Sorry, you need to enable JavaScript to visit this website.

രണ്ടാം വരവിലും ലക്ഷ്യം സഫലമായില്ല; സ്വപ്നങ്ങൾ ബാക്കിയാക്കി ബിജു നാട്ടിലേക്ക് മടങ്ങി 

ദമാം- വൃദ്ധരായ മാതാപിതാക്കൾക്കും കുടുംബത്തിനും താമസിക്കുവാൻ ഒരു വീടൊരുക്കുക എന്ന സ്വപ്നവുമായി രണ്ടാം തവണയും പ്രവാസ ജീവിതം തെരഞ്ഞെടുത്ത എറണാകുളം കടമറ്റം സ്വദേശി ബിജു ഉണ്ണികൃഷ്ണൻ (37) മോഹങ്ങളും സ്വപ്നങ്ങളും ബാക്കിവെച്ചു സുഹൃത്തുക്കളുടെ സഹായത്താൽ സ്‌ട്രെച്ചറിൽ നാട്ടിലേക്ക് മടങ്ങി. അഞ്ചു വർഷത്തെ അബഹയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയ ബിരുദധാരി കൂടിയായ ബിജു വീണ്ടും ദമാമിലെ അൽ ഹസ്സയിലെത്തിയത് കുടുംബത്തിന് സുരക്ഷിതമായി താമസിക്കുവാൻ ഒരു വീട് നിർമിക്കുക എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിനായിരുന്നു. പക്ഷേ, വിധി എല്ലാ മോഹങ്ങളും തകിടം മറിച്ചു.
അൽ ഹസ്സയിലെ ഒരു കാർപ്പെന്ററി വർക്‌ഷോപ്പിൽ ഇലക്ട്രീഷ്യനായി ജോലി നോക്കിയിരുന്ന ബിജുവിന്റെ കഴുത്തിൽ ജോലിക്കിടയിൽ കട്ടിയേറിയ പ്ലൈവുഡ് വന്നു പതിച്ചതിനെത്തുടർന്ന് ബോധരഹിതനായ ബിജുവിനെ സ്‌പോൺസറും സഹപ്രവർത്തകരും ചേർന്ന് ഹുഫൂഫിലെ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്ലൈവുഡ് വീണ ആഘാതത്തിൽ ശരീരത്തിന്റെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു. കൈകാലുകൾ അനക്കുവാൻ പോലും കഴിയാതെ 45 ദിവസമായി ആശുപത്രി കിടക്കയിൽ കഴിഞ്ഞിരുന്ന ബിജുവിനെ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കുവാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും നാട്ടിൽ എത്തിച്ചാൽ കൂടുതൽ ഫലപ്രദമായ ചികിത്സ ലഭിക്കുമെന്നതിനാൽ നാട്ടിലേക്ക് പോകണമെന്ന് അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു.      
ഒന്നര മാസത്തെ ചികിത്സക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി. ചൊവ്വാഴ്ച വൈകുന്നേരത്തെ ശ്രീലങ്കൻ എയർ വിമാനത്തിൽ ബിജു ഉണ്ണികൃഷ്ണനെ ദമാമിൽ നിന്നും കൊച്ചിയിലെത്തിച്ചു. മെഡിക്കൽ സഹായം ആവശ്യമുള്ളതിനാൽ ബദർ അൽറാബി മെഡിക്കൽ സെന്ററിൽ നിന്നും നേഴ്‌സിംഗ് സ്റ്റാഫായ ആനി പോൾ കൂടെ കൊച്ചിയിലേക്ക് പോയി. വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ തുടർ ചികിത്സകൾ നടത്തും.
വൃദ്ധരായ മാതാപിതാക്കളും ഭാര്യയും നാലുവയസ്സുകാരൻ മകനും സഹോദരനും സഹോദരിയുമടങ്ങുന്ന നിർധന കുടുംബത്തിന് ഭാരിച്ച ചികിത്സാ ചിലവുകളും തുർന്നുള്ള ജീവിതവും ഒരു വലിയ ചോദ്യമായി മുന്നിൽ നിൽക്കുകയാണ്. അസുഖം പൂർണമായും ഭേദമായി ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് ഈ യുവാവ്. നാട്ടിലേക്കുള്ള യാത്രക്കുള്ള ഭാരിച്ച ടിക്കറ്റ് ചിലവിനാവിശ്യമായ തുക സുഹൃത്തുക്കളാണ് സമാഹരിച്ചു നൽകിയത്. യാത്രാ രേഖകളും മറ്റു നടപടി ക്രമങ്ങളും പൂർത്തിയാക്കുന്നതിനുവേണ്ടി സാമൂഹിക പ്രവർത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. നാസ് വക്കം, വിക്രമൻ നാരായണൻ, ഹനീഫ മൂവാറ്റുപുഴ, ചന്ദ്രബാബു, ആനി പോൾ എന്നിവരുടെ സഹായത്തോടെയാണ് ബിജുവിനെ നാട്ടിലെത്തിച്ചത്. നിലവിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും കാര്യമായ സാമ്പത്തിക സഹായങ്ങളൊന്നും തന്നെ ഈ യുവാവിന് ലഭിച്ചിട്ടില്ല. പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയമായിരുന്ന ബിജുവിന്റെ തുടർചികിത്സക്കും ജീവിതത്തിനും പ്രവാസ സമൂഹത്തിന്റെ പിന്തുണയും സഹായവും ആവശ്യമാണ്. ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന ഉറച്ച വിശ്വാസത്തോടെ സഹായിച്ച എല്ലാവരോടും നന്ദിയറിയിക്കുന്നതായി ബിജു പറഞ്ഞു.


 

Latest News