Sorry, you need to enable JavaScript to visit this website.

ജയില്‍ മോചിതനായി, പക്ഷേ എന്റെ വാപ്പ പോയി; ജിതേഷിന്റെ സങ്കടം

ജിതേഷ് സ്‌പോൺസർ അബ്ദുല്ല ബിൻ മുസാദ് ബിൻ ആയിദ്  അൽ ഉസൈമിയോടൊപ്പം 

ഹൗസ് ഡ്രൈവറെ ജയിൽ മോചിതനാക്കാൻ മൂന്നു ലക്ഷം റിയാൽ നൽകിയ സ്‌പോൺസർ മണിക്കൂറുകൾക്കകം ഈ ലോകത്തോട് വിട പറഞ്ഞു.

റിയാദ്- മൂന്ന് ലക്ഷത്തിലധികം റിയാൽ ദിയ പണമായി നൽകി തന്നെ ജയിൽ മോചിതനാക്കിയ വയോധികനായ സ്‌പോൺസർ മണിക്കൂറുകൾക്കകം ഈ ലോകത്തോട് വിട പറഞ്ഞ വാർത്ത കേട്ട് ജിതേഷിന് വിതുമ്പലടക്കാനാവുന്നില്ല. കാറിടിച്ച് സ്വദേശി പൗരൻ മരിക്കാനിടയായ കേസിൽ 3,17,000 റിയാൽ ദിയ നൽകുന്നതിനുള്ള രേഖകളിൽ ഒപ്പുവെച്ച് ഏതാനും മണിക്കൂറുകൾക്കകമുണ്ടായ സ്‌പോൺസറുടെ വിയോഗം കായംകുളം പുള്ളിക്കണക്ക് സ്വദേശി ജിതേഷിന് തേങ്ങലായി. 


തായിഫിൽ ഹൗസ് ഡ്രൈവറായിരുന്ന ജിതേഷും സ്‌പോൺസറും തമ്മിൽ ആത്മബന്ധമായിരുന്നു. മകനെ പോലെ സ്‌നേഹിച്ച സ്‌പോൺസറെ പിതാവിനെ പോലെ തന്നെ ജിതേഷും കരുതി.   നമസ്‌കരിക്കാൻ അംഗശുദ്ധി വരുത്തുന്നതിനും മറ്റും ജിതേഷാണ് അദ്ദേഹത്തെ സഹായിച്ചിരുന്നത്.  ജയിലിലായ സമയത്ത് മോചനത്തിനായി ദിയ പണം പിരിക്കുന്നതിന് സാമൂഹിക പ്രവർത്തകർ മുന്നിട്ടിറങ്ങിയ വാർത്ത കേട്ട സ്‌പോൺസർ അതെല്ലാം താൻ ഏറ്റെടുത്തുവെന്ന് പറഞ്ഞ് മുന്നോട്ട് വന്നു. 


വാർത്തകൾ തൽസമയം വാട്‌സ്ആപിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


ചൊവ്വാഴ്ച ഉച്ചയോടെ ഇതു സംബന്ധിച്ച രേഖകളിൽ ഒപ്പുവെച്ച സ്‌പോൺസർ വൈകുന്നേരത്തോടെ മരണപ്പെട്ടു. ജയിലിൽ നിന്നിറങ്ങി നാട്ടിലെ സുഹൃത്തായ അൻവറിന് ജിതേഷ് അയച്ച സന്ദേശം ഇങ്ങനെയായിരുന്നു: 'ഞാൻ ജയിൽ മോചിതനായി, പക്ഷേ എന്റെ വാപ്പ മരിച്ചുപോയി' താൻ ഓടിച്ച വാഹനമിടിച്ച് സ്വദേശി പൗരൻ മരിച്ചതിനെ തുടർന്ന് ആറ് വർഷമായി നാട്ടിൽ പോകാനാവാതെ ജിതേഷ് കേസും കോടതിയുമായി കഴിയുകയായിരുന്നു. അപകടത്തിൽപെട്ട വ്യക്തിയുടെ കുടുംബത്തിന് ബ്ലഡ് മണി ആയി 3,17,000 റിയാൽ ആണ് കോടതി വിധിച്ചത്. സ്‌നേഹ സമ്പന്നനായ സ്‌പോൺസർ അബ്ദുല്ല ബിൻ മുസാദ് ബിൻ ആയിദ് അൽ ഉസൈമിയുടെ ജാമ്യത്തിലായിരുന്നു ജിതേഷ്. രണ്ട് മാസം മുൻപ് സ്‌പോൺസർ അസുഖം ബാധിച്ചു കിടപ്പായതിനാൽ ജാമ്യം റദ്ദായി ജയിലിൽ പോകേണ്ടിവന്നു. 
കായംകുളം പ്രവാസി അസോസിയേഷൻ പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ മുജീബ് കായംകുളം ജിതേഷിന്റെ വിഷയത്തിൽ ഒരു വർഷമായി ഇടപെട്ട് വരികയായിരുന്നു. സ്‌പോൺസറെയും അദ്ദേഹത്തിന്റെ മക്കളെയും കഴിഞ്ഞ ആഴ്ച മുജീബ് കണ്ട് ജിതേഷിന്റെ ദയനീയാവസ്ഥ ബോധിപ്പിച്ചിരുന്നു. അപകടത്തിൽ മരണപ്പെട്ട സ്വദേശിയുടെ കുടുംബത്തെയും സന്ദർശിച്ചു. മരണപ്പെട്ടയാളുടെ ഏക മകൻ പ്രായപൂർത്തിയാകാത്തത് മാപ്പ് ലഭിക്കുന്നതിന് തടസ്സമായി. ഒടുവിൽ മുജീബ് സാമൂഹിക പ്രവർത്തകരെ ഏകോപിപ്പിച്ച് ദിയ പണം കണ്ടെത്താനുള്ള നീക്കങ്ങൾ നടത്തുകയായിരുന്നു. ഇതിനിടെയാണ് സ്‌പോൺസർ പണം നൽകാമെന്ന് അറിയിച്ചത്. 
താൻ ജയിലിലായ സമയത്ത് വീട്ടിലെ ചെലവിനുള്ള തുക സ്‌പോൺസർ അയക്കുമായിരുന്നുവെന്ന് ജിതേഷ് പറഞ്ഞു.

Latest News