Sorry, you need to enable JavaScript to visit this website.

ശിവകുമാറിന്റെ അറസ്റ്റ്; കർണാടകയിൽ ബുധനാഴ്ച ഹർത്താൽ, സംസ്ഥാനത്ത് അക്രമം പടരുന്നു

ബംഗളൂരു- കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ കർണ്ണാടകയിൽ സംസ്ഥാന വ്യപാക ഹർത്താൽ നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. എൻഫോഴ്‌സ്‌മെന്റ് വകുപ്പിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്നും ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കോൺഗ്രസ് വ്യക്തമാക്കി. കർണാടക കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ പുത്തൂരാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താൻ കർണാടക പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ടുവും ആഹ്വാനം ചെയ്തിരുന്നു. 
ഡി.കെ ശിവകുമാറിന്റെ അറസ്റ്റിനെ തുടർന്ന് കർണാടകയിൽ അക്രമം തുടരുകയാണ്. സതാനൂരിൽ അഞ്ച് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ശിവകുമാറിന്റെ ജന്മസ്ഥലമാണിത്. രാമനഗര, കനകപുര, എന്നിവടങ്ങളിലും ബസുകൾക്ക് നേരെ കല്ലേറ് നടന്നു. സഹചര്യം നിരീക്ഷിച്ചുവരികയാണെന്നും ബസ് സർവീസുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്ന് കർണാടക ആർ.ടി.സി അറിയിച്ചു. മൈസൂർ, മാണ്ഡ്യ, ചാമരാജ് നഗർ, ബെംഗളൂരു എന്നിവടങ്ങളിൽ മുന്നറിയിപ്പ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ശിവകുമാറിനെ ആറു മാസം മുമ്പ് തന്നെ വേട്ടയാടാൻ തുടങ്ങിയിട്ടുണ്ടെന്നും ഇതേവരെ ഒരു കൃത്രിമവും അദ്ദേഹം നടത്തിയിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി ദേവഗൗഡ അഭിപ്രായപ്പെട്ടു. ശിവകുമാറിന്റെ അറസ്റ്റ് സന്തോഷം നൽകുന്ന കാര്യമല്ലെന്നും അദ്ദേഹം ഇതിൽനിന്ന് മോചിതനാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നുമായിരുന്നു മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ പ്രസ്താവന. 

Latest News