Sorry, you need to enable JavaScript to visit this website.

എ.ടി.എം കാർഡിലെ വിവരങ്ങൾ ചോർത്തി തട്ടിപ്പ്: സൗദിയില്‍ കാഷ്യർക്കെതിരെ നിയമ നടപടി

റിയാദ് - സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ഫാർമസിയിലെ കാഷ്യർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതിക്കെതിരായ കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറിയിട്ടുണ്ട്. ഫാർമസിയിൽ പോയന്റ് ഓഫ് സെയിൽ ഉപകരണം വഴി പണമടച്ച ഉപയോക്താവിന്റെ എ.ടി.എം കാർഡിലെ വിവരങ്ങൾ ചോർത്തി കാഷ്യർ ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം കവരുകയായിരുന്നു. ഉപയോക്താവിന്റെ ശ്രദ്ധയിൽ പെടാതെ തന്ത്രപൂർവം മൊബൈൽ ഫോൺ ഉപയോഗിച്ച് എ.ടി.എം കാർഡിന്റെ മുൻവശവും പിൻഭാഗവും ചിത്രീകരിച്ച പ്രതി പിന്നീട് എ.ടി.എം കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് ഓൺലൈൻ വഴി നാലു പർച്ചേയ്‌സിംഗുകൾ നടത്തുകയായിരുന്നു. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതായി ബാങ്കിൽ നിന്ന് എസ്.എം.എസുകൾ വഴി വിവരം ലഭിച്ചതിനെ തുടർന്ന് ഉപയോക്താവ് സുരക്ഷാ വകുപ്പുകൾക്ക് പരാതി നൽകുകയായിരുന്നു. 


തുടർന്ന് ഫാർമസിയിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ കാഷ്യർ കംപ്യൂട്ടർ സ്‌ക്രീനിനു മുന്നിൽ മറച്ചുപിടിച്ച് ഉപയോക്താവിന്റെ എ.ടി.എം കാർഡിന്റെ ഫോട്ടോകളെടുത്തതായി തെളിഞ്ഞു. ഉപയോക്താവ് സ്ഥലം വിട്ട ശേഷം കാർഡിലെ വിവരങ്ങൾ ഉപയോഗപ്പെടുത്തി പ്രതി നാലു തവണ ഓൺലൈൻ പർച്ചേയ്‌സിംഗുകൾ നടത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തി. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിൽ നിന്ന് തുടർച്ചയായി നാലു തവണ എ.ടി.എം കാർഡ് ഉപയോഗിച്ച് ഓൺലൈൻ പർച്ചേയ്‌സിംഗുകൾ നടത്തിയതായും തെളിഞ്ഞു. 


ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ ക്രൈം, പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ അനുസരിച്ച ശിക്ഷ വിധിക്കുന്നതിന് പ്രതിക്കെതിരായ മുഴുവൻ കേസ് രേഖകളും ബന്ധപ്പെട്ട കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സൈബർ ക്രൈം, പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ പ്രകാരം പ്രതിക്ക് രണ്ടു മുതൽ പത്തു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. 

 

Latest News