Sorry, you need to enable JavaScript to visit this website.

വിമാന കമ്പനികളെ  സഹായിക്കാൻ നിർമിത ബുദ്ധി

ഇന്ധന വിലവർധനയടക്കം പല കാരണങ്ങളാൽ പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനികളെ സഹായിക്കാൻ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്റ്റാർട്ടപ്പുകൾ രംഗത്ത്. വിമാന യാത്രക്ക് ഡിമാൻഡ് വർധിക്കുന്ന സന്ദർഭങ്ങൾ മുൻകൂട്ടി അറിയിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) വഴി സാധ്യമാകുമെന്നാണ് അതിനായുള്ള ഫോർകാസ്റ്റിംഗ് ടൂളുകൾ വികസിപ്പിച്ച ടെക്‌നോളജി സ്റ്റാർട്ടപ്പുകൾ അവകാശപ്പെടുന്നത്.
ഡിമാൻഡ് ഇന്റലിജൻസ് കമ്പനിയായ പ്രെഡിക്റ്റ് എച്ച്ക്യൂ ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തങ്ങളുടെ പ്രൊഡക്റ്റ് ഏവിയേഷൻ റാങ്ക് പ്രഖ്യാപിച്ചു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കാനിരിക്കുന്ന പ്രധാന സംഭവങ്ങളെക്കുറിച്ച് വിമാനക്കമ്പനികളെ മുൻകൂട്ടി അറിയിക്കുന്ന അലർട്ട് സംവിധാനമാണിത്.  
ഇതേസമയം തന്നെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുകൊണ്ട് ബുക്കിംഗ് സംവിധാനത്തിൽ മാറ്റം വരുത്തി ഉപഭോക്താക്കളിൽനിന്ന് പരമാവധി വരുമാനം നേടാൻ  വിമാന കമ്പനികളെ സഹായിക്കുകയും ചെയ്യുന്നു. ആഗോള തലത്തിലുള്ള വിമാന കമ്പനികളുടെ  ലാഭം ഈ വർഷം ഏഴു  ശതമാനം ഇടിഞ്ഞ് 28 ബില്യൺ ഡോളറിലെത്തുമെന്ന പ്രവചനങ്ങൾക്കിടെയാണ് വിമാനക്കമ്പനികൾ ഇത്തരം സംവിധാനങ്ങളിലേക്ക് തിരിയുന്നത്. കമ്പനികൾ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന്  അന്താരാഷ്ട്ര എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (അയാട്ട) കണക്കുകൾ വ്യക്തമാക്കുന്നു. 
വർധിക്കുന്ന ഇന്ധന വില, വേതന വർധന, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ചെലവ് എന്നിവക്കു പുറമെ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം തുടരുന്നതിനാൽ ചരക്ക് വിമാനങ്ങൾ കാലിയായതും കമ്പനികളെ പ്രതിസന്ധിയിലേക്ക് തള്ളുന്നു.
വിവിധ വ്യവസായ മേഖലകളിലേക്ക് നിർമിത ബുദ്ധി കടന്നു കയറുകയാണ്. വ്യോമയാന രംഗത്ത് നിലവിൽ ഉപഭോക്തൃ സേവനച്ചെലവുകൾ കുറയ്ക്കുന്നതിനും കൂടുതൽ ഫലപ്രദമായ പരസ്യത്തിനും വിമാന പരിപാലനം മെച്ചപ്പെടുത്തുന്നതിനും നിർമിത ബുദ്ധി ഉപയോഗിക്കുന്നു. നിർമിത ബുദ്ധി ഉപയോഗിച്ച് വെബ്‌സൈറ്റ് ചാറ്റ്‌ബോട്ടുകളിലൂടെയാണ് ഉപഭോക്തൃ സേവന ചെലവുകൾ കുറയ്ക്കുന്നത്. 
സമ്മേളനങ്ങൾ, സംഗീതോത്സവങ്ങൾ, കായിക മത്സരങ്ങൾ തുടങ്ങിയവയെ കുറിച്ച് വിമാന കമ്പനികളെ ഉണർത്താൻ  പ്രെഡിക്റ്റ് എച്ച്ക്യൂവിന്റെ ഏവിയേഷൻ റാങ്കിന് കഴിയും. പ്രതിമാസം മൂവായിരത്തിലധികം പ്രധാന ഇവന്റുകളെ കുറിച്ച് വിവരങ്ങൾ നൽകാൻ സാധിക്കുമെന്നാണ് കരുതുന്നത്.  വിവിധ പരിപാടികളെ കുറിച്ച് മുൻകൂട്ടി അറിവു നൽകുക മാത്രമല്ല, അതിന്റെ പ്രാധാന്യമനുസരിച്ചുള്ള നിർദേശങ്ങൾ നൽകാനും കഴിയും. 
ഉയർന്ന ഡിമാൻഡ് മുതലെടുക്കുന്നതിനും കുറഞ്ഞ സമയം കൊണ്ട് സീറ്റുകൾ നിറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വിമാന കമ്പനികൾക്ക് ഇതുവഴി സാധിക്കുമെന്ന് പ്രെഡിക്റ്റ് എച്ച്ക്യൂവിന്റെ സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ചീഫ് എക്‌സിക്യൂട്ടീവ് ക്യാമ്പ്‌ബെൽ ബ്രൗൺ പറഞ്ഞു.
ഏതൊക്കെ പരിപാടികൾക്കാണ് ആളുകൾ വിമാന യാത്ര ചെയ്യുകയെന്ന് ഒരു മുറിയിലിരുന്ന് ആലോചിക്കുന്നതിനു പകരം വിമാന കമ്പനികൾ ഇപ്പോൾ തങ്ങളെ സമീപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 
വാർഷിക കോൺഫറൻസുകളിൽ പങ്കെടുക്കുന്ന  ആയിരക്കണക്കിന് പ്രതിനിധികൾ ദശലക്ഷക്കണക്കിന് ഡോളറാണ് യാത്രക്കായി ചെലവഴിക്കുന്നത്. ഓരോ വർഷവും വേദികളിൽ മാറ്റം വരുത്തുന്നതിനാൽ പഴയ ഡാറ്റ വെച്ചുകൊണ്ട് ചില റൂട്ടുകളിൽ ആവശ്യക്കാർ കൂടുമോ കുറയുമോ എന്നു പ്രവചിക്കുക പ്രയാസമാണ്. യന്ത്രത്തിന്റെ സഹായത്തോടെ ഈ പരിമതി മറികടക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ക്യാമ്പ്‌ബെൽ ബ്രൗൺ പറഞ്ഞു.
ഏവിയേഷൻ റാങ്കിന്റെ തുടക്കത്തിലുള്ള  ഉപഭോക്താക്കളിൽ ഒരു പ്രധാന ബ്രിട്ടീഷ് എയർലൈനും രണ്ട് യൂറോപ്യൻ കമ്പനികളും ഉൾപ്പെടുന്നുവെന്ന് പ്രെഡിക്ട് എച്ച്ക്യൂ പ്രസ്താവനയിൽ പറഞ്ഞു. 
വാണിജ്യ കാരണങ്ങളാൽ ഇവയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയില്ല. മറ്റു മേഖലകളിൽ ഊബർ ടെക്‌നോളജീസും ട്രാവൽ ഏജന്റായി ബുക്കിംഗ് ഹോൾഡിംഗും പ്രെഡിക്റ്റ് എച്ച്ക്യൂവിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. 
തടസ്സങ്ങളും  ഓവർബുക്കിംഗും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ക്വാണ്ടാസ് എയർവേയ്‌സിനേയും ജെറ്റ്ബ്ലൂ എയർവേയ്‌സിനേയും അറ്റ്‌ലാന്റ ആസ്ഥാനമായുള്ള വൊളാന്റിയോ സഹായിക്കുന്നു. 
ട്രാവൽ വൗച്ചറുകളും മറ്റും നൽകി മികച്ച വിലക്ക് സീറ്റുകൾ വീണ്ടും വിൽപന നടത്തുന്നതിനാണ് വൊളാന്റിയോ സഹായിക്കുന്നത്. അപ്‌ഗ്രേഡാണ് ആകർഷകമായ ഓഫറെന്ന് വൊളിന്റിയോ സി.ഇ.ഒ അസിം ബറോഡാവാല പറയുന്നു. 


 

Latest News