'നെറ്റ്ഫ്‌ളിക്‌സ് ഹിന്ദുഭീതിയും ഇന്ത്യാ വിരുദ്ധതയും പരത്തുന്നു'; ശിവസേനാ നേതാവ് പരാതി നല്‍കി

മുംബൈ- യുഎസ് ഓണ്‍ലൈന്‍ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്‌ളിക്‌സ് വിവിധ വെബ് സീരീസുകളിലൂടെ കടുത്ത ഹിന്ദുഭീതിയും ഇന്ത്യാ വിരുദ്ധതയും പ്രചരിപ്പിക്കുന്നുവെന്ന് പോലീസില്‍ പരാതി. ശിവസേനാ ഐടി സെല്‍ നോതാവ് രമേശ് സോളങ്കിയാണ് മുംബൈയിലെ എല്‍ടി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സേക്രഡ് ഗെയിംസ്, ലൈല, ഘൗള്‍ എന്നീ സീരീസുകളാണ് തെളിവായി പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്. കൊമേഡിയന്‍ ഹസന്‍ മിന്‍ഹാജിന്റെ ഷോയിലൂടെ ഹിന്ദുക്കളേയും ഇന്ത്യയേയും ആഗോള തലത്തില്‍ മോശമായി ചിത്രീകരിക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ഏതാണ്ട് എല്ലാ സീരീസുകളും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളവയാണെന്ന് സോളങ്കി പരാതിയില്‍ പറയുന്നു. പരാതിയില്‍ സൂചിപ്പിച്ച കണ്ടന്റുകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വേണ്ടി വന്നാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതിന് നെറ്റ്ഫ്‌ളിക്‌സിനെതിരെ നിയമ നടപടി എടുക്കണമെന്നും പരാതിയില്‍ പോലീസിനോട് ആവശ്യപ്പെടുന്നു. പരാതിയുടെ പകര്‍പ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മുംബൈ പോലീസ് കമ്മീഷണര്‍ക്കും അയച്ചിട്ടുണ്ട്.

Latest News