Sorry, you need to enable JavaScript to visit this website.

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു

തിരുവനന്തപുരം- സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. പതിനൊന്ന് വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചു. നാലിടത്ത് എൽ.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും ജയിച്ചു. പത്ത് ജില്ലകളിലെ വാർഡുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂർ ഡിവിഷനിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് വോട്ടെടുപ്പ് നടന്നത്.തിരുവനന്തപുരം കാരോട് പഞ്ചായത്തിലെ കാന്തല്ലൂർ വാർഡാണ് സി.പി.എമ്മിൽനിന്ന് ബി.ജെ.പി പിടിച്ചെടുത്തത്. കാസർകോട് ബേഡകത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി സരസ്വതി 399 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 
ബേഡകം പഞ്ചായത്തിലെ നാലാം വാർഡിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. കവിതയായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി. കഴിഞ്ഞ തവണയും എൽ.ഡി.എഫ് വിജയിച്ച വാർഡാണിത്. എൽ.ഡി.എഫിന്റെ കൃപാജ്യോതി സർക്കാർ ജോലി കിട്ടി രാജിവെച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
പാലക്കാട് ജില്ലയിലെ ആറ് വാർഡുകളിൽ നാലിടത്ത് എൽ.ഡി.എഫ് ജയിച്ചു. രണ്ട് വാർഡുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. പാലക്കാട് നഗരസഭയിലെ 17ാം വാർഡും ഷൊർണൂർ നഗരസഭയിലെ 17ാം വാർഡും യു.ഡി.എഫ് നിലനിർത്തി. ഷൊർണൂർ നഗരസഭയിലെ 17ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ആർ പ്രവീൺ വിജയിച്ചു. എം.പിയായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിലെ വി.കെ ശ്രീകണ്ഠൻ രാജിവെച്ച ഒഴിവിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്.പല്ലശന മഠത്തിൽക്കളം ആറാം വാർഡ് യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. യശോദയാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി എ. സുനിലിനെയാണ് പരാജയപ്പെട്ടത്. യു.ഡി.എഫ് അംഗം മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

തെങ്കര പഞ്ചായത്തിലെ 12ാം വാർഡ് സ്വതന്ത്രനിൽ നിന്നും എൽ.ഡി.എഫ്. പിടിച്ചെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച് ഷാനോബാണ് ഇവിടെ ജയിച്ചത്. സ്വതന്ത്രനായിരുന്ന സി.എച്ച് മുഹമ്മദ് മരിച്ചതിനെ തുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. മുഹമ്മദിന്റെ മകനാണ് ഷാനോബ്. അബ്ദുൽ റഷീദാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
സിറ്റിംഗ് സീറ്റായ നെല്ലിയാമ്പതിയിലെ പുലയമ്പാറയിലെ ഒന്നാം വാർഡിലും എൽ.ഡി.എഫ് വിജയിച്ചു. പട്ടിക വർഗ സംവരണ വാർഡാണിത്. വി. മീനയാണ്  ജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽ.ഡി.എഫിലെ ജിൻസി സർക്കാർ സർവീസിൽ പ്രവേശിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പൂങ്കോട്ട് കാവ് പഞ്ചായത്തിലെ 12ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രതിമോൾ വിജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൽ.ഡി.എഫിലെ പി.സിജി സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് മെമ്പർ സ്ഥാനം രാജിവെച്ചത്. ബി.ജെ.പിക്കും യു.ഡി.എഫിനും ഇവിടെ സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. സ്വതന്ത്ര അംഗം പി.പി മാലതിയായിരുന്നു ഇവിടെ എതിർ സ്ഥാനാർത്ഥി. പാലക്കാട് നഗരസഭയിലെ 17ാം വാർഡ് യു.ഡി.എഫിന്റെ റിസ്്‌വാനയാണ് വിജയിച്ചത്. യു.ഡി.എഫ് കൗൺസിലറായ എ.എം ഫാസില സർക്കാർ ജോലി ലഭിച്ച് പോയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Latest News