കോഴിക്കോട്ട് സീറ്റുകൾ നിലനിർത്തി  എൽ.ഡി.എഫും യു.ഡി.എഫും 

കോഴിക്കോട് - ജില്ലയിലെ മൂന്നിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ സീറ്റുകൾ നിലനിർത്തി എൽ.ഡി.എഫും യു.ഡി.എഫും. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടങ്ങളിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് യു.ഡി.എഫും വിജയിച്ചു. കുന്ദംമംഗലം ബ്ലോക്കിലെ പൂവാട്ട്പറമ്പ് ഡിവിഷൻ, കോട്ടൂർ പഞ്ചായത്തിലെ 17-ാം വാർഡിലും (പടിയക്കണ്ടി), മേലടി ബ്ലോക്കിലെ തിക്കോടി ഡിവിഷൻ എന്നിവിടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ട്പറമ്പ് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 905 വോട്ടിന്റെ ലീഡ് നേടിയാണ് യു.ഡി.എഫ് സ്ഥാനാർഥി നസീബ റായി വിജയിച്ചത്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തും. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് ലോക്‌സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭരണം നിലനിർത്താൻ യു.ഡി.എഫും ഭരണം പിടിച്ചെടുക്കാൻ എൽ.ഡി.എഫും തമ്മിൽ ശക്തമായ മത്സരമായിരുന്നു നടന്നത്. എൽ.ഡി.എഫിനായി സി.ദീപയും എൻ.ഡി.എക്കായി കെ.ജയയുമാണ് മത്സരിച്ചത്. ആദ്യ മൂന്നു റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി വിജയം ഉറപ്പിച്ചിരുന്നു. 
പെരുവയൽ പഞ്ചായത്തിലെ രണ്ട്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 12, 13 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഡിവിഷൻ. ഇരു മുന്നണികൾക്കും ഒമ്പത് വീതം അംഗങ്ങളുള്ള ബ്ലോക്കിൽ ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമായിരുന്നു. 
2015ൽ എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ബുഷ്‌റ അനീസിനെ 1536 വോട്ടിനാണ് രമ്യാ ഹരിദാസ് തോൽപിച്ചത്.
കോട്ടൂർ ഗ്രാമപഞ്ചായത്ത് (പടിയക്കണ്ടി) 17-ാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. എൽ.ഡി.എഫ് സ്ഥാനാർഥി അനിത പറക്കുന്നത്ത് 255 വോട്ടിന് വിജയിച്ചു. പതിനേഴാം വാർഡിലെ സി.എൻ ഗിരിജയ്ക്ക് ജോലി ലഭിച്ചതിനെ തുടർന്നുള്ള ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 
മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി ഡി വിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.എം സുനിത എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. 700 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സീറ്റ് നിലനിർത്തിയത്.  സി.പി.എം തിക്കോടി സൗത്ത് ലോക്കലിലെ പാലൂർ ബ്രാഞ്ച് സെക്രട്ടറിയായും ജനാധിപത്യ മഹിളാ അസോസിയേഷൻ തിക്കോടി സൗത്ത് മേഖലാ പ്രസിഡണ്ടായും പ്രവർത്തിച്ചു വരികയായിരുന്നു വി.എം.സുനിത.
തിക്കോടി ഡിവിഷനിൽ അംഗമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി കൈരളിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ശാന്ത കുറ്റിയിലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി.

 

Latest News