Sorry, you need to enable JavaScript to visit this website.

ജനാധിപത്യത്തിന് പകരമാവില്ല പെട്ടിയെടുപ്പ്‌

കേരളത്തിലെ രാഷ്ട്രീയ സംഘടനകൾക്ക് കരുത്തും ഊർജവും പകരുന്നതാണ് വിദേശ രാജ്യങ്ങളിലെ അവയുടെ പോഷക സംഘടനകൾ. കേരളത്തിന്റെ സാമ്പത്തിക തലത്തിൽ മാത്രമല്ല, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത മണ്ഡലങ്ങളിൽ പോലും സ്വാധീനിക്കാൻ തക്ക ശേഷി വിദേശത്തുള്ള പ്രവാസി സംഘടനകൾക്കുണ്ട്. രാഷ്ട്രീയ സംഘടനകളായാലും മത സംഘടനകളായാലും സാമ്പത്തിക സ്രോതസ്സിനായി കൂടുതലും ആശ്രയിക്കുന്നത് പ്രവാസി സംഘടനകളെയാണ്. എന്നാൽ നാട്ടിലെ മാതൃ സംഘടനകളിലൊന്നും അർഹിക്കുന്ന പ്രാധാന്യം വിദേശത്തുനിന്ന് തിരിച്ചെത്തിയവർക്കോ, വിദേശ രാജ്യങ്ങളിലെ പോഷക സംഘടനകളെ നയിക്കുന്നവർക്കോ ലഭിക്കാറില്ല. നേതൃതെരഞ്ഞെടുപ്പുകളിലേക്കു വരുമ്പോഴെല്ലാം ഇവർ തഴപ്പെടുകയാണ് പതിവ്. ഇതിൽനിന്നു വ്യത്യസ്തമായി നേതൃപദവിയിൽ കയറിക്കൂടണമെങ്കിൽ മടിശ്ശീലക്കു കനം വേണം. അതു മാത്രം മതിയാവില്ല, നാട്ടിലെ നേതാക്കളുടെ ഇഷ്ടക്കാരനും അവരുടെ സ്വാർഥ താൽപര്യങ്ങളുടെ പെട്ടിയെടുപ്പുകാരനും കൂടിയാവണം. എങ്കിലേ എവിടെയെങ്കിലുമൊക്കെ കയറിപ്പറ്റാനാവൂ. അതല്ലെങ്കിൽ ആശ്രിതന്മാരായി, സാമ്പത്തിക സ്രോതസ്സായി, നേതാക്കൾ വരുമ്പോൾ അവരെ താങ്ങിക്കൊണ്ടു നടക്കുന്ന സ്വീകരണ കമ്മിറ്റിക്കാരായി നിൽക്കാനേ കഴിയൂ. അതിനും പ്രവാസി സംഘടനാ നേതൃത്വത്തിൽ ആളുകൾ ഇഷ്ടം പോലെയാണ്. ഇവരുടെ തള്ളിക്കയറ്റമാണ് പ്രവാസി സംഘടനകളുടെ ജനാധിപത്യ ശൈലിയെ തല്ലിക്കെടുത്തുന്നത്. വിദേശത്തെ, പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ പ്രവാസി സംഘടനകളെല്ലാം നേതൃ സ്ഥാനത്തെ ചൊല്ലി കലഹത്തിലാണ്. ഇതിനു വിപരീതമായി ജനാധിപത്യ രീതിയിലൊക്കെ തെരഞ്ഞെടുപ്പു നടത്തി പ്രവർത്തിക്കുന്ന അപൂർവം സംഘടനകളുണ്ടെങ്കിലും കറങ്ങിത്തിരിഞ്ഞ് അവരെത്തുന്നതും പഴയ മുഖങ്ങളെ തന്നെ നേതൃപദവിയിൽ കുടിയിരുത്തുന്നതിലാണ്. 
കലഹം മൂക്കുമ്പോൾ സംഘടനകൾ പല പേരുകളിൽ പ്രവർത്തിക്കാൻ തുടങ്ങും. സംസ്ഥാന നേതൃത്വത്തിലെ കടൽകിഴവന്മാർ അവരുടെ ഇഷ്ടക്കാരെ പ്രോത്സാഹിപ്പിച്ച് അവരോടൊപ്പം ചേരും. തങ്ങൾക്കാണ് ശക്തിയെന്ന് തെളിയിക്കാൻ ഓരോ നേതാക്കളെ പൊക്കിക്കൊണ്ടുവന്ന് സ്വീകരണം ഒരുക്കും. സംസ്ഥാനത്തെ ബഹളങ്ങളിൽനിന്ന് ഒഴിഞ്ഞ് ഏതാനും ദിവസത്തെ സുഖവാസം. ഹാഷ്‌പോഷ് താമസം, ഇഷ്ട ഭക്ഷണം, ഇഷ്ടക്കാരുടെ ആദരവ്, സമ്മാനപ്പൊതികൾ -അങ്ങനെ എല്ലാം കൊണ്ടും സംതൃപ്തരായി അവർ മടങ്ങും. ഇക്കൂട്ടർ ഓരോ വിഭാഗത്തെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുമെന്നതിനാൽ സംസ്ഥാന നേതൃത്വത്തിന് പിന്നെ ആരെയും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ വരും. കലഹം മൂക്കുമ്പോൾ എല്ലാവരെയും കൂട്ടിയിണക്കിയെന്ന് വരുത്തി, സംഘടനക്ക് പുതിയ ഓമനപ്പേരുമെല്ലാം നൽകി പ്രവർത്തനം ഊർജിതമാക്കാൻ ശ്രമിക്കും. അപ്പോഴും നേതൃപദവി അലങ്കരിക്കുക പഴയ താപ്പാനകൾ തന്നെയാവും. ഇതിന്റെ ഫലമായി താഴെ തട്ടിൽ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പുകൾ നടന്നാലും മേലേ തട്ടിൽ വരുമ്പോൾ ജനാധിപത്യം തട്ടിത്തെറിപ്പിക്കപ്പെടും. തെരഞ്ഞെടുപ്പിന് വേദിയൊരുക്കിയാൽ അതു ഫലപ്രദമായി നടക്കാതിരിക്കുന്നതിനു സംഘർഷം സൃഷ്ടിക്കപ്പെടും. അതോടെ നാമനിർദേശം എന്ന പഴയ പല്ലവി ആവർത്തിക്കപ്പെട്ട് ഇഷ്ടക്കാരെ കുടിയിരുത്തി തെരഞ്ഞെടുപ്പ് നടത്താൻ വന്ന നേതാക്കൾ തടിതപ്പും. 
പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളായ കെ.എം.സി.സി, ഒ.ഐ.സി.സി, വിവിധ പേരുകളിലറിയപ്പെടുന്ന ഇടതു സംഘടനകൾ, എന്തിനേറെ ആൾ ബലം കുറഞ്ഞ സംഘടനകളിൽ പോലും ഈ പ്രക്രിയയാണ് കഴിഞ്ഞ കുറെ കാലമായി നടക്കുന്നത്. ബി.ജെ.പിയുടെ പോഷക സംഘടനകൾ ഗൾഫ് നാടുകളിൽ പ്രത്യക്ഷത്തിൽ കാണുക പ്രയാസമാണെങ്കിലും അന്തർധാരയിൽ അവരുടെ പ്രവർത്തനം ശക്തമാണ്. അവർക്കിടയിലും നേതൃസ്ഥാനത്തിനായുള്ള പിടിവലികൾ ഇല്ലാതില്ല. എല്ലാ സംഘടനകൾക്കും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പിന് കളമൊരുക്കാൻ സഹായിക്കുന്ന ഭരണഘടനയൊക്കെ എഴുതിവെച്ചിട്ടുണ്ട്. താഴെ തട്ടിലെ തെരഞ്ഞെടുപ്പുകളിൽ അതു പ്രകാരം കാര്യങ്ങൾ നടന്നാലും മേലേ തട്ടിൽ വരുമ്പോൾ അതു പ്രാവർത്തികമാകാതെ പോകുന്നതാണ് സംഘർഷങ്ങൾക്കും അതുവഴി സംഘടനയുടെ ബലക്ഷയത്തിനുമെല്ലാം ഇടയാക്കുന്നത്. 
അവസാനമായി ഇത്തരത്തിലുള്ള സംഘർഷം അരങ്ങേറിയത് ദുബായ് കെ.എം.സി.സിയിലാണ്. പ്രവാസി സംഘടനകൾക്കിടയിൽ കരുത്തരാണ് കെ.എം.സി.സി. മുസ്‌ലിം ലീഗിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിച്ചാൽ അധികമാവില്ല. കെ.എം.സി.സി നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾ എണ്ണമറ്റതാണ്. അതിന്റെ ഉപഭോക്താക്കളാകട്ടെ നാട്ടിലെ സാധുക്കളും. ജാതിമത, വ്യത്യാസമില്ലാതെ കെ.എം.സി.സിയുടെ സഹായം മെഡിക്കൽ കോളേജുകളും സർക്കാർ ആതുരാലയങ്ങളും കേന്ദ്രീകരിച്ച് സി.എച്ച് സെന്ററുകളിലൂടെയും മുഹമ്മദലി ശിഹാബ് തങ്ങൾ ചാരിറ്റബിൽ ട്രസ്റ്റിലൂടെയും ബൈത്തു റഹ്മയിലുടെയുമെല്ലാം എത്തിപ്പെടുന്നത് പാവപ്പെട്ടവരിൽ പാവപ്പെട്ടവരിലേക്കാണ്. അതുപോലെ ഹജ് വേളയിൽ അവർ നൽകുന്ന സേവനങ്ങൾ വിവിധ രാജ്യക്കാരിലേക്കാണ്. കുടുംബ സുരക്ഷ പദ്ധതിയിലൂടെ അംഗങ്ങളുടെ കുടുംബങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിൽ കെ.എം.സി.സിയാണ് മുന്നിൽ. പ്രവാസികളിൽ പ്രയാസം അനുഭവിക്കുന്നവരിലും സഹായം എത്തിക്കുന്നതിൽ അവർ പിന്നിലല്ല. പക്ഷേ, ഗൾഫ് രാജ്യങ്ങളിലെ മുകളിലെ തട്ടിലെ കമ്മിറ്റികൾ രൂപീകരിക്കപ്പെടുമ്പോൾ ജനാധിപത്യ രീതിയിലല്ലാതെ പോകുന്നതാണ് പലയിടത്തും സംഘർഷത്തിനിടയാക്കുന്നത്. ജിദ്ദ ഉൾപ്പെടെ പല ഭാഗത്തും ഇതുണ്ടായിട്ടുണ്ട്. ഇപ്പോൾ ദുബായിലും ഇതു സംഭവിച്ചത് മനസ്സിലാക്കിയിടത്തോളം നേതൃത്വത്തെ കെട്ടിയിറക്കിയതുകൊണ്ടാണ്. ഈ നിലപാട് സംസ്ഥാന നേതൃത്വം മാറ്റേണ്ടതുണ്ട്. ഭരണഘടനാനുസൃതമായി ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ കളമൊരുക്കുകയാണ് സംസ്ഥാന നേതൃത്വം ചെയ്യേണ്ടത്. നേതാക്കളെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇവിടെയുള്ള സാധാരണക്കാരായ പ്രവർത്തകർക്ക് വിട്ടുകൊടുക്കുക. പ്രവർത്തകരുടെ വികാരത്തിന് വിരുദ്ധമായി അവിടെ നിങ്ങൾ ഇഷ്ടക്കാരെ തിരുകിക്കയറ്റിയാൽ താൻ കുത്തിയ കുഴിയിൽ തന്നെ താൻ ചാടുന്നതിലേക്കും സംഘടന ദുർബലമാകാനുമായിരിക്കും അതിട വരുത്തുക. എല്ലാ രാഷ്ടീയ സംഘടനകളുടെയും നേതൃത്വം കുതികാൽവെട്ടിന് അവസരമൊരുക്കാതെ, മടിശ്ശീലയുടെ കനം നോക്കി സ്ഥാനമാനങ്ങൾ നൽകാതെ, പെട്ടിയെടുപ്പുകാരെ പ്രോത്സാഹിപ്പിക്കാതെ ജനാധിപത്യത്തിന് മുൻതൂക്കം നൽകി തെരഞ്ഞെടുപ്പിന് കളമൊരുക്കിയില്ലായെങ്കിൽ ഇത്തരം പൊട്ടിത്തെറികൾ ആവർത്തിക്കപ്പെടും. 

Latest News