പുതിയ നിയമ പ്രകാരം ഭീകര വ്യക്തികളെ പ്രഖ്യാപിച്ചു; മസൂദ് അസ്ഹര്‍, ഹാഫിസ് സഈദ്, ദാവൂദ് ഇബ്രാഹിം പട്ടികയില്‍

ന്യൂദല്‍ഹി- പുതിയ ഭീകര വിരുദ്ധ നിയമ പ്രകാരം ഭീകര വ്യക്തികളുടെ ആദ്യ പട്ടിക ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, ലഷ്‌കറെ ത്വയ്ബ സ്ഥാപകന്‍ ഹാഫിസ് സഈദ്, 1993-ലെ മുംബൈ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണക്കേസ് പ്രതി സകീഉര്‍ റഹ്മാന്‍ ലഖ്‌വി എന്നിവരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഭീകര വ്യക്തികളായി പ്രഖ്യാപിച്ചത്. ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ യുഎപിഎ നിയമം ഭേദഗതി ചെയ്ത വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള വകുപ്പ് കൂട്ടിച്ചേര്‍ത്ത ശേഷം ആദ്യമായാണ് സര്‍ക്കാര്‍ വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നത്. ഭേദഗതി ചെയ്ത യുഎപിഎ പ്രകാരം ഭീകരബന്ധം സംശയിക്കുന്ന വ്യക്തികളെ കേന്ദ്ര സര്‍ക്കാരിന് ഭീകരരായി പ്രഖ്യാപിക്കാം. നേരത്തെ സംഘടനകളെ മാത്രമെ ഭീകരരായി പ്രഖ്യാപിക്കാന്‍ വകുപ്പുണ്ടായിരുന്നുള്ളൂ. ഭീകരവാദ തുടച്ചു നീക്കുന്നതിനാണ് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നതെന്ന് ഈ നിയമ ഭേഗഗതി ചര്‍ച്ചയ്ക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

യുഎന്‍ ഒരു വ്യക്തിയെ ആഗോള ഭീകര വ്യക്തിയായി പ്രഖ്യാപിച്ചാല്‍ യാത്രാ വിലക്ക്, ആസ്തി മരവിപ്പിക്കല്‍, ആയുധ ഇടപാട് വിലക്ക് അടക്കമുള്ള ഉപരോധങ്ങളും വ്യക്തിക്കെതിരെ നിലവില്‍ വരും. എന്നാല്‍ ഇന്ത്യയില്‍ ഇതു സംബന്ധിച്ചൊന്നും യുഎപിഎ നിയമത്തില്‍ വ്യക്തമാക്കുന്നില്ല.
 

Latest News