ജയില്‍ സുഖവാസത്തിന് ശശികല രണ്ടു കോടി രൂപ കൈക്കൂലി നല്‍കി

ബംഗളൂരു-പരപ്പന അഗ്രഹാര ജയിലില്‍ സ്വകാര്യ അടുക്കള ഉള്‍പ്പെടെയുള്ള വി.ഐ.പി സൗകര്യങ്ങള്‍ ലഭിക്കാന്‍ അണ്ണാ ഡി.എം.കെ നേതാവ് വി.കെ. ശശികല ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയെന്ന് റിപ്പോര്‍ട്ട്. 59 കാരിയായ ശശികലക്ക് ജയിലിലെ വനിതാ സെല്ലില്‍ രാജകീയ സൗകര്യങ്ങളാണ് ലഭിച്ചത്.
കര്‍ണാടക ജയില്‍ ഡി.ഐ.ജി രൂപ ഡി മൗഡ്ഗില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് തന്റെ മേധാവിയും ജയില്‍ ഡി.ജി.പിയുമായ എച്ച്.എന്‍. സത്യനാരായണ റാവു തമിഴ്‌നാട് നേതാക്കളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണമുള്ളത്.
ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ശശികലക്കായി പ്രത്യേക അടുക്കള ഒരുക്കിയതായി ഈ മാസം പത്തിനു നടത്തിയ പരിശോധനയില്‍ ഡി.ഐ.ജി കണ്ടെത്തിയിരുന്നു.
പോലീസ് ഐ.ജിക്കും ആഭ്യന്തര സെക്രട്ടറിക്കും അഴിമതി നിരോധന ബ്യൂറോക്കും രൂപ റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി സിദ്ദാരാമയ്യ അറിയിച്ചു.
ജയിലിലെ ക്രമക്കേടുകള്‍ ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നും ഉന്നത തല അന്വേഷണത്തിനുശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ആരോപണങ്ങള്‍ നിഷേധിച്ച റാവു ഡി.ഐ.ജി രൂപ തികഞ്ഞ ധിക്കാരമാണ്  കാണിച്ചിരിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

Latest News