Sorry, you need to enable JavaScript to visit this website.

കൂപ്പുകുത്തിയ ഇന്ത്യന്‍ രൂപയ്ക്ക് അടുത്ത വര്‍ഷവും കരകയറാനാവില്ല

ബംഗളൂരു- കൂപ്പുകുത്തിയ ഇന്ത്യന്‍ രൂപയ്ക്ക് അടുത്ത വര്‍ഷവും കരകയറാനാവില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. ഡോളറിനെതിരായ നഷ്ടം രൂപയ്ക്ക് അടുത്ത വര്‍ഷവുംമതിരിച്ചുപിടിക്കാനാവില്ലെന്ന് റോയിട്ടേഴ്സ് നടത്തിയ സര്‍വേയിലാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. വിദേശ നിക്ഷേപങ്ങള്‍ക്കുള്ള സര്‍ചാര്‍ജ് പിന്‍വലിച്ചത് ഇന്ത്യന്‍ രൂപയുടെ നഷ്ടപ്പെട്ട മൂല്യം തിരിച്ചുപടിക്കാന്‍ സഹായകമാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 
മെയ് അവസാനം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ രണ്ട് ശതമാനം നേട്ടമുണ്ടാക്കിയ രൂപയ്ക്ക് പിന്നീട് തളര്‍ച്ച നേരിടുകയായിരുന്നു. ജൂലൈ അഞ്ചിന് വിദേശ നിക്ഷേപത്തിന് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയപ്പോള്‍ രൂപയ്ക്ക് ആറു ശതമാനം മൂല്യം നഷ്ടപ്പെട്ടു. അന്താരാഷ്ട്ര നിക്ഷേപകരെ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ ഇത് പ്രേരിപ്പിച്ചു.

കഴിഞ്ഞ മാസം  ഉയര്‍ന്ന നികുതി പിന്‍വലിച്ചെങ്കിലും രൂപയുടെ ദൗര്‍ബല്യം മറികടക്കാന്‍ സഹായകമായില്ല. ഈ വര്‍ഷം ഇനി രൂപയ്ക്ക് മെച്ചമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍വേയോട് പ്രതികരിച്ച  60 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
ഡോളറുമായി രൂപയുടെ മൂല്യം 72.40 ആയി കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. ഈ വര്‍ഷം നേരിടുന്ന ഏറ്റവും കനത്ത തകര്‍ച്ചയാണിത്. ആറ് വര്‍ഷത്തിനിടയില്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ഏറ്റവും കുറഞ്ഞിരിക്കയാണെന്ന കണക്കുകളാണ്   രൂപയെ കൂടുതല്‍ ദുര്‍ബലമാക്കിയത്.

അടുത്ത വര്‍ഷവും ഡോളറിന് 72 രൂപ തുടരുമെന്ന് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ നാല് വരെ റോയിട്ടേഴ്സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 50 ഓളം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സര്‍ചാര്‍ജ് പിന്‍വലിക്കാനുള്ള നടപടികള്‍ ശരിയായ ദിശയിലേക്കുള്ള നടപടിയായിരുന്നെങ്കിലും വൈകിപ്പോയെന്നും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്ന് പിന്മാറുന്നത് തുടരുകയാണെന്നും   റബോബാങ്കിലെ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഹ്യൂഗോ എര്‍ക്കന്‍ പറഞ്ഞു. വളര്‍ച്ചാ നിരക്ക്  അഞ്ച് ശതമാനമായതും  ചൈന-യുഎസ് വ്യാപാരയുദ്ധവും ഇനിയും വിദേശ നിക്ഷേപകരെ അകറ്റുമെന്നാണ് കരുതുന്നത്.

 

Latest News