ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെ കല്ലേറ്; അപലപിച്ച് മേയര്‍

ലണ്ടന്‍-ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്നില്‍ പാക്കിസ്ഥാനികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു.കശ്മീര്‍ വിഷയത്തിലായിരുന്നു പ്രതിഷേധം.

ഓഗസ്റ്റ് 15-നും സമാനമായ പ്രതിഷേധം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ നടന്നിരുന്നു. പ്രതിഷേധക്കാര്‍ ഓഫീസ് പരിസരത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അക്രമാസക്തമായ പ്രതിഷേധത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അപലപിച്ചു. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത പെരുമാറ്റത്തെ അപലപിക്കുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖ് ഖാന്‍ ട്വിറ്ററില്‍ അറിയിച്ചു.
അക്രമത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 15-ന് നടന്ന പ്രതിഷേധത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോഡി ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം.

 

Latest News