Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുമെന്ന് പാക്കിസ്ഥാന്‍

ലാഹോര്‍- ഇന്ത്യയില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന സിഖ് തീര്‍ത്ഥാടകര്‍ക്ക് മള്‍ട്ടിപ്പ്ള്‍, ഓണ്‍ അറൈവല്‍ വിസകള്‍ അനുവദിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പ്രഖ്യാപിച്ചു. വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിന് പുറമെ എയര്‍പോര്‍ട്ടില്‍ വിസയും നല്‍കും. മള്‍ട്ടിപ്പ്ള്‍ വിസകള്‍ അനുവദിക്കുമെന്ന് തീര്‍ത്ഥാടകര്‍ക്ക് ഉറപ്പു തരുന്നു. ഇത് നമ്മുടെ ഉത്തരവാദിത്തമാണ്,' സിഖ് തീര്‍ത്ഥാടകരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞതായി ദി ന്യൂസ് ഇന്റര്‍നാഷണല്‍ റിപോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാനിലേക്ക് വരുന്ന വിദേശികളായ ടൂറിസ്റ്റുകളും തീര്‍ത്ഥാടകരും പ്രയാസങ്ങള്‍ നേരിടുന്നതായി തന്റെ സര്‍ക്കാരിന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിസ നയങ്ങള്‍ സര്‍ക്കാര്‍ മാറ്റിയെങ്കിലും തടസ്സങ്ങളുണ്ടാക്കുന്ന മനസ്ഥിതി പതിയെ മാത്രമെ ഇല്ലാതാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഖ് മതസ്ഥാപകന്‍ ഗുരു നാനക് ദേവിന്റെ 550ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചാബ് പ്രവിശ്യയിലെ കര്‍ത്തര്‍പൂരിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകരുടെ ഒഴുക്കാണ്. നവംബറിലാണ് ഗുരു നാനക്കിന്റെ ജന്മവാര്‍ഷികം. ഗുരു നാനക് തന്റെ അവസാന കാലം ചെലവിട്ടത് കത്തര്‍പൂരിലാണ്.
 

Latest News