Sorry, you need to enable JavaScript to visit this website.

ബിറ്റ്‌കോയിൻ ഷുക്കൂർ  കൊലക്കേസ്: ഗൂഢാലോചന അന്വേഷിക്കണം -ആക്ഷൻ കൗൺസിൽ

മലപ്പുറം- പുലാമന്തോൾ സ്വദേശി അബ്ദുൽ ഷുക്കൂറിനെ വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയവർ മലയാളികളായതിനാൽ സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ചു കേരളാ പോലീസ് അന്വേഷിക്കണമെന്നു കുടുംബവും നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട അബ്ദുൽ ഷുക്കൂറിനെ വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ആധാർ കാർഡുൾപ്പടെ രേഖകൾ സഹിതം വീട്ടിലെ സി.സി.ടി.വിയും സംഘം എടുത്തുമാറ്റി. തട്ടിക്കൊണ്ടുപോയ അതേ കാറിൽ തന്നെയാണ് ഡെറാഡൂണിലെ ആശുപത്രിയിൽ ഷുക്കൂറിനെ എത്തിച്ചതെന്നും കുടുംബം പറയുന്നു. മരിച്ച ഷുക്കൂറിന്റെ ഇടതു ചൂണ്ടുവിരൽ മുറിച്ചിരുന്നു. കൊലപാതകത്തിന്റെ മുമ്പോ ശേഷമോ ഷുക്കൂറിന്റെ വിരലുപയോഗിച്ചു വിരലടയാളം എടുത്തതായാണ് കരുതുന്നത്. ഒരുവർഷമായി ബിസിനസ് സംബന്ധമായ കാര്യത്തിൽ മകനെ കൊല്ലുമെന്നു ഭീഷണിയുണ്ടായിരുന്നതായും മാതാവ് എം.പി.സക്കീന ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ജൂലൈ 12 നാണ് ഷുക്കൂറിനെ ഒരു സംഘം വീട്ടിൽ നിന്നു ഇറക്കികൊണ്ടുപോയത്. ഷുക്കൂർ മുഖേന തീർക്കേണ്ട ചില ഇടപാടുകളുണ്ടെന്നും അതു തീർക്കണമെങ്കിൽ കൂടെ വരണമെന്നും അല്ലെങ്കിൽ എല്ലാ ബാധ്യതകളും ഷുക്കൂർ ഏൽക്കേണ്ടി വരുമെന്നുമാണ് തട്ടിക്കൊണ്ടുപോയവർ പറഞ്ഞത്. പരാതി കൊടുത്താൽ മകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനാലാണ് കേസ് കൊടുക്കാതിരുന്നതെന്ന് മാതാവ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഒരുവർഷത്തോളമായി പലരുടെയും ഭീഷണിയുണ്ടായിരുന്നു. പലപ്പോഴും അനുവാദം കൂടാതെ പലരും വീട്ടിൽ വന്നു താമസിക്കുകയും പണമിടപാട് സംബന്ധിച്ചു പ്രശ്‌നങ്ങളുന്നയിക്കുകയും ചെയ്തിരുന്നുവത്രെ. ബിസിനസുമായി ബന്ധപ്പെട്ട രേഖകൾ, കംപ്യൂട്ടർ, മൊബൈൽ ഫോൺ, പെൻഡ്രൈവ് എന്നിവയും കൊണ്ടുപോയി. ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും രജിസ്‌ട്രേഷൻ ഓഫീസുകളിൽ പല രേഖകളിലും ഒപ്പുവപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും കുടുംബം പറയുന്നു. തട്ടിക്കൊണ്ടുപോയ കാറിന്റെ ഫോട്ടോ, സംഘാംഗങ്ങളുടെ ഫോട്ടോ എന്നിവയും പരാതിയോടൊപ്പം കൈമാറിയിട്ടുണ്ട്. കൊലപാതകം നടന്ന ഡെറാഡൂൺ പോലീസാണ് സംഭവത്തിൽ കേസെടുത്തത്. അഞ്ചുപേരെ ഇതിനകം അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെ പിടികൂടാനുണ്ട്. എന്നാൽ പുലാമന്തോളിലെ വീട്ടിൽ നിന്ന് ഷുക്കൂറിനെ കൊണ്ടുപോയവർ മലയാളികളാണ്. ഇതിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചു സംസ്ഥാന പോലീസ് അന്വേഷിക്കണമെന്നു കുടുംബവും നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലും ആവശ്യപ്പെട്ടു. രാഷ്ട്രീയ, ബിസിനസ് മേഖലകളിലെ നിരവധി പേർ ബിറ്റ്‌കോയിൻ ഇടപാടിൽ ചേർന്നിട്ടുണ്ട്. ഇവരെ ക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരേണ്ടതുണ്ട്. വാർത്താ സമ്മേളനത്തിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.മുഹമ്മദ് ഹനീഫ, എം.പി.അൻസാർ, പി.കെ.ഖാലിദ്, കെ.ഷിബു, പി.മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.

Latest News