പണം കായ്ക്കുന്ന നിക്ഷേപങ്ങളെ കുറിച്ചുള്ള മോഹന വാഗ്ദാനങ്ങളിൽ പെട്ട് വഞ്ചിതരാകുന്നവരുടെ കാലം ഇപ്പോഴും അവസാനിച്ചിട്ടില്ല. പെട്ടെന്ന് പണമുണ്ടാക്കാമെന്ന വ്യാമോഹത്തിൽ കയ്യിലുള്ള പണം തന്നെ നഷ്ടപ്പെട്ട് നാണക്കേടു മൂലം പുറത്തു പറയാൻ കഴിയാത്തവർ കൂടി ഉൾപ്പെടുന്നതാണ് നമ്മുടെ സമൂഹം. ഇത്തരക്കാരെ എളുപ്പത്തിൽ തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങി ബിസിനസ് നടത്തി നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വീഴുകയും മരണത്തിന്റെ വഴി തേടുകയും ചെയ്തവരെ കുറിച്ച് നമ്മളേറെ കേട്ടിട്ടുണ്ട്. സ്വർണ വെള്ളരി, വെള്ളിമൂങ്ങ, ഓഹരി വിപണി തുടങ്ങി വിവിധ മേഖലകളിൽ നടന്ന നിക്ഷേപത്തട്ടിപ്പുകളുടെ വാർത്തകൾ കാലങ്ങളായി കേൾക്കുന്നതാണ്. ഏറ്റവുമൊടുവിൽ മലപ്പുറം ജില്ലയിലെ ഒരു യുവാവ് നടത്തിയ ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ട കഥകൾ പുറത്തു വന്നിരിക്കുന്നു. ആ യുവാവിന്റെ മരണത്തോടെയാണ് അത് പുറംലോകമറിഞ്ഞതെന്ന് മാത്രം.
മലപ്പുറം പുലാമന്തോൾ സ്വദേശിയായ അബ്ദുൽ ഷുക്കൂർ എന്ന യുവാവ് കഴിഞ്ഞ ദിവസം ഡെറാഡൂണിൽ കൊല്ലപ്പെട്ടെന്ന വാർത്തക്കൊപ്പം പുറത്തു വന്നത് കോടികളുടെ ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. കാസർകോട് കേന്ദ്രമായി ബിസിനസ് നടത്തിയിരുന്ന ഷുക്കൂർ വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറു കോടിയിലേറെ രൂപ വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ. ഷുക്കൂറും കൂട്ടാളികളും ചേർന്ന് നടത്തിയ ഓൺലൈൻ കറൻസി ബിസിനസ് പൊളിഞ്ഞെന്നും അതോടെ അവർക്ക് കേരളം വിടേണ്ടി വന്നെന്നുമാണ് ഡെറാഡൂൺ പോലീസ് വിശദീകരിച്ചിട്ടുള്ളത്. ഡെറാഡൂണിൽ വെച്ച് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് ഷുക്കൂറിനെ കുറിച്ച് അവിശ്വാസമുണ്ടാകുകയും മർദിച്ച് കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പോലീസ് ഭാഷ്യം.
ഈ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരാനുണ്ട്. ഷുക്കൂറും സംഘവും മലബാർ മേഖലയിൽ രഹസ്യമായി വലിയൊരു ബിസിനസ് നെറ്റ്‌വർക്ക് സ്ഥാപിച്ചിരുന്നതായും അതുവഴി ആയിരക്കണിക്കിന് പേരിൽനിന്ന് പണം നിക്ഷേപമായി സ്വീകരിച്ചതായും വിവരങ്ങളുണ്ട്. കുറെ നാളുകളായി ഷുക്കൂറിനെ തേടി നിക്ഷേപകർ പുലാമന്തോളിലെ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഏതാനും നിക്ഷേപകർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഷുക്കൂറിന്റെ കൈവശമുണ്ടായിരുന്ന പണം എവിടെയെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. തന്റെ ബിറ്റ്‌കോയിൻ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും പണം നഷ്ടപ്പെട്ടതായുമായാണ് ഇയാൾ തന്റെ കൂട്ടാളികളോട് പറഞ്ഞിരുന്നത്. എന്നാൽ ഇത് വിശ്വസിക്കാൻ കൂട്ടാളികൾ തയാറാകാതിരുന്നതാണ് ഷുക്കൂറിന്റെ മരണത്തിലേക്ക് നയിച്ചത്.
എളുപ്പത്തിൽ ലാഭമുണ്ടാക്കുന്ന വിദ്യകളിലേക്ക് വേഗത്തിൽ ആകർഷിക്കപ്പെട്ട് നിക്ഷേപകർ വഞ്ചിതരാകുന്ന സംഭവ പരമ്പരയിലെ അവസാനത്തേതാണിത്. നേരത്തെ പല പ്രദേശങ്ങളിലും വിവിധ തരത്തിലുള്ള നിക്ഷേപത്തട്ടിപ്പുകളുടെ കഥകൾ പുറത്തു വന്നതാണ്. ബിസിനസ് സംരംഭങ്ങളിൽ ഷെയറുകൾ വാഗ്ദാനം ചെയ്തും സ്വർണ വെള്ളരി, വെള്ളിമൂങ്ങ തുടങ്ങിയവയുടെ പേരിലും നടന്ന തട്ടിപ്പുകൾ നാം മറന്നിട്ടില്ല. ഷെയർ മാർക്കറ്റിൽനിന്ന് പണം വാരാമെന്ന് തെറ്റിദ്ധരിപ്പിച്ച് പലരിൽ നിന്നായി നിക്ഷേപം വാങ്ങി മുങ്ങിയവരും നിരവധി. ഇത്തരം തട്ടിപ്പുകളിൽ നിന്നൊന്നും പഠമുൾക്കൊള്ളാൻ പലരും തയാറാകുന്നില്ലതാണ് ആവർത്തിച്ചുണ്ടാകുന്ന സംഭവങ്ങൾ തെളിയിക്കുന്നത്.
യാഥാർഥ്യവുമായി ബന്ധമില്ലാത്ത തരത്തിലുള്ള ബിസിനസ് മോഡലുകൾ, ലാഭ വിഹിതം എന്നിവയാണ് ഇത്തരം തട്ടിപ്പുകളുടെ പൊതുസ്വഭാവം. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ലാഭക്കണക്കുകളാണ് ഇത്തരം ബിസിനസുകൾക്ക് നേതൃത്വം നൽകുന്നവർ പലപ്പോഴും മുന്നോട്ടു വെക്കുന്നത്. അവരുടെ വാക്ചാതുരി കൊണ്ടും കണക്കിൽ കാണാത്ത പണം കയ്യിലുള്ളതു കൊണ്ടുമൊക്കെയാണ് പലരും ഈ ബിസിനസിൽ പങ്കാളികളാകുന്നത്. ബിസിനസിൽ പ്രതീക്ഷിച്ച വളർച്ച ഉണ്ടാകാതെ വരുമ്പോഴോ, വാഗ്ദാനം ചെയ്ത ലാഭം നൽകാൻ കഴിയാതെ വരുമ്പോഴോ ആണ് ബിസിനസിന് നേതൃത്വം നൽകുന്നവർ മുങ്ങുന്നതും നിക്ഷേപകർക്ക് പണം നഷ്ടപ്പെടുന്നതും.
ഒരു കാലത്ത് മലബാർ മേഖലയിൽ ഏറെ സജീവമായിരുന്ന ഒന്നാണ് ഓഹരി വിപണിയിലേക്കുള്ള സ്വകാര്യ നിക്ഷേപങ്ങൾ. ഓഹരി വിപണി പണം കായ്ക്കുന്ന മരമാണെന്നും വലിയ ലാഭമാണ് ലഭിക്കുന്നതെന്നും വിശ്വസിപ്പിച്ച് പണം നിക്ഷേപമായി വാങ്ങി ബിസിനസ് നടത്തിയിരുന്ന ഒട്ടേറെ പേർ ഈ മേഖലയിലുണ്ടായിരുന്നു. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടത്തിനും കൂടി സാധ്യതയുള്ളതാണെന്ന കാര്യം മറച്ചുവെച്ചാണ് പലരും നിക്ഷേപം സ്വീകരിച്ചു പോന്നത്. പിരിച്ചെടുത്ത പണം കൊണ്ട് വിപണിയിൽ ഇടപാടുകൾ നടത്തിയെങ്കിലും ഭൂരിഭാഗം പേർക്കും വലിയ നഷ്ടമാണ് സംഭവിച്ചത്. അതോടെ പണം വാങ്ങിയവർ നാട്ടിൽ നിന്ന് മുങ്ങുകയും ചെയ്തു.
മലപ്പുറം നഗരത്തിലെ ഒരു പ്രമുഖ തുണി വ്യാപാര സ്ഥാപനത്തിന്റെ പ്രധാന നടത്തിപ്പുകാരൻ ആത്മഹത്യ ചെയ്തത് വർഷങ്ങൾക്ക് മുമ്പാണ്. ജനങ്ങളിൽ നിന്ന് വാങ്ങിയ നിക്ഷേപങ്ങളിൽ ലാഭമോ മുതലോ തിരിച്ചു നൽകാനാകാതെ വന്നതോടെയായിരുന്നു ആ വ്യാപാരി ജീവനൊടുക്കിയത്. കണക്കിൽ കവിഞ്ഞ നിക്ഷേപം കയ്യിലെത്തിയതോടെ ഇതര മേഖലകളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിച്ചതും അതിൽ നഷ്ടമുണ്ടായതുമാണ് ആ ദുരന്തത്തിന് കാരണമെന്ന് പറയുന്നു.
യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത പല കാര്യങ്ങളിലും പണം മുടക്കാൻ ജനങ്ങൾ തയാറാകുന്നുവെന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. സ്വർണ വെള്ളരി തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ മലപ്പുറം ജില്ലയിലുണ്ട്. അന്ധവിശ്വാസത്തിന്റെ മേമ്പൊടിയുമായി നടന്നിരുന്ന ഈ ബിസിനസിൽ പണം നഷ്ടപ്പെട്ട പലരും നാണക്കേട് കാരണം നഷ്ടം പുറത്തു പറഞ്ഞിരുന്നില്ല. ഏതോ പുരാതന തറവാട്ടിൽനിന്ന് നിധി കിട്ടിയ സ്വർണം കൊണ്ടുണ്ടാക്കിയ വെള്ളരി കുറഞ്ഞ വിലക്കെന്ന് പറഞ്ഞ് വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായിരുന്നു ഈ രീതി. സ്വർണമാണെന്ന് കരുതി പണം നൽകിയ വാങ്ങിയത് ചെമ്പോ ഇരുമ്പോ ആണെന്നറിയുമ്പോഴാണ് പണം നഷ്ടപ്പെട്ടതു തന്നെ അറിയുന്നത്. ആഫ്രിക്കൻ നാടുകളിലും മറ്റും ആഭിചാര ക്രിയകൾക്ക് ഉപയോഗിക്കുന്നതെന്ന് പ്രചരിപ്പിച്ച് വെള്ളിമൂങ്ങകളുടെ കച്ചവടത്തട്ടിപ്പും അരങ്ങേറുന്നത് നമ്മുടെ നാട്ടിൽ തന്നെയാണ്.
ബിറ്റ്‌കോയിൻ ഇടപാട് സാധാരണക്കാരന് അത്ര വേഗത്തിൽ ദഹിക്കുന്ന ഒന്നല്ല. ലോകത്താകമാനം വിവിധ രാജ്യങ്ങളുടെ കറൻസികളുടെയും നാണയങ്ങളുടെയും വ്യാപാരം സജീവമാണെങ്കിലും ഇന്റർനെറ്റ് കറൻസിയായ ബിറ്റ്‌കോയിൻ ഇടപാട് നടത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ലോകത്ത് നിർമിക്കപ്പെട്ട ബിറ്റ്‌കോയിനുകളുടെ എണ്ണം പരിമിതമാണെന്നും അതിനാൽ വൻതോതിൽ ലാഭസാധ്യതയുള്ള ഇടപാടാണിതെന്നും വിശ്വസിച്ചാണ് ഈ രംഗത്ത് പലരും സജീവമാകുന്നത്. ബിറ്റ്‌കോയിൻ ബിസിനസിന് മറ്റുള്ളവരുടെ പണം ഉപയോഗപ്പെടുത്തുകയും അതിൽനിന്ന് ലാഭമുണ്ടാക്കുമെന്ന പ്രതീക്ഷ പുലർത്തുകയുമാണ് കൊല്ലപ്പെട്ട അബ്ദുൽ ഷുക്കൂറും കൂട്ടാളികളും ചെയ്തത്. ഇന്റർനെറ്റിൽ പ്രത്യേക പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കി സൂക്ഷിക്കുന്ന ബിറ്റ്‌കോയിനുകൾ മറ്റുള്ളവർക്ക് കണ്ടെത്താനാകില്ല. അതേസമയം ഈ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടാൽ യഥാർഥ ഉടമയുടെ നിക്ഷേപങ്ങൾ നഷ്ടമാകും. ഷുക്കൂറിന്റെ വെളിപ്പെടുത്തൽ പ്രകാരം അയാളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ നിക്ഷേപിച്ച അഞ്ഞൂറിലേറെ കോടി രൂപയും നഷ്ടപ്പെട്ടിട്ടുണ്ടാകാം. മറിച്ച്, കൂട്ടാളികൾ സംശയിക്കുന്നതു പോലെ പാസ്‌വേഡ് മറച്ചുവെക്കപ്പെട്ടതാണെങ്കിൽ പണം മറ്റാർക്കുമറിയാതെ സൂക്ഷിക്കപ്പെട്ടിട്ടുണ്ടാകും. വരുംനാളുകളിൽ പോലീസ് അന്വേഷണത്തിലൂടെയാണ് അതെല്ലാം തെളിയേണ്ടത്.
സാമ്പത്തിക രംഗത്തെ തട്ടിപ്പുകളെ കുറിച്ചും റിസ്‌കുകളെ കുറിച്ചും ജനങ്ങളിൽ ഇനിയും അവബോധമുണ്ടാകേണ്ടതുണ്ട്. അധ്വാനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന് പരിധികളുണ്ടെന്നും ഊഹക്കച്ചവടങ്ങൾക്ക് നഷ്ടസാധ്യതകളുണ്ടെന്നതും സാമാന്യ തത്വമാണ്. ഈ തത്വം വിസ്മരിച്ച് ലാഭത്തിന് പിന്നാലെ ഇറങ്ങിത്തിരിക്കുന്നവർക്ക് മുന്നിലുള്ള പുതിയ പാഠമാണ് അബ്ദുൽ ഷുക്കൂറിന്റെ ബിറ്റ്‌കോയിൻ ബിസിനസ്. നിരവധി പേർക്ക് പണം നഷ്ടപ്പെടാനുള്ള വഴിയൊരുങ്ങി എന്നതിനൊപ്പം ഒരു യുവാവിന്റെ ജീവൻ തന്നെ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. പണം വാരാനുള്ള എളുപ്പവഴികളെ കുറിച്ച് ചിന്തിക്കുന്നവർ നിക്ഷേപത്തിനിറങ്ങും മുമ്പ് ഈ പാഠഭാഗം വായിക്കേണ്ടതുണ്ട്.