വാഷിങ്ടണ്‍- യുട്യൂബ് വഴി കുട്ടികളുടെ വിവരം അവരുടെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ നിയമവിരുദ്ധമായി ശേഖരിക്കുകയും അത് പുറത്തു കൊടുക്കുകയും ചെയ്ത കേസില്‍ ഗൂഗ്‌ളിന് യുഎസില്‍ 170 മില്യണ്‍ (1225 കോടിയോളം രൂപ) ഡോളര്‍ പിഴയിട്ടു. കേസില്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനും ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറലുമായാണ് ഗൂഗ്ള്‍ ഒത്തുതീര്‍പ്പിലെത്തിയത്. 1998ല്‍ യുഎസില്‍ നിലവില്‍ വന്ന കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യതാ പരിരക്ഷാ നിയമ പ്രകാരം വിധിക്കുന്ന ഏറ്റവും ഉയര്‍ന്ന പിഴയാണിത്. കുട്ടികള്‍ക്കിടയിലെ യുട്യൂബിന്റെ സ്വീകാര്യത സംബന്ധിച്ച വിവരങ്ങള്‍ ഗൂഗ്ള്‍ തങ്ങളുടെ ക്ലയന്റുകളായ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയെന്നാണ് കുറ്റം. യുട്യൂബിന്റെ ഒരു ഭാഗം വ്യക്തമായും കുട്ടികളെ മാത്രം ഉന്നംവച്ചുള്ളതാണെന്ന കാര്യം സമ്മതിക്കാനും ഗൂഗ്ള്‍ തയാറായില്ല. യുട്യൂബിന്റെ നിയമലംഘനത്തിന് ഒരു ഒഴിവുകഴിവും പറയാനാവില്ലെന്നും ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ചെയര്‍മാന്‍ ജോ സിമോന്‍സ് പറഞ്ഞു.