Sorry, you need to enable JavaScript to visit this website.

ചെയർമാനായി തന്നെ അംഗീകരിക്കാത്തയാൾക്ക് ചിഹ്നം അനുവദിക്കാനാകില്ല- പി.ജെ ജോസഫ്

പാലാ- പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നം അനുവദിക്കാനാകില്ലെന്ന നിലപാടിൽ പി.ജെ ജോസഫ്. ജോസ് ടോം തന്നോട് ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്നും കേരള കോൺഗ്രസ് എം ചെയർമാനായി തന്നെ അംഗീകരിക്കാത്ത ഒരാൾക്ക് താൻ എന്തിനാണ് ചിഹ്നം അനുവദിക്കുന്നതെന്നും പി.ജെ ജോസഫ് ചോദിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ മാണിയാണെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ പറയുന്നതെങ്കിൽ പിന്നെന്തിനാണ് തന്നോട് ചിഹ്നം ചോദിക്കുന്നത്. ജോസ് ടോം യു.ഡി.എഫിന്റെ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. പാർട്ടിയുടെ ആളായിട്ടല്ല' ജോസഫ് പറഞ്ഞു. പാലായിൽ കേരള കോൺഗ്രസിന് സ്ഥാനാർത്ഥിയില്ലെന്നും യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം മത്സരിക്കുന്നതെന്നും ജോസ് ടോമിന്റെ നാമനിർദേശ പട്ടികയിൽ ഒപ്പ് വെക്കില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. യു.ഡി.എഫ് കൺവീനറുടെ ആവശ്യപ്രകാരം സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നം അനുവദിക്കണമെങ്കിൽ കേരള പി.ജെ. ജോസഫിന്റെ കത്ത് വേണമെന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറം മീണ നിർദേശിച്ചിരുന്നു.കത്ത് നൽകിയില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അതിനിടെ, കേരളാ കോൺഗ്രസ് (എം)ന്റെ രണ്ടില ചിഹ്നം അനുവദിക്കാനുള്ള അവകാശം പി.ജെ ജോസഫിനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതോടെ പാലായിൽ  സ്വതന്ത്ര ചിഹ്നത്തിൽ മൽസരിക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്്. കെ.എം മാണി നയിച്ച കേരള കോൺഗ്രസിന്റെ ചിഹ്നമായിരുന്നു രണ്ടില. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഈ ചിഹ്നത്തിലാണ് കേരള കോൺഗ്രസ് എം തെരഞ്ഞെടുപ്പിൽ മത്സരിച്ചത്്. കെ.എം മാണിയുടെ നിര്യാണ ശേഷം പാലായിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജോസ് കെ മാണി പക്ഷത്തിന് രണ്ടില നഷ്ടമാകുമെന്നാണ് സൂചനകൾ.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയോടെ നിലവിൽ കേരള കോൺഗ്രസിന്റെ നിയന്ത്രണം ജോസഫിലാണെന്ന വാദം അംഗീകരിപ്പെടുകയായിരിക്കുമെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടികാണിക്കുന്നു.

രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെങ്കിലും ജോസ് ടോം സ്വതന്ത്രനായി മൽസരിക്കുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് അവരുടെ നീക്കങ്ങൾ. ചിഹ്നമനുവദിക്കേണ്ടത്  നിലവിൽ ചെയർമാന്റെ അധികാരമുള്ള പി.ജെ ജോസഫാണ്. സ്ഥാനാർത്ഥിക്ക് ചിഹ്നമനുവദിക്കാൻ പി.ജെ ജോസഫിന് മേൽ യു.ഡി.എഫ് നേതൃത്വം സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ജോസ് വിഭാഗം സ്വതന്ത്ര ചിഹ്നത്തിൽ മൽസരിക്കണമെന്ന നിലപാടിലെത്തിയിട്ടുണ്ട്. സ്വതന്ത്ര ചിഹ്നത്തിൽ ജയിച്ചു വന്നാലും കേരളാ കോൺഗ്രസ് (എം) നിയമസഭാകക്ഷിയുടെ ഭാഗമായി നിൽക്കാൻ ജോസ് ടോമിന് കഴിയും. കെ.എം മാണിയുടെയും പാർട്ടിയുടെയും പരമ്പരാഗത തിരഞ്ഞെടുപ്പ് ചിഹ്നം താൽക്കാലികമായെങ്കിലും ഉപേക്ഷിക്കുന്നതിനോട് പാർട്ടിയിലെ ഒരു വിഭാഗത്തിന് വിയോജിപ്പുണ്ട്. 

അതേസമയം യു.ഡി.എഫ്  സമ്മർദ്ദ ഫലമായി ജോസഫ് ചിഹ്നമനുവദിച്ചാൽ തന്നെ പിന്നീടാരെങ്കിലും ഇത് ചോദ്യം ചെയ്ത് കോടതിയെയോ തെരഞ്ഞെടുപ്പ് കമ്മീഷനെയോ സമീപിച്ചാൽ കുരുക്കാകുമെന്ന് ജോസ് വിഭാഗത്തിന് ആശങ്കയുണ്ട്. കൂടാതെ ചിഹ്നത്തിന് വേണ്ടി ജോസഫിന്റെ നേതൃത്വം അംഗീകരിക്കണമെന്ന ഉപാധി അംഗീക്കുന്നതിനോടും ജോസ് വിഭാഗത്തിന് താൽപര്യമില്ല. നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നടക്കുന്നത് വരെ ചിഹ്നത്തിന്റെ കാര്യത്തിൽ സമയമുണ്ട്. കെ.എം മാണി തന്നെയാണ് ചിഹ്നമെന്നും പാർട്ടി ചിഹ്നം ആവശ്യമില്ലെന്ന തരത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജോസ് ടോം പറഞ്ഞത് ജോസഫിനെ ചൊടിപ്പിച്ചിരുന്നു. സ്ഥാനാർത്ഥിക്ക് ആവശ്യമില്ലെങ്കിൽ ചിഹ്നം നൽകുന്ന പ്രശ്‌നമുദിക്കില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം.
 

Latest News