Sorry, you need to enable JavaScript to visit this website.

ദമാം ജയിലിൽ 250 ഓളം ഇന്ത്യക്കാർ; മദ്യക്കേസിൽ മലയാളികളുടെ എണ്ണം കൂടുന്നു

ദമാം- ദമാം സെൻട്രൽ ജയിലിൽ 250 ഓളം ഇന്ത്യക്കാർ തടവുകാരായി കഴിയുന്നു. ഇതിൽ അധികപേരും മലയാളികളാണ്. മദ്യക്കടത്തും നിർമാണവും വിൽപനയും നടത്തിയതിന് പിടിയിലായവരാണ് ഇവരിലേറെയും. 200 മുതൽ 250 വരെ ഇന്ത്യൻ തടവുകാർ സ്ഥിരമായി ദമാം ജയിലിലുണ്ടാകാറുണ്ട്. കേസുകൾ പൂർത്തിയായി നിരവധി തടവുകാർ നാടണയുന്നുണ്ടെങ്കിലും ഒഴിവ് വരുന്നതനുസരിച്ച് വീണ്ടും തടവുകാർ വന്നുകൊണ്ടിരിക്കുന്നു. സൗദി രാജാവിന്റെ പൊതുമാപ്പിനെ തുടർന്ന് നൂറോളം തടവുകാർക്ക് ദമാം ജയിലിൽ നിന്നും മോചനം ലഭിച്ചിരുന്നു. ഈ കുറവ് വന്നത് ഒരു മാസംകൊണ്ട് നികത്തി പഴയ നിലയിലെത്തുകയായിരുന്നു. മുൻപുണ്ടായിരുന്ന ഖത്തീഫ്, തുഖ്ബ ജയിലുകളിലെ തടവുകാരെയെല്ലാം ഇപ്പോൾ ദമാം ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. നിലവിൽ ദമാം കേന്ദ്രീകരിച്ച് ഏക ജയിൽ സംവിധാനമാണ് നിലവിലുള്ളത്.
മയക്കു മരുന്ന്. കൊലപാതകം തുടങ്ങിയ കേസുകളിലുൾപ്പെട്ട് തടവിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്. മലയാളികൾ മാത്രം ഉൾപ്പെടുന്ന മദ്യ നിർമാണം, വിൽപന, മദ്യക്കടത്തു കേസുകളിലകപ്പെട്ട നിരവധി തടവുകാരാണ് നാടണയാൻ കഴിയാതെ വർഷങ്ങളായി കാത്തിരിക്കുന്നത്. നിരവധി മദ്യ നിർമാണ കേന്ദ്രങ്ങളാണ് ഇതിനകം ദാമാമിലും പരിസര പ്രദേശങ്ങളിലുമായി പിടിക്കപ്പെട്ടത്. ഇതിന്റെ നടത്തിപ്പുകാർ മലയാളികളാണെങ്കിലും ഇതിലെ ജോലിക്കാർ നേപ്പാൾ, ശ്രീലങ്കൻ സ്വദേശികളായ വനിതകളായിരിക്കും. ശ്രീലങ്കയിൽ നിന്നുള്ളവരിൽ അധികപേരും വീടുകളിൽ നിന്നും ചാടി വരുന്ന വീട്ടു ജോലിക്കാരുമായിരിക്കും. വിൽപനയുമായി ബന്ധപ്പെട്ട് പിടിയിലായ നിരവധിപേരും ദമാം ജയിലിൽ കഴിയുന്നുണ്ട്. ഇവർക്കു  ആറ് മാസത്തെ ജയിൽ ശിക്ഷയും ചാട്ടയടിയും കഴിഞ്ഞാൽ നാട്ടിലേക്കു മടങ്ങാൻ കഴിയും.
ബഹ്‌റൈനിൽ നിന്നും യു.എ.ഇയിൽ നിന്നും മദ്യം കടത്തിയതിന്റെ പേരിൽ ജയിലിലായവരിൽ കൂടുതൽ പേരും മലയാളികളാണ്. ഇതിനായി വമ്പൻ റാക്കറ്റുകൾ ദമാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. റെന്റ് എ കാറിന്റെ മറവിലാണ് ഈ ജോലിക്കായി നിരവധി ഡ്രൈവർമാരെ ഇവിടെ എത്തിച്ചു ജോലി ചെയ്യിക്കുന്നത്. പല നിരപരാധികളും ഇതിൽ കുടുങ്ങുന്നുണ്ടെങ്കിലും ഈ ജോലി തെരെഞ്ഞുടുക്കുന്ന ഡ്രൈവർമാർ കൂടുതൽ പേരും ഇതറിഞ്ഞു കൊണ്ട് തന്നെയാണ് ഇതിൽ ഏർപ്പെടുന്നത്. ബഹ്‌റൈനിലേക്ക് യാത്രക്കാരെ കൊണ്ട് പോകുമെങ്കിലും തിരിച്ചു വരുമ്പോൾ വാഹനം അജ്ഞാത കേന്ദ്രത്തിൽ കൊണ്ട് പോയി പെട്ടന്നൊന്നും കണ്ടെത്താൻ കഴിയാത്ത രൂപത്തിൽ മദ്യക്കുപ്പികൾ ഒളിപ്പിച്ചു വെച്ചാണ് സൗദിയിലേക്ക് മടങ്ങുന്നത്. ഭാഗ്യം കൊണ്ട് പല തവണ പിടിക്കപ്പെടാതെ രക്ഷപ്പെട്ടവർ ഒരിക്കൽ പിടിക്കപ്പെടുമ്പോഴാണ് ഈ റാക്കറ്റിന്റെ ചതിയുടെ ചുരുളഴിയുന്നത്. ഡ്രൈവർമാർ ഓടിക്കുന്ന വാഹനം സ്വന്തം പേരിലായിരിക്കും വിവിധ റെന്റ് എ കാർ കമ്പനികളിൽ നിന്നും എടുത്തിരിക്കുക. മദ്യം പിടിക്കുന്നതോടെ ഈ കമ്പനികൾ വാഹനം റിലീസ് ചെയ്തു കൊണ്ട് പോകുമെങ്കിലും തടവുകാരന്റെ ശിക്ഷാ കാലവധി കഴിയുമ്പോഴേക്കും റെന്റ് എ കാർ കമ്പനികൾ ഇത്രയും കാലത്തെ കുടിശ്ശികയും വെച്ച് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടാവകും. തുടർന്നും കേസിൽ കുടുങ്ങി ഇവർക്ക് നാടണയാൻ സാധിക്കാതെ വരും. പിന്നീട് അടുത്ത പൊതുമാപ്പ് വരെയോ അതല്ലെങ്കിൽ സാമ്പത്തിക പ്രശ്‌നമായതിനാൽ റമദാനിലെ സക്കാതിന്റെയോ മാർഗത്തിൽ സഹൃദയന്റെ സാമ്പത്തിക സഹായം വരുന്നത് വരെ ജയിലിൽ കഴിയേണ്ടി വരും. ഈ തുക കെട്ടി വെച്ചാൽ മാത്രമേ ജയിൽ മോചിതനായി നാട്ടിലേക്ക് തിരിച്ചു പോകാനാകൂ. ഇത് പോലുള്ള നിരവധിയാളുകളാണ് മദ്യക്കടത് കേസ് കഴിഞ്ഞും സാമ്പത്തിക ബാധ്യത തീർക്കാനാവാതെ ജയിലിനകത്ത് തന്നെ കഴിഞ്ഞു കൂടുന്നത്. കണ്ണൂർ സ്വദേശി ഇതിനു സമാനമായി മൂന്നു കൊല്ലം കഴിഞ്ഞാണ് കഴിഞ്ഞ ദിവസം നാടണഞ്ഞത്. മദ്യക്കടത്ത് കേസ് ആയതിനാൽ പല ആളുകളും സാമ്പത്തികമായി സഹായിക്കാൻ തയ്യാറാവില്ല. ഇവരുടെ ധാർമിക നിലപാടും ഇക്കൂട്ടർക്ക് ജയിൽ മോചനത്തിന് തടസ്സമാകുന്നുണ്ട്. 
നിരവധി കുടുംബങ്ങളും മദ്യക്കടത്തിന്റെയും  വിൽപനയുടെയും പേരിൽ പിടിക്കപ്പടുന്നുണ്ട്. അൽകോബാർ തുഖ്ബയിൽ തൃശൂർ സ്വദേശി ഭാര്യയേയും മക്കളെയും കൂട്ടിയാണ് മദ്യവിൽപന നടത്തിയിരുന്നത്. രഹസ്യ പോലീസുകാർ പല തവണ പിന്തുടർന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. പിടികൂടുന്ന സമയം ഭാഗ്യത്തിന് കുടുംബം കൂടെയുണ്ടായിരുന്നില്ല. മദ്യത്തിന്റെ വൻ ശേഖരമാണ് ഇയാളുടെ വാഹനത്തിൽ നിന്നും താമസ സ്ഥലത്ത് നിന്നുമായി കണ്ടെടുത്തത്. സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് കുടുംബത്തെ എക്‌സിറ്റ് അടിച്ച് കഴിഞ്ഞ ദിവസം നാട്ടിലേക്കയച്ചു. ബഹ്‌റൈനിൽ നിന്നും സൗദിയിലേക്ക് മദ്യം കടതുന്നതിന് കുടുംബങ്ങളെ ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. ബഹ്‌റൈനിൽ കുടുംബമായി കഴിഞ്ഞിരുന്ന കൊച്ചി സ്വദേശികളെ രണ്ടു മാസം മുമ്പാണ് മുന്നൂറിൽ പരം മദ്യകുപ്പികളുമായി ബഹ്റൈൻ കോസ്‌വെ കസ്റ്റംസ് അധികൃതർ പിടികൂടിയത്. ഭാര്യയും മക്കളുമായി വന്നാൽ പരിശോധനയിൽ ഇളവു ലഭിക്കുമെന്ന തെറ്റായ ധാരണയാണ് ഇവരെ ഈ സാഹസത്തിനു പ്രേരിപ്പിക്കുന്നത്. 


 

Latest News