Sorry, you need to enable JavaScript to visit this website.

ടെക്‌നോളജിയും തൊഴിലും റോബോട്ടുകൾ വീട് പണിയുമ്പോൾ 

കംപ്യൂട്ടറുകളേയും യന്ത്രങ്ങളേയും അതിജയിക്കാനും മത്സരിക്കാനും മനുഷ്യർക്കുള്ള ശേഷി കുറഞ്ഞുവരികയാണെന്നത് യാഥാർഥ്യമാണ്.  

റോബോട്ടുകൾ വരട്ടെ, അവ പുതിയ ജോലികൾ കൊണ്ടുവരുമെന്നാണ് പൊതുവ പറയാറുള്ളത്. സാങ്കേതിക പുരോഗതിയുടേയും വികസനത്തിന്റേയും വക്താക്കൾക്ക് അങ്ങനെ മാത്രമേ പറയാൻ കഴിയൂ. 
ഇന്ന് നാം കൈ കൊണ്ട് ചെയ്യുന്ന ജോലി നിർവഹിക്കാൻ നാളെ റോബോട്ട് എത്തുകയില്ലെന്ന് ഒരു ഉറപ്പുമില്ല. കൃത്രിമ ബുദ്ധിയും റോബോട്ടിക് ടെക്‌നോളജിയും ഓരോ ദിവസവും പുതിയ പുതിയ മേഖലകൾ കീഴടക്കിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കാറുള്ള വ്യാവസായിക, സാങ്കേതിക പ്രദർശനങ്ങളിൽ മനുഷ്യന്റെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങൾ മാത്രമല്ല, നിർമാണത്തിന് മനുഷ്യ കരങ്ങൾ ആവശ്യമേയില്ലാത്ത സംവിധാനങ്ങളും അവതരിപ്പിക്കപ്പെടുന്നു. 
തൊഴിൽ ലഭ്യത കുറയ്ക്കുന്നതിൽ റോബോട്ടുകളുടെ പങ്ക് വർധിച്ചുവരുന്നു. സാങ്കേതിക വിദ്യയുടെ പുരോഗതി അതിന് ആവശ്യമായ തൊഴിലുകൾ സൃഷ്ടിക്കുമെന്ന വാദം ഇപ്പോഴും പ്രസക്തമാണ്. സോഫ്റ്റ്‌വെയർ എൻജിനീയർമാരായും സിസ്റ്റം ആർക്കിടെക്ടുകളായും ഐ.ടി മേഖലയിൽ സൃഷ്ടിക്കപ്പെട്ട ജോലികൾ ഇന്ന് പക്ഷേ, വലിയ വെല്ലുവിളികൾ നേരിടുകയാണ്. വലിയ വേതനവും സൗകര്യങ്ങളും ആകർഷകമാക്കിയിരുന്ന ഈ മേഖലയിൽ ഇപ്പോൾ വേതനം താഴോട്ടുവന്നുകൊണ്ടേയിരിക്കുന്നു. ആവശ്യത്തിലേറെ എൻജിനീയർമാരാണ് ഐ.ടി മേഖലയിൽ നിറഞ്ഞിരിക്കുന്നത്. 
ദശലക്ഷക്കണക്കിന് ഐ.ടി പ്രൊഫഷണലുകളെ സ്വീകരിക്കാൻ ഏതു തരത്തിലുള്ള ജോലികളാണ് വരാനിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. റോബോട്ടുകളും ത്രിമാന പ്രിന്റിംഗ് ടെക്‌നോളജിയും പുതിയ ജോലികൾ സൃഷ്ടിക്കുമെന്ന വാദം വിജയിക്കുന്നുവെന്നല്ലാതെ പ്രായോഗിക തലത്തൽ വലിയ വെല്ലുവിളിയാണ് നേരിടാനിരിക്കുന്നത്.
വ്യാവസായിക വിപ്ലവങ്ങളുടെ കാലത്ത് തൊഴിലുകളും തൊഴിലാളികളേയും സംരക്ഷിക്കാൻ സർക്കാരുകളുടെ ഇടപടലുകൾക്ക് സാധിച്ചിരുന്നു. എല്ലാം വിപണിക്ക് വിട്ടുകൊടുത്തുകൊണ്ട് സർക്കാരുകൾ മാറി നിൽക്കുന്ന ഉദാരവൽക്കരണത്തിന്റേയും ആഗോളീകരണത്തിന്റേയും കാലമാണ് ഇന്ന്. പട്ടിണിയും സമരവുമാണ് വ്യാവസായിക വിപ്ലവത്തിൽ തൊഴിൽ സംരക്ഷണ നീക്കങ്ങൾക്ക് സർക്കാരുകളെ പ്രേരിപ്പിച്ചതെങ്കിൽ റോബോട്ടുകൾ ഞെക്കിക്കൊല്ലാൻ വരുന്ന തൊഴിലാളികളെ രക്ഷിക്കാനും അതേ ഇടപെടലുകൾ തന്നെ വേണ്ടി വരും. 
കംപ്യൂട്ടറുകളേയും യന്ത്രങ്ങളേയും അതിജയിക്കാനും മത്സരിക്കാനും മനുഷ്യർക്കുള്ള ശേഷി കുറഞ്ഞുവരികയാണെന്നത് യാഥാർഥ്യമാണ്.  
കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സന്നിവേശിപ്പിക്കുന്നത് റോബോട്ടിക് ടെക്‌നോളജിക്ക് മേൽക്കൈ നേടിക്കൊടുക്കുന്നുണ്ടെങ്കിലും മനുഷ്യനും റോബോട്ടും സഹകരിച്ചുകൊണ്ടുള്ള പുതിയ മേച്ചിൽപുറങ്ങൾ സാധ്യമാകുമെന്നതാണ് പ്രതീക്ഷ. റോബോട്ടുകൾക്കും ത്രിമാന പ്രിന്റിംഗിനും മുൻതൂക്കമുള്ള മൂന്നുനില പാർപ്പിടം അടുത്ത വർഷത്തോടെ പൂർത്തിയാകാനിരിക്കയാണ്. ഇതിന്റെ രൂപകൽപനയും ആസൂതണവും നിർവഹിച്ചിരിക്കുന്നത് റോബോട്ടുകളാണ്. ലോകത്തെ ആദ്യത്തെ ഡിഎഫ്എബി ഹൗസ് നിർമിക്കുന്നത് ഇടിഎച്ച് സൂറിച്ചാണ്. 
സാങ്കേതിക വിദ്യകൾ ലാബിൽനിന്ന് പുറത്തിറങ്ങി നിർമാണത്തിൽ നേരിട്ട് പങ്കാളിത്തം വഹിക്കുമ്പോൾ പരമ്പരാഗത കെട്ടിട നിർമാണ സാമഗ്രികൾക്ക് വളരെ ചെറിയ സ്വാധീനമേയുള്ളൂ. അത്യാവശ്യത്തിനു മാത്രമേ അവ ഉപയോഗിക്കൂ. വിവിധ സാങ്കേതിക വിദ്യകളാണ് ഇവിടെ സംയോജിപ്പിക്കുന്നത്. 
ഡിജിറ്റൽ ടെക്‌നോളജിയും മനുഷ്യനും തമ്മിലുള്ള സഹകരണം ഇതുപോലെ പല മേഖലകളിലേക്കും വ്യാപിക്കുമെന്നും അതുവഴി തൊഴിൽ മേഖല അഭിമുഖീകരിക്കാനിരിക്കുന്ന വെല്ലുവിളികളെ അതിജയിക്കുമെന്നും വിദഗ്ധർ പ്രതീക്ഷിക്കുന്നു. 
 

Latest News