Sorry, you need to enable JavaScript to visit this website.

ഭീകരവാദ കേസല്‍ വിദേശിയെ സൗദി കോടതി വിചാരണ ചെയ്യുന്നു

റിയാദ് - ഭീകരവാദ കേസിൽ കാനഡക്കാരനെ റിയാദിലെ പ്രത്യേക കോടതിയിൽ വിചാരണ ചെയ്യുന്നു. അനധികൃത രീതിയിൽ ലബനോനിലേക്ക് പണം അയച്ചെന്നും ഭീകര സംഘടനകളെ പിന്തുണക്കുന്ന വീഡിയോ ക്ലിപ്പിംഗുകളും ഫോട്ടോകളും കൈവശം വെച്ചു എന്നുമുള്ള ആരോപണങ്ങളാണ് പ്രതി നേരിടുന്നത്. അൽഖാഇദ, ഐ.എസ് അടക്കമുള്ള ഭീകര സംഘടനകളെയും അൽഖാഇദ നേതാക്കളായ ഉസാമ ബിൻ ലാദിൻ, അബൂമിസ്അബ് അൽസർഖാവി എന്നിവരുടെയും മറ്റു ആയുധധാരികളായ ഭീകരരുടെയും ഫോട്ടോകളും ഭീകര സംഘടനകളെ പിന്തുണക്കുന്ന വോയ്‌സ്, വീഡിയോ ക്ലിപ്പിംഗുകളും പ്രതിയുടെ മൊബൈൽ ഫോണിൽ കണ്ടെത്തിയിരുന്നു. സൗദി ഭരണാധികാരികൾക്ക് അപകീർത്തിയുണ്ടാക്കുന്ന ഫോട്ടോകളും പ്രതിയുടെ മൊബൈൽ ഫോണിൽ കണ്ടെത്തിയിരുന്നു. ഭീകരർ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റിൽ വ്യാജ പേരിൽ കാനഡക്കാരൻ രജിസ്റ്ററും ചെയ്തിരുന്നു. 


ഒരു തവണ ലബനോനിലെ റെഡ് ക്രോസിന് പണം അയച്ചിരുന്നെന്നും മറ്റാരോ ഉപയോഗിച്ച ശേഷം വിൽപന നടത്തിയ പഴയ ഫോൺ താൻ വാങ്ങിയിരുന്നെന്നും അറസ്റ്റിലാകുമ്പോൾ തന്റെ പക്കൽ ഈ ഫോണുണ്ടായിരുന്നെന്നും ഇതിനകത്ത് എന്തെല്ലാമാണുള്ളതെന്ന് തനിക്കറിയില്ലായിരുന്നെന്നും പ്രതി കോടതിയിൽ വാദിച്ചു. പതിനഞ്ചു വർഷം മുമ്പാണ് വാർത്തകൾ വീക്ഷിക്കുന്നതിനു വേണ്ടി മാത്രം ഭീകരരുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത്. വെബ്‌സൈറ്റിലെ തന്റെ യൂസർനെയിമോ പാസ്‌വേർഡോ ഇപ്പോൾ അറിയില്ലെന്നും വെബ്‌സൈറ്റ് വഴി പണം നൽകിയിട്ടില്ലെന്നും പ്രതി വാദിച്ചു. 


ഈ വാദങ്ങളെയെല്ലാം പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തു. കുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. വിചാരണക്ക് സാക്ഷിയാകുന്നതിന് മാധ്യമ പ്രവർത്തകരും കോടതിയിലെത്തിയിരുന്നു. റിയാദ് കനേഡിയൻ എംബസി പ്രതിനിധികൾക്കും മെയിൽ നഴ്‌സിനും വിവർത്തകനും ഒപ്പമാണ് പ്രതി കോടതിയിൽ ഹാജരായത്. നിലവിലുള്ള ജയിലിൽ നിന്ന് കുടുംബം കഴിയുന്ന താമസ സ്ഥലത്തിന് കൂടുതൽ അടുത്തുള്ള മറ്റൊരു ജയിലിലേക്ക് തന്നെ മാറ്റണമെന്ന് പ്രതി കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് കത്തയക്കുന്നതിന് ജഡ്ജി നിർദേശിച്ചു. 

Latest News