Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അന്യായമായി ജയിലിലടച്ചതിന് ഏഴര ലക്ഷം റിയാല്‍ നഷ്ടപരിഹാരം

ജിദ്ദ- അന്യായമായി ജയിലിൽ അടച്ച സൗദി പൗരന് ഏഴര ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകുന്നതിന് ജിദ്ദ ക്രിമിനൽ കോടതി വിധിച്ചു. ക്രിമിനൽ കേസിൽ സുരക്ഷ വകുപ്പുകൾ കസ്റ്റഡിയിലെടുത്ത സൗദി പൗരൻ പന്ത്രണ്ടു മാസത്തിലേറെ ജയിലിൽ കഴിയാൻ നിർബന്ധിതനായി. കേസിൽ ഇദ്ദേഹം നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞു. ഇതോടെയാണ് നഷ്ടപരിഹാരം തേടി സൗദി പൗരൻ കോടതിയിൽ കേസ് നൽകിയത്. 
രാജ്യത്ത് കഴിയുന്ന എല്ലാവർക്കും രാഷ്ട്രം സുരക്ഷ ഒരുക്കുന്നതായും നിയമ വകുപ്പുകളുടെ അടിസ്ഥാനത്തിലല്ലാതെ ആരെയും കസ്റ്റഡിയിലെടുക്കാനോ ജയിലിൽ അടക്കാനോ പാടില്ലെന്നും വിധി പ്രസ്താവത്തിൽ ജിദ്ദ ക്രിമിനൽ കോടതി പറഞ്ഞു. 
സൗദി പൗരന്റെ വേതനത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി നഷ്ടപരിഹാരത്തുക കണക്കാക്കിയത്. നിയമാനുസൃത തൊഴിൽ സമയമായ എട്ടു മണിക്കൂർ ജോലി ചെയ്യുന്നതിന് ലഭിക്കുന്ന വേതനത്തിന്റെ മൂന്നിരട്ടിയാണ് ഒരു ദിവസത്തിനുള്ള നഷ്ടപരിഹാരമായി കോടതി കണക്കാക്കിയത്. 
ഒരു ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറുള്ളത് കണക്കിലെടുത്താണ് എട്ടു മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റുകളുടെ വേതനത്തിന് തുല്യമായ തുക നഷ്ടപരിഹാരമായി കോടതി കണക്കാക്കിയത്. നഷ്ടപരിഹാരം തേടി സൗദി പൗരൻ നൽകിയ കേസ് പരിശോധിക്കുന്നതിനുള്ള ക്രിമിനൽ കോടതിയുടെ അധികാരത്തെ ചൊല്ലി വിചാരണക്കിടെ കോടതിയിൽ തർക്കം നടന്നിരുന്നു. എന്നാൽ കേസിൽ സൗദി പൗരന്റെ നിരപരാധിത്വം സ്ഥിരീകരിച്ച് വിധി പ്രസ്താവിച്ച അതേ കോടതിക്കു തന്നെയാണ് നഷ്ടപരിഹാര കേസ് പരിശോധിക്കുന്നതിനും അധികാരമുള്ളതെന്ന് അപ്പീൽ കോടതി വിധിച്ചു. 
ക്രിമിനൽ കേസിൽ അന്യായമായി അറസ്റ്റ് ചെയ്ത് പന്ത്രണ്ടു മാസത്തിലേറെ കാലം ജയിലിലടച്ചതിനാൽ നേരിട്ട മാനസിക, സാമൂഹിക, സാമ്പത്തിക കഷ്ടനഷ്ടങ്ങൾക്കു പകരം 50 ലക്ഷം റിയാൽ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് സൗദി പൗരൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് കോടതി നിരസിക്കുകയും നഷ്ടപരിഹാരമായി ഏഴര ലക്ഷം റിയാൽ വിധിക്കുകയുമായിരുന്നു. 
ക്രിമിനൽ കേസിൽ അറസ്റ്റിലായ സൗദി പൗരനെ ബുറൈമാൻ ജയിലിലാണ് അടച്ചിരുന്നത്. താൻ നിരപരാധിയാണെന്ന് കോടതിയിൽ തെളിയിക്കുന്നതിന് സൗദി പൗരന് സാധിച്ചു. ക്രിമിനൽ കോടതിയുടെ വിധി പിന്നീട് അപ്പീൽ കോടതിയും ശരിവെച്ചു. 
അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടക്കപ്പെടുന്ന എല്ലാവർക്കും നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് സൗദി അഭിഭാഷക സുമയ്യ അൽഹിന്ദി പറഞ്ഞു. 
നിയമത്തിന്റെ പിൻബലമില്ലാതെ അറസ്റ്റ് ചെയ്യപ്പെടുകയും കസ്റ്റഡിയിലെടുക്കപ്പെടുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്യുന്നവർക്ക് തങ്ങളുടെ ജയിൽ വാസത്തിനും അറസ്റ്റിനും കാരണക്കാരായ വകുപ്പിൽ നിന്ന് നഷ്ടപരിഹാരം തേടി ബന്ധപ്പെട്ട കോടതിയിൽ കേസ് നൽകാവുന്നതാണെന്നും സുമയ്യ അൽഹിന്ദി പറഞ്ഞു. 


 

Latest News