റിയാദ്- തൊഴിലാളികൾക്ക് അവധി ശമ്പളം നൽകേണ്ടത് മുൻകൂട്ടിയാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. കൊല്ലത്തിൽ 21 ദിവസത്തിൽ കുറയാത്ത വാർഷിക ലീവിന് തൊഴിലാളികൾക്ക് അവകാശമുണ്ട്. തുടർച്ചയായി അഞ്ചു വർഷം സേവനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് വർഷത്തിൽ 30 ദിവസത്തിൽ കുറയാത്ത വാർഷിക ലീവിന് അവകാശമുണ്ട്. വേതനത്തോടു കൂടിയ വാർഷിക ലീവാണ് തൊഴിലാളികൾക്ക് നൽകേണ്ടത്. ലീവ് സാലറി വാർഷിക അവധി പ്രയോജനപ്പെടുത്തുന്നതിനു മുമ്പായി കൈമാറിയിരിക്കണം.
തൊഴിൽ ഉപേക്ഷിക്കുകയാണെങ്കിലും സർവീസ് കാലത്തിന് അനുസൃതമായി അർഹമായ വാർഷിക ലീവ് ദിവസങ്ങൾക്കുള്ള വേതനം ലഭിക്കുന്നതിന് തൊഴിലാളിക്ക് അവകാശമുണ്ട്. ഭാര്യ, ഭർത്താവ്, മാതാപിതാക്കൾ, മക്കൾ എന്നിവരിൽപെട്ട ആരെങ്കിലും മരണപ്പെടുമ്പോൾ തൊഴിലാളിക്ക് പൂർണ വേതനത്തോടെ അഞ്ചു ദിവസത്തെ അവധിക്ക് അവകാശമുണ്ട്. വിവാഹത്തിനും ഇതേപോലെ പൂർണ വേതനത്തോടെ അഞ്ചു ദിവസത്തെ അവധിക്ക് അവകാശമുണ്ട്. മക്കൾ പിറക്കുമ്പോൾ പുരുഷ തൊഴിലാളികൾക്ക് മൂന്നു ദിവസത്തെ അവധിക്ക് അവകാശമുണ്ട്.
സർവീസ് കാലത്തിൽ ഒരിക്കൽ ഹജ് നിർവഹിക്കുന്നതിന് ബലി പെരുന്നാൾ അവധി ഉൾപ്പെടെ പത്തു ദിവസത്തിൽ കുറയുകയോ പതിനഞ്ചു ദിവസത്തിൽ കൂടുകയോ ചെയ്യാത്ത നിലക്ക് വേതനത്തോടെയുള്ള അവധി ലഭിക്കുന്നതിന് തൊഴിലാളിക്ക് അവകാശമുണ്ട്. മുമ്പ് ഹജ് നിർവഹിച്ചിട്ടില്ലാത്ത തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ വേതനത്തോടെയുള്ള ഹജ് അവധി ലഭിക്കുന്നതിന് തൊഴിലാളികൾ ചുരുങ്ങിയത് തുടർച്ചയായി രണ്ടു വർഷമെങ്കിലും തൊഴിലുടമയുടെ അടുക്കൽ ജോലി ചെയ്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
തൊഴിലുടമയുടെ സമ്മതത്തോടെ തൊഴിലാളിക്ക് വേതനരഹിത അവധി ഉപയോഗപ്പെടുത്താവുന്നതാണ്. രോഗികളായ തൊഴിലാളികൾക്ക് ഒരു വർഷത്തിൽ ആദ്യത്തെ മുപ്പതു ദിവസം വേതനത്തോടെ രോഗാവധി പ്രയോജനപ്പെടുത്തുന്നതിന് അവകാശമുണ്ട്. തുടർന്നുള്ള അറുപതു ദിവസം നാലിൽ മൂന്ന് വേതനത്തോടെ രോഗാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനു ശേഷമുള്ള മുപ്പതു ദിവസം വേതനമില്ലാതെയും രോഗാവധി എടുക്കാവുന്നതാണ്. രോഗാവധികൾ തുടർച്ചയായോ അല്ലാതെയോ പ്രയോജനപ്പെടുത്താവുന്നതാണെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.