്ടിക്കുണ്ടായിട്ടില്ല. 
പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും നാമനിർദേശ പത്രിക പിൻവലിക്കുന്ന സമയം കഴിയുന്നതോടു കൂടി തീരും. അതിൽ ആശങ്ക വേണ്ട. 
കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ പുതിയ സംഘങ്ങൾ രൂപപ്പെട്ടുവരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, താൻ ഇതുപോലുള്ള എത്ര സംഘങ്ങളെ കണ്ടതാണെന്നു നിങ്ങൾക്കറിയാമല്ലോ എന്നായിരുന്നു പ്രതികരണം.
ഭയരഹിത ഭാരതം, ഇന്ത്യ എല്ലാവരുടേതും എന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് ദേശീയ പ്രചാരണത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല റാലി ഒക്ടോബർ രണ്ടിന് കോഴിക്കോട്ട് നടക്കും. ഈ മാസം 21 ന് സംസ്ഥാന വാർഷിക കൗൺസിലും നടക്കും. മതേതര പാർട്ടികളുടെ ഐക്യത്തിനായി മുൻകയ്യെടുത്തുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കഴിഞ്ഞ ദിവസം ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കളെ കൂടാതെ എംഎൽഎമാർ, എംപിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 

Latest News