Sorry, you need to enable JavaScript to visit this website.

പാൽ ഉൽപാദന കേന്ദ്രത്തിലേക്ക് രാസവസ്തു പാൽ; വിവാദം കനക്കുന്നു

കണ്ണൂർ-  സി.പി.എം നിയന്ത്രണത്തിലുള്ള പാൽ ഉൽപാദന കേന്ദ്രത്തിലേക്ക് വിതരണത്തിനായി തമിഴ്‌നാട്ടിൽ നിന്നും മാരക രാസവസ്തുക്കൾ കലർന്ന പാൽ കൊണ്ടുവന്ന സംഭവം വിവാദമാവുന്നു. പയ്യന്നൂർ വെള്ളൂരിലെ ജനതാ ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് കൊണ്ടുവന്ന പാലാണ് പാലക്കാട് അതിർത്തിയിൽ പിടികൂടിയത്.
ഓണ വിപണി ലക്ഷ്യമാക്കി  കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മായം കലർത്തിയ പന്ത്രണ്ടായിരം ലിറ്റർ പാലാണ് പാലക്കാട് മീനാക്ഷിപുരം ക്ഷീരവികസന വകുപ്പ് ചെക്‌പോസ്റ്റിലെ പരിശോധനയിൽ പിടിച്ചെടുത്തത്. സി.പി.എമ്മിന്റെ പയ്യന്നൂരിലെ ജനത ചാരിറ്റബിൾ സൊസൈറ്റിക്കായാണ് പൊള്ളാച്ചിയിൽനിന്നും പാൽ കൊണ്ടു
വന്നത്. രണ്ട് ഘട്ടങ്ങളായി നടത്തിയ ഗുണനിലവാര പരിശോധനയിലും പാലിൽ മായം കലർന്നിട്ടുള്ളതായി കണ്ടെത്തി. അനിയന്ത്രിതമായ അളവിൽ മാൽടോ ട്രക്‌സിൻ എന്ന പദാർത്ഥം പാലിൽ ചേർത്തിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. പാലിലെ ഖരപദാർത്ഥങ്ങളുടെ അളവ് കൂട്ടുന്നതിനാണ് മാൽടോ ട്രക്‌സിൻ ചേർക്കുന്നത്. അലർജി, ആസ്തമ, ഗ്യാസ് എന്നീ രോഗങ്ങൾക്കും പ്രമേഹം വർധിക്കുന്നതിനും മാൽടോ ട്രക്‌സിൻ കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ പാൽ കുടിച്ചാൽ ഗുരുതരമായ 
ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. കൂടുതൽ പരിശോധനക്കായി പാലിന്റെ സാമ്പിൾ തിരുവനന്തപുരത്തെ സംസ്ഥാന ഡയറി ലാബിലേക്ക് അയച്ചിട്ടുണ്ട്. പാൽ കൊണ്ടുവന്ന ടാങ്കർ ലോറി ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു.
ഓണവുമായി ബന്ധപ്പെട്ട് പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും പാലിന് വൻ ഡിമാൻഡ് ഉള്ള സാഹചര്യത്തിലാണ് സാധാരണ സംഭരിക്കുന്ന പാലിൽ വ്യാജ പാൽ കലർത്തി വിൽപന നടത്തുന്നതിന് ഇത് എത്തിച്ചതെന്നാണ് പറയുന്നത്. എന്നാൽ ജനത സൊസൈറ്റിക്ക് തമിഴ്‌നാട്ടിൽ പാൽ സംഭരണ കേന്ദ്രം ഉണ്ടെന്നും അവിടുത്തെ കർഷകരിൽ നിന്നും ശേഖരിക്കുന്ന പാലാണ് ഇവിടെ എത്തിക്കുന്നതെന്നും ഗുണമേന്മാ പരിശോധന നടത്തി മാത്രമേ ഇത് വിതരണം ചെയ്യൂവെന്നുമാണ് സൊസൈറ്റി അധികൃതരുടെ അവകാശ വാദം. എന്നാൽ വെള്ളൂരിലെ പ്ലാന്റിൽ ലാബ് സംവിധാനം നിലവിലില്ല. ഇവിടെ പാലിന്റെ കൊഴുപ്പ് പരിശോധിക്കാനുള്ള സംവിധാനം മാത്രമാണ് ഉള്ളത്. സംസ്ഥാന സർക്കാർ വിഷ രഹിത പച്ചക്കറിയും പാലും ഉൽപാദിപ്പിക്കുന്നതിന് ബഹുമുഖ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതിനിടെയാണ് സി.പി.എം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സൊസൈറ്റി, ലാഭം മാത്രം ലക്ഷ്യമിട്ട് പൊതുജനാരോഗ്യം തകർക്കുന്ന വിഷലിപ്ത പാൽ വിൽപന നടത്തുന്നതെന്നാണ് ആക്ഷേപം. സൊസൈറ്റിയുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

 

Latest News