വ്യോമ സേനയ്ക്ക് കരുത്തായി എട്ട് പുതിയ അപ്പാഷെ ഹെലികോപ്റ്ററുകള്‍ കൂടി

ന്യൂദല്‍ഹി- അമേരിക്കന്‍ നിര്‍മിത എട്ട് പുതിയ അപ്പാഷെ ആക്രമണ ഹെലികോപ്റ്ററുകള്‍ കൂടി ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമായി. പത്താന്‍കോട്ട് വ്യോമ സേനാ താവളത്തിലാണ് അപ്പാഷെ എഎച്ച്-64ഇ കോപ്റ്ററുകള്‍ ഉള്ളത്. ലോകത്തെ ഏറ്റവും അത്യാധുനികമായ വിവിധോദ്ദേശ യുദ്ധ കോപ്റ്ററാണിത്. വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ ചടങ്ങില്‍ മുഖ്യാതിഥിയായി. കോപ്റ്ററുകളെ സേനയില്‍ ചേര്‍ക്കുന്നതിനു മുന്നോടിയായി നടന്ന പൂജാ ചടങ്ങുകള്‍ക്ക് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ ആര്‍ നമ്പ്യാര്‍ നേതൃത്വം നല്‍കി.

അപ്പാഷെ സൈനിക കോപ്റ്ററുകള്‍ ഉപയോഗിക്കുന്ന 14ാമത് രാജ്യമാണ് ഇന്ത്യ. 22 അപാഷെ കോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ആദ്യ ഘട്ടമായി നാലു കോപിറ്ററുകള്‍ ജൂലൈയില്‍ സേനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ടാം ഘട്ടമായാണ് എട്ടു കോപ്റ്ററുകള്‍ ചൊവ്വാഴ്ച സേനയില്‍ ഉള്‍പ്പെടുത്തിയത്. ഇതുവരെ ഇന്ത്യ ഉപയോഗിച്ചു വരുന്ന പോര്‍ ഹെലികോപ്റ്ററുകളെക്കാള്‍ പ്രഹര ശേഷിയും കരുത്തുമുള്ളവയാണ് അപ്പാഷെ. യുഎസ് ആര്‍മിയും ഉപയോഗിക്കുന്നത് ഇവയാണ്. യുഎസ് വിമാന നിര്‍മ്മാണ കമ്പനിയായ ബോയിങ് ആണ് അപ്പാഷെ നിര്‍മിക്കുന്നത്.
 

Latest News