റിയാദ് - തീ ആളിപ്പടർന്ന കാർ സ്വന്തം ജീവനും വിലപിടിച്ച കാറിന് നേരിട്ടേക്കാവുന്ന കേടുപാടുകളും നോക്കാതെ അതിസാഹസികമായി തള്ളി നീക്കി സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാരുടെ ജീവനും മറ്റു വാഹനങ്ങളും രക്ഷിച്ച സൗദി യുവാവിന് പുതിയ കാർ സമ്മാനം.
തീ ആളിപ്പടർന്നു പിടിച്ച കാർ യുവാവ് സ്വന്തം കാർ ഉപയോഗിച്ച് തള്ളിനീക്കുന്നതിന്റെ ദൃശ്യങ്ങൾ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. പത്രങ്ങളും ചാനലുകളും വാർത്തയാക്കി. ഇതോടെയാണ് ഉദാരമതികളിൽ ഒരാൾ യുവാവിന് പുതിയ കാർ സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചത്.
സൗദി വ്യവസായി ഫർഹാൻ അൽനായിഫ് അൽഫൈസൽ അൽജർബയാണ് യുവാവിന് പുതിയ കാർ സമ്മാനമായി പ്രഖ്യാപിച്ചത്. റോട്ടാന ഖലീജിയ ചാനൽ അധികൃതരെ ബന്ധപ്പെട്ടാണ് യുവാവിന് കാർ സമ്മാനമായി നൽകാനുള്ള തീരുമാനം ഫർഹാൻ അൽനായിഫ് അൽഫൈസൽ അൽജർബ അറിയിച്ചത്.
സൗദി യുവാവിന്റെ കാറിലുണ്ടായ കേടുകൾ റിപ്പയർ ചെയ്യുന്നതിനുള്ള മുഴുവൻ ചെലവും വഹിക്കുമെന്ന് സൗദി വ്യവസായി തുർക്കി ബിൻ അബ്ദുല്ല അൽയഹ്‌യയും പറഞ്ഞു. ഉത്തര റിയാദിലെ സനാഇയ്യയിൽ എത്തിച്ച് റിപ്പയർ ജോലികൾ നടത്തി കാർ പൂർവ സ്ഥിതിയിലാക്കുന്നതിനുള്ള പൂർണ സന്നദ്ധത അൽയഹ്‌യ ഹോൾഡിംഗ് കമ്പനി സി.ഇ.ഒ കൂടിയായ തുർക്കി അൽയഹ്‌യ അറിയിച്ചു.
അയൽവാസിയുടെ വീടിനോട് ചേർന്ന് നിർത്തിയിട്ട കാറിൽ തീ ആളിപ്പടരുന്നത് കണ്ട സൗദി യുവാവ് സ്വന്തം കാർ ഉപയോഗിച്ച് അഗ്നിഗോളമായി മാറിയ കാർ കെട്ടിടത്തിനു മുന്നിൽനിന്ന് സാഹസികമായി തള്ളിനീക്കുകയായിരുന്നു. സ്വന്തം കാർ പല തവണ മുന്നോട്ടെടുത്തും പിന്നോട്ടെടുത്തുമാണ് യുവാവ് തീപ്പിടിച്ച കാർ തള്ളിനീക്കിയത്. ഇതിനിടെ യുവാവിന്റെ കാറിന്റെ മുൻവശത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ എത്തിയാണ് കാറിലെ തീ പിന്നീട് അണച്ചത്.
പ്രദേശവാസികളുടെ ജീവൻ രക്ഷിച്ച യുവാവിനെ ആദരിക്കണമെന്നും രക്ഷാശ്രമത്തിനിടെ കേടുവന്ന കാറിന് നഷ്ടപരിഹാരം നൽകണമെന്നും സാമൂഹിക മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്.
ഇലക്ട്രിക്കൽ എൻജിനീയറായ മൻസൂർ അൽശബീബിയാണ് വീഡിയോ ചിത്രീകരിച്ചത്. തീ പടർന്നുപിടിച്ച കാറിനോട് ചേർന്നുള്ള മതിലിന്റെ പിൻവശത്ത് പാചക വാതക ടാങ്ക് ഉണ്ടായിരുന്നു. ഇതിലേക്ക് തീ പടർന്നുപിടിച്ചിരുന്നെങ്കിൽ ഉഗ്രസ്‌ഫോടനവും വൻ ദുരന്തവും സംഭവിക്കുമായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയാണ് സൗദി യുവാവ് തീ ആളിപ്പടർന്ന കാർ തള്ളിനീക്കിയതെന്ന് എൻജിനീയർ മൻസൂർ അൽശബീബി പറഞ്ഞു.